ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം അടുത്ത മാസം നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. പൗരത്വത്തിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കേന്ദ്രം സജ്ജമാക്കി. എൻഡിടിവിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
വിജ്ഞാപനം മാർച്ച് ആദ്യ ആഴ്ച ഉണ്ടാകുമെന്നാണ് സൂചനകൾ. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.
സിഎഎ നിയമ വ്യവസ്ഥകളനുസരിച്ച് ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ( ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാർസികൾ, ക്രിസ്ത്യാനികൾ) ഇന്ത്യൻ പൗരത്വം നൽകുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം.
നിയമം മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര തത്വങ്ങളുടെ ലംഘനമാണെന്നും രൂക്ഷ വിമർശനങ്ങളുണ്ട്. പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനു കീഴിൽ പൗരത്വത്തിനുവേണ്ടി അപേക്ഷിക്കാനും അതിന്റെ തുടർനടപടികൾക്കും വേണ്ടിയുമാണ് ഓൺലൈൻ സംവിധാനം സജ്ജമാക്കിയിട്ടുള്ളത്.
രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട വൻ പ്രതിഷേധങ്ങൾക്കിടയിൽ 2019 ലാണ് നിയമം പാസാക്കിയത്. 2019 ഡിസംബർ 10ന് ലോക്‌സഭയിലും ഡിസംബർ 11ന് രാജ്യസഭയിലും പൗരത്വ ഭേദഗതി ബിൽ പാസായി. 2020 ജനുവരി 10-ന് കേന്ദ്രം നിയമം നടപ്പാക്കി വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഭേദഗതി വരുത്തിയില്ല.
കഴിഞ്ഞ വർഷം ഡിസംബർ 27ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സിഎഎ നടപ്പാക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞിരുന്നു. സിഎഎ നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് കൊൽക്കത്തയിൽ നടന്ന പാർട്ടി യോഗത്തിൽ അമിത് ഷാ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്