സി.എ.എ കലക്കിയ കുളത്തിൽ ചേരി തിരിഞ്ഞ് മീൻ പിടുത്തം

MARCH 13, 2024, 4:50 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികിലെത്തിനിൽക്കേ ദേശീയ രാഷ്ട്രീയത്തിൽ കുളം കലക്കി മീൻ പിടിക്കാൻ എല്ലാ കക്ഷികൾക്കും അവസരമൊരുക്കി രംഗപ്രവേശം ചെയ്തിരിക്കുന്നു പൗരത്വ ഭേദഗതി നിയമം. അതേസമയം, മറ്റൊരു സംസ്ഥാനത്തും കാണാത്ത വിധം വെവ്വേറെ പ്രതിരോധ പാത വെട്ടിത്തുറക്കാനുള്ള നീക്കത്തിനു കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും കച്ച കെട്ടിയിറങ്ങുന്നത് സൂക്ഷ്മമായ ആലോചനകൾക്കു ശേഷമാണോയെന്ന സംശയം പങ്കുവയ്ക്കുന്നു രാഷ്ട്രീയ നിരീക്ഷകരും നിയമജ്ഞരും.

കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമം (സി.എ.എ) നിലവിൽ വന്നു. പാകിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യൻ, പാഴ്‌സി മതങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നൽകാനുള്ള നിയമമാണിത്. ഈ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കിയവർക്ക് ഇനി ഇന്ത്യയിൽ പൗരത്വം ലഭിക്കും. ഓൺലൈനായി അപേക്ഷിക്കുന്നതിന് സർക്കാർ ഒരു വെബ് പോർട്ടൽ ഉടൻ ആരംഭിക്കും.

1955ലെ പൗരത്വ നിയമമനുസരിച്ച്, ഇന്ത്യൻ പൗരനാകാൻ ഒരാൾ കുറഞ്ഞത് 11 വർഷമെങ്കിലും രാജ്യത്ത് താമസിക്കണം. എന്നാൽ, പൗരത്വ ഭേദഗതി നിയമപ്രകാരം പാകിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലിം അഭയാർഥികൾക്ക് 11 വർഷത്തിന് പകരം ഇനി മുതൽ 6 വർഷം മാത്രം താമസിച്ചാലും പൗരത്വം കിട്ടും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ അവരുടെ മതം നോക്കാതെ 11 വർഷം ഇന്ത്യയിൽ ചെലവഴിക്കേണ്ടിവരുമെന്നത് വിവേചനപരമാണെന്നാണ് വിമർശനം. 2019 ഡിസംബറിൽ പാർലമെന്റിന്റെ ഇരുസഭകളും പൗരത്വ ഭേദഗതി ബിൽ പാസാക്കിയിരുന്നു.

vachakam
vachakam
vachakam

സി.എ.എ വിജ്ഞാപനം പുറത്തിറക്കിയതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എതിർപ്പ് ശക്തമായുയരുന്നുണ്ട്. മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്ന സിഎഎ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ തന്നെ പ്രതികരിച്ചു. ഈ വർഗീയ നിയമത്തിനെതിരെ കേരളം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തതിനു പിന്നാലെ യു.ഡി.എഫും പറഞ്ഞത് ഇങ്ങനെ തന്നെ. പക്ഷേ, ഒരുമിച്ചാകില്ല പ്രതിഷേധമെന്നും ചൂണ്ടിക്കാട്ടുന്നു കോൺഗ്രസ് നേതാക്കൾ. സിഎഎയെ മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രതിരോധത്തിലൂടെ വോട്ട് വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ ഇടതു മുന്നണി കൂടുതലായി മുതലെടുക്കുമെന്ന ഭയപ്പാട് യുഡിഎഫിനുണ്ടെന്നതു വ്യക്തം.
സർക്കാർ സിഎഎ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിൽ സംരക്ഷിച്ചിട്ടുള്ള അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിൽ സിഎഎയുടെ വ്യവസ്ഥകൾ ബാധകമല്ല.

