ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസുമായി ചേർന്ന് മത്സരിക്കാൻ സന്നദ്ധത അറിയിച്ച് ആം ആദ്മി പാർട്ടി. പഞ്ചാബിലെ മുഴുവൻ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് മനം മാറ്റം.
ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിൽ ഒരു സീറ്റ് ആണ് കോൺഗ്രസിന് ആപ്പ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ശേഷിക്കുന്ന സീറ്റുകളിൽ എഎപി മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി എംപി സന്ദീപ് പഥക് പറഞ്ഞു.
യോഗ്യത പരിശോധിച്ചാൽ രാജ്യതലസ്ഥാനത്ത് ഒരു സീറ്റ് പോലും കോൺഗ്രസ് അർഹിക്കുന്നില്ല. സഖ്യത്തിൻ്റെ മര്യാദ പ്രകാരമാണ് സീറ്റ് വാഗ്ദാനം ചെയ്യുന്നത്. കോൺഗ്രസ് ഒരു സീറ്റിലും ഞങ്ങൾ ആറ് സീറ്റിലും മത്സരിക്കും.- എഎപി എംപി സന്ദീപ് പഥക് പറഞ്ഞു.
ഡൽഹി നിയമസഭയിലും ലോക്‌സഭയിലും കോൺഗ്രസിന് പൂജ്യം സീറ്റുകളാണുള്ളത്. 2022ലെ എംസിഡി തിരഞ്ഞെടുപ്പിൽ 250 വാർഡുകളിൽ ഒമ്പത് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. കണക്കുകൾ പരിശോധിക്കുമ്പോൾ ഡൽഹിയിൽ ഒരു സീറ്റ് പോലും കോൺഗ്രസ് അർഹിക്കുന്നില്ല.
എന്നാൽ സഖ്യത്തിൻ്റെ മര്യാദയും ബഹുമാനവും കണക്കിലെടുത്ത് ഞങ്ങൾ സീറ്റ് നൽകാൻ തീരുമാനിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ അവസാനിച്ചു, അടുത്ത ആഴ്ച തന്നെ ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കുമെന്നും സന്ദീപ് പഥക് കൂട്ടിച്ചേർത്തു.
അതേസമയം ആം ആദ്മി കോൺഗ്രസ്സിന് സീറ്റ് വാഗ്ദാനം ചെയ്തതിനോട് പ്രതികരിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസിനെ തുരങ്കം വയ്ക്കാനാണ് ഇപ്പോൾ ഇന്ത്യാ ബ്ലോക്കിൻ്റെ ലക്ഷ്യമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്