ന്യൂഡെല്‍ഹി: ഡെല്‍ഹി-ബാങ്കോക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപിച്ചു ലക്കുകെട്ട ഇന്ത്യക്കാരനായ യാത്രികന്‍ ഒരു സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചതായി റിപ്പോര്‍ട്ട്. എഐ 2336 വിമാനത്തിലെ യാത്രക്കാരന്‍ മദ്യപിച്ചിരുന്നതായും ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ മേല്‍ മൂത്രമൊഴിച്ചതായും വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ബാങ്കോക്കില്‍ ലാന്‍ഡ് ചെയ്ത ശേഷം അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ സഹായിക്കാമെന്ന എയര്‍ ഇന്ത്യയുടെ വാഗ്ദാനം അക്രമത്തിനിരയായ യാത്രക്കാരന്‍ നിരസിച്ചുവെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവം ശ്രദ്ധയില്‍പ്പെട്ട സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു കിഞ്ചരാപു, മന്ത്രാലയ ഉദ്യോഗസ്ഥര്‍ എയര്‍ലൈനുമായി സംസാരിക്കുമെന്ന് പറഞ്ഞു.
'ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം മന്ത്രാലയം അവ ശ്രദ്ധിക്കുന്നു. അവര്‍ എയര്‍ലൈനുമായി സംസാരിക്കും, എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, ഞങ്ങള്‍ ആവശ്യമായ നടപടി സ്വീകരിക്കും,' കിഞ്ചരാപു പറഞ്ഞു.
ജീവനക്കാര്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. '... നിയന്ത്രണം വിട്ട യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയതിനു പുറമേ, ബാങ്കോക്കിലെ അധികാരികളുമായി പരാതി ഉന്നയിക്കാന്‍ അക്രമത്തിനിരയായ യാത്രക്കാരന് സഹായം നല്‍കാമെന്ന് ഞങ്ങളുടെ ക്രൂ വാഗ്ദാനം ചെയ്തു, എന്നാല്‍ ആ സമയത്ത് അത് നിരസിക്കപ്പെട്ടു. സംഭവം വിലയിരുത്തുന്നതിനും നിയന്ത്രണം വിട്ടു പ്രവര്‍ത്തിച്ച യാത്രക്കാരനെതിരെ എന്തെങ്കിലും നടപടിയുണ്ടെങ്കില്‍ അത് നിര്‍ണ്ണയിക്കുന്നതിനും ഒരു സ്വതന്ത്ര സമിതിയെ വെക്കും,' എയര്‍ ഇന്ത്യ പറഞ്ഞു.
മദ്യം കഴിച്ചതിന് ശേഷം സഹയാത്രികര്‍ക്ക് മേല്‍ മൂത്രമൊഴിച്ച നിരവധി സംഭവങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2023 മാര്‍ച്ചില്‍ ഒരു സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചതായി ആരോപിച്ച് യുഎസ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ആര്യ വോറയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിലക്കിയിരുന്നു. 2024 നവംബറില്‍, മദ്യപിച്ച ഒരാള്‍ എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ ഒരു വൃദ്ധ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചതായി ആരോപിക്കപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്