ഇന്നർ ലൈൻ പെർമിറ്റ് സംവിധാനമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇതിനു പ്രാബല്യമില്ല. ചില പ്രദേശങ്ങളിലെ ആദിവാസി വിഭാഗങ്ങൾക്ക് സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഇന്നർ ലൈൻ പെർമിറ്റും ഭരണഘടനയുടെ ആറാം ഷെഡ്യൂളും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾക്ക് പരിമിത കാലത്തേക്ക് നൽകുന്ന യാത്രാ രേഖയാണ് ഇന്നർ ലൈൻ പെർമിറ്റ്. നേരത്തെ ഇന്നർ ലൈൻ പെർമിറ്റിൽ മണിപ്പൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് മണിപ്പൂരിനെയും ഉൾപ്പെടുത്തി.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങൾ ഏതൊക്കെയാണെന്ന് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലാണ് യൂണിയൻ, സ്റ്റേറ്റ്, കൺകറന്റ് ലിസ്റ്റ് ചേർത്ത് വിശദീകരിച്ചിട്ടുള്ളത്.

പാർലമെന്റിന് മാത്രം നിയമങ്ങൾ നിർമ്മിക്കാനുള്ള അവകാശമുള്ള വിഷയങ്ങൾ യൂണിയൻ ലിസ്റ്റിലാണ്. പ്രതിരോധം, വിദേശകാര്യം, സെൻസസ്, റെയിൽവേ, പൗരത്വം തുടങ്ങി 100 വിഷയങ്ങൾ ഇതിൽ വരും. കോടതി, പോലീസ്, ആരോഗ്യം, വനം, റോഡുകൾ, പഞ്ചായത്തിരാജ് തുടങ്ങി സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ട 61 വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താൻ സംസ്ഥാന സർക്കാരിന് മാത്രമേ അവകാശമുള്ളൂ.
അതേസമയം, കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമങ്ങൾ നിർമ്മിക്കാൻ കഴിയുന്ന വിഷയങ്ങളാണ് കൺകറന്റ് ലിസ്റ്റിലേത്. ഇതിൽപ്പെടുന്ന ഏതെങ്കിലും വിഷയത്തിൽ കേന്ദ്രം നിയമം ഉണ്ടാക്കിയാൽ സംസ്ഥാനം അത് പാലിക്കേണ്ടിവരും. വിദ്യാഭ്യാസം, വൈദ്യുതി, ജനസംഖ്യാ നിയന്ത്രണം, ഫാക്ടറികൾ തുടങ്ങി 52 വിഷയങ്ങൾ ഇതിൽ വരുന്നു. കേന്ദ്ര ലിസ്റ്റിൽ വരുന്ന പൗരത്വമുൾപ്പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ലെന്നിരിക്കേയാണ് സിഎഎ വിജ്ഞാപനം വന്നിട്ടുള്ളത്.

vachakam
vachakam
vachakam

സിഎഎ വിജ്ഞാപനവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യവും പൗരത്വവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഒരു ഹൈക്കോടതിയിലും ഇത് ചോദ്യം ചെയ്യാൻ കഴിയില്ല. സിഎഎ സംബന്ധിച്ച ഒരു കേസും ഹൈക്കോടതികൾ കേൾക്കില്ലെന്ന് സുപ്രീം കോടതി 2020 ജനുവരിയിൽ വ്യക്തമായി പറഞ്ഞിരുന്നു. സിഎഎയെ അനുകൂലിച്ചും പ്രതികൂലിച്ചും 230 ൽ അധികം ഹർജികളുണ്ട് സുപ്രീം കോടതിയിൽ. മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതെങ്ങനെയെന്ന ചോദ്യമാണ് മിക്ക ഹർജികളിലുമുള്ളത്. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവുകൾ ഒഴിവാക്കി കോടതിയുടെ തീരുമാനം വരാനിരിക്കുന്നു.

പന്ത് കോടതിയിൽ

വിവേചനരഹിതമായാണ് നിയമം ആവിഷ്‌കരിച്ചതെന്നും നടപ്പാക്കുകയെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഒക്ടോബറിൽ കേന്ദ്രസർക്കാർ 150 പേജുള്ള സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. 2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിൽ വന്ന ആറ് സമുദായങ്ങളിലെ അംഗങ്ങൾക്ക് മാത്രമാണ് പൗരത്വം നൽകുന്നതെന്നിരിക്കേ ഈ നിയമം ഒരു ഇന്ത്യൻ പൗരന്റെയും നിയമപരമോ ജനാധിപത്യപരമോ മതേതരമോ ആയ അവകാശങ്ങളെ ബാധിക്കുന്നില്ലെന്നാണ് സർക്കാർ നിലപാട്. ഭരണഘടനയുടെ അനുച്ഛേദം 14 പ്രകാരം, ഒരു പൗരനായാലും പൗരനല്ലാത്ത വ്യക്തിയായാലും, നിയമപ്രകാരം തുല്യ പരിരക്ഷ നിഷേധിക്കാനാവില്ലെന്ന വാദവുമുണ്ട്.
ദേശീയ വിദ്യാഭ്യാസ നയത്തെ പല്ലും നഖവുമുപയോഗിച്ച് എതിർത്ത ചരിത്രമാണ് കേരളത്തിന്റേത്.

vachakam
vachakam
vachakam

അതു മൂലം വിദ്യാഭ്യാസ മേഖലയിലേക്ക് കേന്ദ്രത്തിൽ നിന്നു കിട്ടേണ്ട കോടിക്കണക്കിനു രൂപയുടെ ആനുകൂല്യങ്ങൾ നഷ്ടമായതോടെ എതിർപ്പൊക്കെ മെല്ലെ പരണത്തായി. സിഎഎക്കെതിരെ നിയമസഭ ഏകക്ണഠമായി പ്രമേയം പാസാക്കിയെന്നതും കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയെന്നതുമൊക്കെ ചൂണ്ടിക്കാണിച്ച് ഇക്കാര്യത്തിലെ ആത്മാർത്ഥത ആവർത്തിക്കുക വഴി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാമെങ്കിലും ഈ നിയമം നടപ്പാക്കില്ലെന്ന പ്രഖ്യാപനത്തിനും നിയമം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന അവകാശവാദത്തിനുമൊക്കെ എന്തു പ്രസക്തിയെന്ന ചോദ്യം ഉയരുന്നു. മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നതിനോട് ഇന്ത്യയുടെ മതേതര മനസിന് എങ്ങനെ യോജിക്കാൻ കഴിയുമെന്ന ചോദ്യത്തിന്റെ പ്രസക്തി തള്ളിക്കളയുക എളുപ്പമല്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നയവും തീരുമാനവുമാണ് സിഎഎ വഴി വ്യക്തമായത്. ഇനി സുപ്രീംകോടതിയാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത വിധിക്കേണ്ടത്.

വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നുണ്ടാകുന്ന വിധികൾ പലരുടേയും മനസിലുണ്ടായിരിക്കുന്ന ആശങ്കകൾ ദൂരീകരിക്കുമെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കു സംരക്ഷണമേകുമെന്നും പ്രതീക്ഷിക്കുകയാണ് വേണ്ടത്. വചേടോപങ്ങളും തെരുവിലെ പ്രതിഷേധങ്ങളും മാറ്റിവച്ചാകണം നിയമപോരാട്ടം കടുപ്പിക്കേണ്ടത്. ഇത്തരം കാര്യങ്ങളിൽ ശരിയും തെറ്റും വ്യവച്ഛേദിക്കാനുള്ള കോടതിയുടെ ചുമതലയും അവകാശവും അംഗീകരിക്കുകയാണാവശ്യം.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam