സിജെപി പ്രതിഷേധം: 'ഇതൊരു നീണ്ട പോരാട്ടം', അഞ്ച് പ്രധാന ആവശ്യങ്ങളുമായി അഭിജിത് ദീപ്കെ; ജന്തര്‍ മന്തറില്‍ വന്‍ ജനപങ്കാളിത്തം

JUNE 6, 2026, 6:04 AM

ന്യൂഡല്‍ഹി: ദേശീയതലത്തിലെ പ്രധാന മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാര്‍ട്ടി ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധത്തില്‍ വന്‍ ജനപങ്കാളിത്തം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളും യുവജനങ്ങളുമാണ് ജന്തര്‍ മന്തറിലെ സമര സ്ഥലത്തേക്ക് ഒഴുകി എത്തിയത്.

രാവിലെ യുഎസില്‍ നിന്ന് ഡല്‍ഹിയിലെത്തിയ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ നേരിട്ടാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. വിമാനത്താവളത്തില്‍ നിന്ന് ഡോ. ബി.ആര്‍ അംബേദ്കറുടെ ആത്മകഥ കയ്യിലേന്തിയാണ് അഭിജിത് സമരസ്ഥലത്തേക്ക് എത്തിയത്. വൈകിട്ട് അഞ്ച് മണി വരെ സമാധാനപരമായി പ്രതിഷേധം നടത്താന്‍ ഡല്‍ഹി പൊലീസ് സിജെപിക്ക് അനുമതി നല്‍കിയിട്ടുണ്ട്.

സമരസ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അഭിജിത് ദീപ്കെ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു:- 'എന്റെ സുഹൃത്തുക്കളെ, ഇതൊരു നീണ്ട പോരാട്ടമാണ്. ധര്‍മേന്ദ്ര പ്രധാന്റെ രാജി നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഒരു മാസമായിരിക്കുകയാണ്. എന്നാല്‍ നടപടിയെടുക്കുന്നതിന് പകരം, നമ്മുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനുമാണ് അവര്‍ ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് ഞങ്ങളുടെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിഞ്ഞേക്കുമായിരിക്കാം, എന്നാല്‍ ഇവിടെ ഒത്തുകൂടിയ ഈ ജനക്കൂട്ടത്തെ, ഞങ്ങളെ ഇവിടെ നിന്ന് തുടച്ചുമാറ്റാന്‍ നിങ്ങള്‍ക്കാവില്ല.'

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി തയ്യാറാക്കിയ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഇതിനകം 8 ലക്ഷത്തിലധികം പേര്‍ ഒപ്പുവെച്ചതായി സമരസ്ഥലത്ത് വിതരണം ചെയ്ത ലഘുലേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. നീറ്റ്, സിബിഎസ്ഇ, സിയുഇടി, എസ്എസ്സി ജിഡി തുടങ്ങിയ പരീക്ഷകളിലെ ക്രമക്കേടുകള്‍ ഒരുകോടിയിലധികം വിദ്യാര്‍ത്ഥികളുടെ ഭാവിയെയാണ് ബാധിച്ചിരിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.

സിജെപി മുന്നോട്ട് വെക്കുന്ന അഞ്ച് പ്രധാന ആവശ്യങ്ങള്‍:

വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് പുറമെ രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ അഴിച്ചുപണിക്കായി 5 നിര്‍ണ്ണായക ആവശ്യങ്ങളാണ് പാര്‍ട്ടി മുന്നോട്ട് വെക്കുന്നത്.

സുതാര്യമായ മത്സരപ്പരീക്ഷകള്‍: ദേശീയതലത്തിലുള്ള മത്സരപ്പരീക്ഷകളില്‍ പൂര്‍ണമായ നീതിയും വിശ്വാസ്യതയും ഉറപ്പുവരുത്തുക.

പരിശീലനത്തോടെയുള്ള ഡിജിറ്റലൈസേഷന്‍: അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായ പരിശീലനം നല്‍കിയതിന് ശേഷം മാത്രം വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുക.

മണിപ്പൂരിലെ വിദ്യാഭ്യാസം പുനസ്ഥാപിക്കുക: കലാപബാധിതമായി തുടരുന്ന മണിപ്പൂരിലെ വിദ്യാര്‍ത്ഥികളുടെ പഠനാന്തരീക്ഷം എത്രയും വേഗം സാധാരണ നിലയിലാക്കുക.

വിദ്യാര്‍ത്ഥി-പങ്കാളിത്തം ഉറപ്പാക്കുക: വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും നേരിട്ട് ബാധിക്കുന്ന നയരൂപീകരണ വിഷയങ്ങളില്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.

മാനസികാരോഗ്യത്തിന് മുന്‍ഗണന: കുട്ടികളുടെ വര്‍ദ്ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

അതേസമയം പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എന്‍സിപി ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ രോഹിത് പവാര്‍ രംഗത്തെത്തി. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും പ്രധാന പരീക്ഷകളുടെ മോശം നടത്തിപ്പിനെതിരെയും വര്‍ദ്ധിച്ചുവരുന്ന അമര്‍ഷത്തിന്റെ പ്രതിഫലനമാണ് ജന്തര്‍ മന്തറിലെ ജനബാഹ്യമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഈ പ്രസ്ഥാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ളവരും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

അതേസമയം ഓണ്‍ലൈന്‍ പ്രസ്ഥാനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടാകുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി ഡല്‍ഹി പൊലീസ് ആറ് പേരെ കരുതല്‍ തടങ്കലില്‍ എടുത്തു. പ്രതിഷേധം സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam