ലഖ്നൗ: താമസസ്ഥലത്തിന്റെ ഗേറ്റ് അടയ്ക്കാൻ മറന്നതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് അയല്‍വാസിയുടെ ചെവി യുവതി കടിച്ചുമുറിച്ചതായി റിപ്പോർട്ട്. കടിച്ചെടുത്ത ചെവിക്കഷണത്തിന്റെ ഒരു ഭാഗം യുവതി വിഴുങ്ങി എന്നും റിപ്പോർട്ടുകളും ഉണ്ട്. കടിച്ചെടുത്ത ചെവി തുപ്പാനാവശ്യപ്പെട്ടപ്പോഴായിരുന്നു യുവതി വായിലുള്ള ഒരു കഷണം വിഴുങ്ങിയത് എന്നാണ് പുറത്തു വരുന്ന വിവരം.
ഉത്തർപ്രദേശിലെ ആഗ്രയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. റിക്ഷാതൊഴിലാളിയായ രാംവീർ ബാഘേലിനാണ് പരുക്കേറ്റത്. രാംവീറും ആക്രമണം നടത്തിയ രാഖി എന്ന യുവതിയും ന്യൂ ആഗ്രയില്‍ ഒരേസ്ഥലത്ത് അടുത്തടുത്ത വീടുകളില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
അതേസമയം രാഖി വാടകക്കാരുമായി കലഹിക്കുന്നത് പതിവാണെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ രാംവീർ പറയുന്നത്. മാർച്ച് നാലിനാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. മറ്റൊരു വാടകക്കാരന്റെ മകനെ രാവിലെ ആറ് മണിക്ക് പരീക്ഷയ്ക്ക് കൊണ്ടുപോകേണ്ടതിനാല്‍ തിരക്കിട്ട് പോവുകയായിരുന്നു താനെന്ന് രാംവീർ വ്യക്തമാക്കുന്നു.
ധൃതിയിലായതിനാല്‍ ഗേറ്റടക്കാൻ വിട്ടുപോയി. ഉടനേതന്നെ രാഖി തന്നെ അധിക്ഷേപിക്കാൻ തുടങ്ങി. ഇതില്‍നിന്ന് യുവതിയെ തടയാൻ രാംവീർ ശ്രമിക്കുന്നതിനിടെ രാഖിയുടെ ഭർത്താവ് സഞ്ജീവ് രാംവീറിനെ കടന്നുപിടിച്ചു. കുതറിമാറാൻ ശ്രമിക്കുന്നതിനിടെ രാഖി രാംവീറിന്റെ ചെവിയുടെ താഴത്തെ ഭാഗം കടിച്ചെടുക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. വിവിധ വകുപ്പുകള്‍ ചേർത്ത് രാഖിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്