കൂനിന്റെ പുറത്ത് കുരു എന്നു പറഞ്ഞതുപോലെയാണ് ഹിമാചൽപ്രദേശിലെ ഇപ്പോഴത്തെ അവസ്ഥ. പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്ങ് രാജിഭീഷിണി മുഴക്കിയെങ്കിലും കോൺഗ്രസ് രാജി സ്വീകരിച്ചില്ല. രാജ്യസഭയിലേക്കു നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതാണ് രാജിയുടെ കാരണമത്രെ..! സുഖവിന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് വിമത എം.എൽ.എമാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ്ങിന്റെ രാജി ഭീഷണി. വീടിന് തീ പിടിക്കുമ്പോഴാണല്ലൊ വാഴവെട്ടാനെളുപ്പം
ഇന്ത്യൻ നാഷണൽ
കോൺഗ്രസ് എന്ന മഹത്തായ രാഷ്ട്രീയ പാർട്ടി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ
രാജ്യമായ ഇന്ത്യക്കു നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പക്ഷേ ഇത്രയും
പൈതൃകം പേറുന്ന ഈ ദേശീയ ജനാധിപത്യ പാർട്ടിയുടെ ഇന്നത്തെ അവസ്ഥ അത്യന്തം
വേദനാജനകമാണ്.
അടുത്തകാലത്ത് തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ
നാലു സംസ്ഥാനങ്ങളിലെ ഫലം കനത്ത ആഘാതമാണ് കോൺഗ്രസിനു നൽകിയത്. വരുന്ന
ലോക്‌സഭ തിരഞ്ഞെടുപ്പ് മനസ്സിൽ കണ്ട് പല പദ്ധതികളും അട്ടിമറിച്ചു കൊണ്ടാണ്
തിരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയത്.
നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താമെന്ന കോൺഗ്രസിന്റെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടി കൂടിയാണിത്.
ബി.ജെ.പിയെ
ഒറ്റയ്ക്ക് പരാജയപ്പെടുത്താം എന്നും അങ്ങനെ ഒറ്റയ്ക്ക് നേടിയെടുക്കുന്ന
വിജയത്തിന്റെ ക്രെഡിറ്റ് എന്തിനാണ് ഇന്ത്യ സഖ്യത്തിലെ മറ്റു പങ്കാളികൾക്ക്
നൽകുന്നതെന്നും കോൺഗ്രസിന് തോന്നിയിരിക്കാം. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ
വിജയിക്കുന്നതോടെ ഇന്ത്യ സഖ്യത്തിലെ ഏറ്റവും പ്രബലമായ പാർട്ടിയായി കോൺഗ്രസ്
മാറുമെന്നും മുതിർന്ന നേതാക്കൾ കണക്കുകൂട്ടിയിരുന്നു. എന്നാൽ
തിരഞ്ഞെടുപ്പ് ഫലം എത്തിയപ്പോൾ കോൺഗ്രസിന്റെ വിലയിരുത്തൽ അമ്പേ
പാളുകയായിരുന്നു. ഹിന്ദി ഹൃദയ ഭൂമിയിൽ പാർട്ടി ശിഥിലമായി.
കോൺഗ്രസിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മധ്യപ്രദേശിൽ പാർട്ടിയുടെ കണക്കുകൂട്ടൽ പരാജയപ്പെടുക മാത്രമല്ല രാജസ്ഥാൻ നഷ്ടപ്പെടുകയും ചെയ്തു. ഛത്തീസ്ഗഡിൽ കൂടി പരാജയമടഞ്ഞതോടെ ഈ തിരഞ്ഞെടുപ്പ് കോൺഗ്രസ് ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്നായി മാറുകയായിരുന്നു. ഇപ്പോഴിതാ ഹിമാചൽ പ്രദേശിൽ കടുത്ത അഗ്‌നിപരീക്ഷ നേരിടുകയുമാണ്. രാജ്യസഭ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ ഉണ്ടായ ക്രോസ് വോട്ടിങ് സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിന് കടുത്ത തലവേദനയായിരിക്കുന്നു. ക്രോസ് വോട്ടിങ്ങിന്റെ പശ്ചാത്തലത്തിൽ ഹിമാചൽ പ്രദേശിൽ മന്ത്രിസഭ ഭൂരിപക്ഷം തെളിയിക്കേണ്ടി വരുന്ന സാഹചര്യമാണ് കോൺഗ്രസ് ക്യാമ്പിനെ ആശങ്കയിലാക്കുന്നത്.
