ന്യൂഡല്‍ഹി: രാജ്യത്ത് ലൈംഗിക ചൂഷണത്തിനായുള്ള മനുഷ്യക്കടത്ത് തടയുന്നതിനും ഇരകളാക്കപ്പെടുന്ന അതിജീവിതരുടെ അന്തസാര്‍ന്ന പുനരധിവാസത്തിനുമായി സമഗ്രമായ ദേശീയ മാര്‍ഗരേഖ പുറപ്പെടുവിച്ച് സുപ്രീം കോടതി. സന്നദ്ധ സംഘടനയായ 'പ്രജ്ജ്വല' 2004 ല്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ചരിത്രവിധി.
'അരക്ഷിതരായ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിന് ഉപകരിക്കുമെന്നതിനാല്‍ ഈ വിധിന്യായം ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. ചരിത്രം ഇത് എക്കാലവും ഓര്‍ക്കും.'- സുപ്രീംകോടതി ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് വ്യക്തമാക്കി.
മനുഷ്യക്കടത്തും സ്വമേധയായുള്ള ലൈംഗികത്തൊഴിലും ഒന്നല്ല. സമ്മതം പ്രധാനമെന്ന് കോടതി വ്യക്തമാക്കി. മനുഷ്യക്കടത്തിന് ഇരയായി ലൈംഗിക വൃത്തിയില്‍ എത്തിപ്പെടുന്നവരെയും സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴില്‍ ചെയ്യുന്നവരെയും ഒരേ നിയമക്കണ്ണിലൂടെ കാണുന്നതിലെ അപാകതയാണ് ഹര്‍ജിക്കാര്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. അന്താരാഷ്ട്ര നിയമചട്ടക്കൂടുകള്‍ കൂടി പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി ഈ വിഷയത്തില്‍ വ്യക്തത വരുത്തിയത്.
പ്രായപൂര്‍ത്തിയായ ഒരാള്‍ സ്വന്തം താത്പര്യപ്രകാരം ലൈംഗികത്തൊഴില്‍ തിരഞ്ഞെടുക്കുന്നതും, മറ്റൊരാള്‍ ഭീഷണിയോ ബലപ്രയോഗമോ വഴി മനുഷ്യക്കടത്തിന് ഇരയാകുന്നതും വ്യത്യസ്തമാണ്. കേസില്‍ നിയമ നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പായി അതിജീവിത നേരിട്ടത് ചൂഷണമാണോ എന്ന് അന്വേഷണ ഏജന്‍സികള്‍ ഉറപ്പ് വരുത്തണം. ബലപ്രയോഗത്തിലൂടെയോ, ഭീഷണികളിലൂടെയോ, വഞ്ചനയിലൂടെയോ ആണ് ഒരാളെ എത്തിച്ചതെന്ന് വ്യക്തമായാല്‍ അവിടെ 'സമ്മതം' എന്ന വാദത്തിന് യാതൊരു നിയമസാധുതയും ഉണ്ടായിരിക്കില്ല.
അതിജീവിതരുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും മുന്‍ഗണന നല്‍കുന്ന 'വിക്ടിം പ്രൊട്ടക്ഷന്‍ പ്ലാന്‍' ആണ് കോടതി മുന്നോട്ടുവെച്ചത്. പ്രധാന നിര്‍ദേശങ്ങള്‍ താഴെ പറയുന്നവയാണ്. അന്വേഷണ ഏജന്‍സികളും പുനരധിവാസ കേന്ദ്രങ്ങളും ഇരകളുടെ അവകാശങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കണം. ഇരട്ട ചൂഷണം തടയല്‍ രക്ഷാപ്രവര്‍ത്തന സമയത്തോ പുനരധിവാസ കേന്ദ്രങ്ങളിലോ അതിജീവിതര്‍ വീണ്ടും ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. ഉത്തരവുകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കിടയില്‍ കൃത്യമായ ഏകോപനം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ബാലസംരക്ഷണം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണത്തിനായി മനുഷ്യക്കടത്ത് വിരുദ്ധ നിയമങ്ങള്‍ക്കൊപ്പം ജുവനൈല്‍ ജസ്റ്റിസ് നിയമവും പോക്സോ നിയമവും സംയോജിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. അതിജീവിതര്‍ക്ക് സമൂഹത്തില്‍ പുനരധിവസിപ്പിക്കപ്പെടാനും അന്തസ്സോടെ ജീവിക്കാനും ഭരണഘടനാപരമായ അവകാശമുണ്ട്.
മനുഷ്യക്കടത്ത് തടയാന്‍ പ്രത്യേകമായി പുതിയ അന്വേഷണ ഏജന്‍സി രൂപീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങളും സംവിധാനങ്ങളും കൃത്യമായി നടപ്പാക്കിയാല്‍ തന്നെ ഈ വിപത്തിനെ നേരിടാന്‍ സാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ മാര്‍ഗരേഖകള്‍ എപ്രകാരമാണ് പാലിക്കുന്നതെന്ന് വിലയിരുത്തുന്നതിനായി മൂന്ന് മാസങ്ങള്‍ക്ക് ശേഷം സുപ്രീംകോടതി വിഷയം വീണ്ടും പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
