ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലുടനീളം നിരീക്ഷണം ശക്തമാക്കി ആരോഗ്യ മന്ത്രാലയം. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ചില യാത്രക്കാരെ രോഗലക്ഷണങ്ങളെ തുടർന്ന് മാറ്റിപ്പാർപ്പിക്കുകയും പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാൽ, അടുത്തിടെ റിപ്പോർട്ട് ചെയ്ത സംശയാസ്പദമായ എല്ലാ കേസുകളുടെയും പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് എബോള പടർന്നുപിടിക്കുമെന്ന ആശങ്കകൾക്ക് താൽക്കാലിക ശമനമായിട്ടുണ്ട്.
ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ എബോള പടരുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ തന്നെ കടുത്ത ജാഗ്രത പുലർത്തുന്നതിനിടയിലാണ് ഇന്ത്യൻ ആരോഗ്യ അധികൃതരും വിദേശത്തുനിന്ന്, പ്രത്യേകിച്ച് രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങിയത്.
ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിൽ, എബോള ബാധിച്ച ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ മൂന്ന് പേരെ മുൻകരുതൽ നടപടിയുടെ ഭാഗമായി ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. എബോള പടരുന്ന രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഇവരെ ആരോഗ്യ ഉദ്യോഗസ്ഥർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ശ്യാം ബിഹാരി ജയ്‌സ്വാൾ വ്യക്തമാക്കി.
ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതോടൊപ്പം ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും അധികൃതർ നിരീക്ഷിക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് ആർക്കും തന്നെ എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും, ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റൈൻ വെറും പ്രതിരോധ നടപടി മാത്രമാണെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