68 അംഗങ്ങളുള്ള നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിന് 35 അംഗങ്ങളുടെ പിന്തുണയാണ് കോൺഗ്രസിന് വേണ്ടത്. നിലവിൽ 40 അംഗങ്ങൾ നിയമസഭയിൽ ഉണ്ടെങ്കിലും കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ ആറ് എം.എൽ.എമാർ ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്യ്ത സാഹചര്യമാണ് പ്രതിസന്ധി രുക്ഷമായത്. കൂനിന്റെ പുറത്ത് കുരു എന്നു പറഞ്ഞതുപോലെ പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്ങ് രാജിവെയ്ക്കാനൊരുങ്ങിയെങ്കിലും കോൺഗ്രസ് രാജി സ്വീകരിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രിയും അടിയുറച്ച കോൺഗ്രസ്സുകാരനുമായിരുന്ന വീർഭദ്ര സിങ്ങിന്റെ മകനാണ് ഈ വിദ്വാൻ. രാജ്യസഭയിലേക്കു നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതാണ് രാജിയുടെ കാരണമത്രെ..!
സുഖവിന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് വിമത എം.എൽ.എമാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ്ങിന്റെ രാജി ഭീഷണി. മുഖ്യമന്ത്രി പദത്തിനായുളള ചരട് വലിയുടെ ഭാഗമാണ് വിക്രമാദിത്യ സിങ്ങിന്റെ രാജിനാടകമെന്ന് വിലയിരുത്തലുകളുണ്ട്.ഇങ്ങനെ വീടിന് തീപിടിക്കുമ്പോൾ വാഴവെട്ടാനൊരുങ്ങുന്ന നേതാക്കളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഏറെയുമുള്ളത്. ഇത്തരം അധികാരമോഹികളെ ചുമക്കുന്നതാണ് പാർട്ടിയുടേയും അനിയായികളുടേയും ഗതികേട്. എന്നാൽ വിക്രമാദിത്യ സിങ്ങിന്റെ പിതാവ് വീർഭന്ദ്രസിങ്ങിന്റെ തലമുറയിൽ പെട്ടവർ ഇങ്ങനെയൊന്നും ആയിരുന്നില്ല. അവരെന്നും പാർട്ടിയോട് കൂറും വിശ്വസ്ഥതയും ഉള്ളവരായിരുന്നു. ഹിമാചൽ പ്രദേശിന്റെ ഇത്തിരി വട്ടത്തിൽ ഒതുങ്ങുന്നതായിരുന്നില്ല വീർഭന്ദ്രസിങ്ങിനെ പോലുള്ളവരുടെ ആത്മവിശ്വാസം.
വീർഭന്ദ്രസിങ്ങിന്റെ ഭരണകാലത്ത് ദേശീയ ശരാശരിയേക്കാൾ മേലെയായിരുന്നു ഹിമാചലിലെ വളർച്ചാ നിരക്ക്. 1990ൽ വീർഭന്ദ്രസിങ്ങ് ഭരണം വിട്ടിറങ്ങുമ്പോൾ 8.5ശതമാനമായിരുന്നു വളർച്ചാനിരക്ക്. ബി.ജെ.പി ഭരണത്തിൽ അത് കുത്തനെ ഇടിഞ്ഞ് 0.08 ശതമാനത്തിലെത്തിയിരുന്നു. വീർഭന്ദ്രസിങ്ങ് വീണ്ടും അധികാരത്തിലെത്തി മൂന്നു വർഷം കൊണ്ട് 5.6 ശതമാനമാക്കി ഉയർത്തി. സ്ഥിതിവിവരണകണക്കുകൾ കൊണ്ട് കാര്യമില്ലെന്നു പറയുവാൻ ആരെങ്കിലും മുതിർന്നാൽ ചൂണ്ടിക്കാട്ടാൻ സ്‌ക്കൂളുകളും ആശുപത്രികളും ക്ഷേമപ്രവർത്തനങ്ങളും വേണ്ടുവോളമുണ്ട് വീർഭന്ദ്രസിങ്ങിന്. ഇത്തരത്തിൽ കാര്യപ്രാപ്തിയുള്ള ഒരു വലിയ മനുഷ്യന്റെ തണലിൽ വളർന്ന മകൻ കാര്യമായി പണിയെടുക്കാതെ കോൺഗ്രസിന്റെ മുൻനിരയിലേക്ക് എത്തപ്പെടുകയും രാജിഭീഷണി മുഴക്കി സ്വന്തം കാര്യം കാണാൻ ശ്രമിക്കുകയും ചെയ്യുന്നതരം അശ്ല്‌ളീലം വേറെന്തുണ്ട്.
