ലോകം വിശ്വാസിനെ ഭാഗ്യവാൻ എന്നു വിശേഷിപ്പിച്ചു! അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഏക യാത്രക്കാരനാണ് വിശ്വാസ് കുമാർ രമേഷ്.
ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ 242 പേരുണ്ടായിരുന്ന വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ് കത്തിച്ചാമ്പലായപ്പോൾ അടിയന്തര വാതിലിന് സമീപമുള്ള 11 എ സീറ്റിലായിരുന്ന വിശ്വാസ് കുമാർ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടപ്പോൾ ലോകമെങ്ങും അവനെ ഭാഗ്യവാൻ എന്നു വിളിച്ചു. എന്നാൽ വിശ്വാസിന് ആ ആഘാതത്തിൽ ഇന്നും ഇപ്പോഴും മുക്തി നേടാനായില്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെയാണ് വിശ്വാസ് കുമാർ ഓരോദിവസവും തള്ളിനീക്കുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ദുരന്തത്തിനുശേഷം വൈകാരികമായി തകർന്ന നിലയിലായിരുന്നു അദ്ദേഹം. ഉറക്കത്തിനിടെ അർധരാത്രി വിശ്വാസ് ഞെട്ടിയുണരുന്നത് പതിവാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയുന്നു.
ഞെട്ടിയുണർന്നാൽ പിന്നെ വീണ്ടും ഉറങ്ങുകയെന്നത് വിശ്വാസിന് ദുഷ്‌കരമാണെന്നും ബന്ധുക്കളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടിഷ് പൗരത്വമുള്ള ഇന്ത്യൻ വംശജനായ വിശ്വാസിനൊപ്പം അന്നത്തെ യാത്രയിൽ സഹോദരൻ അജയ്‌യും ഉണ്ടായിരുന്നു. അപകടത്തിൽ അജയ് മരിച്ചു. വിമാനാപകടത്തിന്റെ നടുക്കുന്ന ഓർമകളും സഹോദരന്റെ മരണവും വിശ്വാസിനെ ആകെ തളർത്തിയിരിക്കുകയാണ്.
'വിദേശത്തുള്ള ബന്ധുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ വിശ്വാസിന്റെ കാര്യങ്ങള്‍ ചോദിച്ച് വിളിക്കാറുണ്ട്. എന്നാല്‍ അവന്‍ ആരോടും ഒന്നും സംസാരിക്കാറില്ല. വിമാനാപകടവും ഒപ്പമുണ്ടായിരുന്ന സഹോദരന്റെ മരണവും ഉണ്ടാക്കിയ മാനസികാഘാതത്തെ അവന്‍ ഇതുവരെ അതിജീവിച്ചിട്ടില്ല.' എന്ന് ബന്ധു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്