ഷിംല: ഹിമാചൽ പ്രദേശിൽ ആശങ്കയായി തുടർച്ചയായ ഭൂചലനങ്ങൾന്നു. വെള്ളിയാഴ്ച രാത്രി മുതൽ വിവിധ മേഖലകളിലായി നാല് ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശവാസികൾക്കിടയിൽ ആശങ്ക നിലനിൽക്കുകയാണ്.
ഇന്നലെ രാത്രി 10.04 ഓടെ റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഏറ്റവും ശക്തമായത്. തുടർന്ന് അർധരാത്രിയിലും ശനിയാഴ്ച രാവിലെയും നേരിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. തുടർച്ചയായ പ്രകമ്പനങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ധർമശാലയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള കാംഗ്ര–ചമ്പ അതിർത്തിയിലെ ധർ ഗോദോയ് പ്രദേശത്തെയാണ് പ്രധാന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായി കണ്ടെത്തിയത്. ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവസ്ഥാനം. ധർമശാല, ഷിംല, ചമ്പ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി അറിയിച്ചു.
കാംഗ്രയും ചമ്പയും ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഭൂകമ്പസാധ്യതയുള്ള 'സീസ്‌മിക് സോൺ–5' മേഖലകളിൽ ഉൾപ്പെടുന്നതാണ്. ഹിമാചൽ പ്രദേശിലെ ചമ്പ, ലാഹൗൾ–സ്പിതി, കിന്നൗർ, കാംഗ്ര ജില്ലകൾ പൂർണമായും ഈ മേഖലയിലാണ്. ഷിംലയുടെ ചില ഭാഗങ്ങളും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളായി കണക്കാക്കപ്പെടുന്നു.
അതേസമയം, സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തെ തുടർന്ന് നിരവധി പേർ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടിയിറങ്ങി.
ജീവിതത്തിൽ അനുഭവിച്ച ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നായിരുന്നു ഇതെന്നാണ് ധർമശാലയിലെ ചില താമസക്കാർ പ്രതികരിച്ചത്. നിലവിൽ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