ഇത്തരം കങ്കാരുകുഞ്ഞുങ്ങൾ പാർട്ടിയിൽ നിന്ന പണിയെടുത്ത് നാടിനെ പുരോഗതിയിലേക്ക് നയിച്ചാൽ ജനം എന്നും അവരുടെ കൂടെതന്നെ ഉണ്ടാകുമെന്നും അറിയുക. അല്ലാതെ രാജിപ്രഖ്യാപനമെന്ന നാടകത്തിത്തിനിടെ വികാരഭരിതമായ കരഞ്ഞതുകൊണ്ടായില്ല. എന്തായാലും ബജറ്റ് പാസായതോടെ തൽക്കാലം പ്രതിസന്ധി ഒന്നയഞ്ഞുവെങ്കിലും ഇത്തരം എട്ടുകാലി മമ്മൂഞ്ഞുമാരെ വച്ചുകൊണ്ട് എങ്ങിനെയാണ് നല്ലൊരു ഭരണം കാഴ്ചവയ്ക്കാനാകുക. കോൺഗ്രസിന്റെ ആറ് എം.എൽ.എമാരെയും രണ്ട് സ്വതന്ത്രരെയും മറുകണ്ടം ചാടിച്ച ബി.ജെ.പിക്ക് തിരിച്ചടിയായി 15 എം.എൽ.എമാരെ സ്പീക്കർ സസ്‌പെന്റ് ചെയ്തതോടെയാണ് കോൺഗ്രസ്സിന് തൽക്കാലം പിടിച്ചുനിൽക്കാനായത്. കഴിഞ്ഞ ദിവസം വോട്ടെടുപ്പിനിടെ നിയമസഭയിൽ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം. 25 എം.എൽ.എമാരാണ് ഹിമാചൽ പ്രദേശിൽ പ്രതിപക്ഷമായ ബി.ജെ.പിക്കുള്ളത്. 14 പേരെ സസ്‌പെന്റ് ചെയ്തതോടെ അംഗ സംഖ്യ 10 ആയി ചുരുങ്ങി.
കേന്ദ്ര സർക്കാരിലെ അധികാരം ഉപയോഗിച്ച് ബി.ജെ.പി ജനാധിപത്യത്തെ തകർക്കാൻ പലപണികളും ചെയ്തുവരുന്നു. മതനിരപേക്ഷത, സമത്വം, സാഹോദര്യം, സഹിഷ്ണുത എന്നിങ്ങനെ ഭരണഘടനയുടെ തന്നെ അടിത്തറ സൃഷ്ടിക്കുന്ന ജനാധിപത്യ തത്വങ്ങളാണവ. ജനങ്ങളെ വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ പരസ്പരവിരുദ്ധമായ ചേരികളിലായി തരംതിരിക്കുന്നത് ബി.ജെ.പിയുടെ അടിസ്ഥാന സമീപനരീതിയാണ്.
അതിൽ വിജയിച്ചാൽ മതജാതികളുടെയും കാലാകാലങ്ങളായുള്ള മറ്റ് ചേരിതിരിവുകളുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനാകും. ഫാസിസ്റ്റ് ശക്തികൾ ഇത്തരത്തിൽ ജനങ്ങളെ ചേരിതിരിച്ചാണ് അധികാരം കയ്യടക്കുന്നത് എന്ന് ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് യൂറോപ്പിൽ ഇറ്റലിയിലെയും ജർമനിയിലെയും ഫാസിസ്റ്റ്, നാസി രാഷ്ട്രീയ ശക്തികൾ തെളിയിച്ചു കാണിക്കുകയുണ്ടായി. എന്നതും നാം മറന്നുകൂട.
എന്തായാലും ഇപ്പോൾ അവസരോചിതമായി ഇടപെട്ട ഡി ശിവകുമാറും ഒപ്പം പ്രിയങ്കാഗാന്ധിയും ഇനിയുമേറെ ജാഗ്രതയോടെ ഇത്തരം വിഷയങ്ങളിൽ ഇടപെടണമെന്നാണ് അണികൾ ആഗ്രഹിക്കുന്നത്. പാർട്ടിക്കുള്ളിലെ കള്ളനാണയങ്ങളെ ചാപ്പകുത്തി പുറത്താക്കുക കൂടിചെയ്ത് ആകെയൊരു ശുദ്ധികലശം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്