'ലഡ്കി ബഹിന്‍ യോജന'യുടെ ആനുകൂല്യം നേടിയതില്‍ 14,000 പുരുഷന്‍മാരും; മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്കുള്ള പദ്ധതിയില്‍ സര്‍ക്കാരിന് നഷ്ടം 1640 കോടി

JULY 27, 2025, 9:31 AM

മുംബൈ: സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ ലഡ്കി ബഹിന്‍ യോജന എന്ന പദ്ധതിയില്‍ നിന്ന് 14,000 ലധികം പുരുഷന്‍മാര്‍ ആനുകൂല്യം പറ്റിയതായി റിപ്പോര്‍ട്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കായി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പദ്ധതിയിലൂടെ രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ 21 വയസിനും 65 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ ധനസഹായമായി നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 

2024 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പാണ് ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം പദ്ധതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ഈ പദ്ധതി സഖ്യത്തെ പിന്തുണയ്ക്കുന്ന ഒരു ഘടകമാകുകയും ചെയ്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്. വനിത-ശിശു വികസനവകുപ്പ് (ഡബ്ല്യുസിഡി) നടത്തിയ കണക്കെടുപ്പിലാണ് 21.44 കോടി രൂപ 14,298 പുരുഷന്‍മാര്‍ക്ക് പദ്ധതിയിലൂടെ ലഭിച്ചതായി വ്യക്തമായത്. സ്ത്രീകളായ ഗുണഭോക്താക്കളാണെന്ന വ്യാജേന ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയാണ് പുരുഷന്മാര്‍ പണം അപഹരിച്ചത്. 

നടപ്പിലാക്കി പത്ത് മാസത്തിന് ശേഷമാണ് പദ്ധതിയുടെ ദുരുപയോഗം വെളിപ്പെടുന്നത്. ലഡ്കി ബഹിന്‍ പദ്ധതി പാവപ്പെട്ട സ്ത്രീകളെ സഹായിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയതാണെന്നും പുരുഷന്‍മാര്‍ പദ്ധതിയുടെ ഗുണഫലം നേടിയെടുത്തത് ഒരുതരത്തിലും അനുവദിക്കാനാകില്ലെന്നും തട്ടിപ്പിലൂടെ പണം നേടിയവരില്‍ നിന്ന് ആ തുക മൊത്തം തിരിച്ചുപിടിയ്ക്കുമെന്നും ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു. സഹകരിക്കാത്തപക്ഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.

പുരുഷന്‍മാര്‍ ഗുണഫലം നേടിയെടുത്തത് മാത്രമല്ല പദ്ധതിയുടെ പോരായ്മയെന്നും ഡബ്ല്യുസിഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ഹതയില്ലാത്ത ഒട്ടേറെ പേര്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ കയറിക്കൂടിയതിലൂടെ 1,640 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഒരേ കുടുംബത്തില്‍ നിന്ന് പദ്ധതിയില്‍ ഒന്നിലധികം സ്ത്രീകള്‍ പേര് ചേര്‍ത്തു. 7.97 ലക്ഷം സ്ത്രീകള്‍ ഇത്തരത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടതായും ഇതിലൂടെ മാത്രം 1,196 കോടി രൂപ ഖജനാവിന് നഷ്ടം വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മാത്രമല്ല 65 വയസിനുമേല്‍ പ്രായമുള്ള 2.87 ലക്ഷം സ്ത്രീകള്‍ പദ്ധതിയുടെ ഗുണഫലം നേടിയതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് 431.7 കോടി രൂപ നഷ്ടം വരുത്തി. സ്വന്തമായി കാറുകളുള്ള കുടുംബങ്ങളിലെ സ്ത്രീകളും പദ്ധതിയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. 1.62 ലക്ഷം സ്ത്രീകളാണ് ഇത്തരത്തില്‍ പദ്ധതിയിലുള്ളത്.

ഡബ്ല്യുസിഡിയുടെ റിപ്പോര്‍ട്ട് വലിയ തോതിലുള്ള പ്രതികരണത്തിന് വഴിവച്ചിരിക്കുകയാണ്. തട്ടിപ്പിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും എന്‍സിപി എംപി സുപ്രിയ സുലെ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam