ബെയ്ജിംഗ്/ന്യൂഡെല്‍ഹി: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയുടെ 90ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നതിനെയും ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലെ ലാമയുടെ വാസസ്ഥലത്തെ ആഘോഷങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുത്തതിനെയും എതിര്‍ത്ത് ചൈന. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ദലൈലാമ വിഷയം ഉപയോഗിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ആരോപിച്ചു.
ദലൈലാമ ഒരു രാഷ്ട്രീയ പ്രവാസിയാണെന്നും ചൈനയ്ക്ക് പുറത്ത് ടിബറ്റ് എന്നറിയപ്പെടുന്ന സിസാങ്ങിനെ മതത്തിന്റെ മറവില്‍ ചൈനയില്‍ നിന്ന് വേര്‍പെടുത്താനുള്ള ശ്രമങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിട്ടുണ്ടെന്നും മാവോ പറഞ്ഞു. 14 ാമത് ദലൈലാമയുടെ വിഘടനവാദ സ്വഭാവം ഇന്ത്യ തിരിച്ചറിയുകയും ഷിസാങ്ങുമായി (അധിനിവേശ ടിബറ്റ്) ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈനയ്ക്ക് നല്‍കിയ പ്രതിബദ്ധത മാനിക്കുകയും വേണമെന്ന് നിംഗ് ആവശ്യപ്പെട്ടു.
പുനര്‍ജന്മ സമ്പ്രദായം തുടരുന്നതിനെക്കുറിച്ചുള്ള ദലൈലാമയുടെ പ്രഖ്യാപനത്തിനെതിരെ ഇന്ത്യയിലെ ചൈനീസ് എംബസിയും പ്രതിഷേധിച്ചു. സമ്പ്രദായം തുടരണോ നിര്‍ത്തലാക്കണോ എന്ന് തീരുമാനിക്കാന്‍ അദ്ദേഹത്തിന് അധികാരമില്ലെന്ന് ചൈനീസ് എംബസി പറഞ്ഞു.
പ്രധാനമന്ത്രി മോദി ഞായറാഴ്ച ദലൈലാമയ്ക്ക് ഊഷ്മളമായ നവതി ആശംസകള്‍ നേര്‍ന്നിരുന്നു. സ്‌നേഹത്തിന്റെയും അനുകമ്പയുടെയും ക്ഷമയുടെയും ധാര്‍മ്മിക അച്ചടക്കത്തിന്റെയും ശാശ്വത പ്രതീകമാണ് ലാമയെന്ന് അദ്ദേഹം പറഞ്ഞു. 'അദ്ദേഹത്തിന്റെ സന്ദേശം എല്ലാ വിശ്വാസങ്ങളിലുമുള്ള ആദരവും ആദരവും പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തിന് നല്ല ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു,' മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു.
കേന്ദ്ര മന്ത്രിമാരായ കിരണ്‍ റിജിജു, രാജീവ് രഞ്ജന്‍ സിംഗ്, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, സിക്കിം മന്ത്രി സോനം ലാമ എന്നിവര്‍ ധര്‍മ്മശാലയില്‍ അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു.
തന്റെ മരണശേഷം പുതിയ ദലൈലാമ ഉണ്ടാകുമെന്നും ഗാഡന്‍ ഫോഡ്രാംഗ് ട്രസ്റ്റ് അതിനുള്ള നടപടികളെടുക്കുമെന്നും കഴിഞ്ഞയാഴ്ച ലാമ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഇതിനെ പിന്‍താങ്ങി. ലാമയുടെ പ്രസ്താവന ചൈനയെ വലിയോതില്‍ പ്രകോപിപ്പിച്ചു. ടിബറ്റില്‍ അധിനിവേശം നടത്തിയിരിക്കുന്ന ചൈന, ദലൈലാമയെയും പഞ്ചന്‍ലാമയെയും തെരഞ്ഞെടുത്ത് നിയമിക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്നാണ് അവകാശപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്