'ഇന്ത്യക്കാരുടെയും ജീവന്‍ നഷ്ടമായി'; ജി7 ഉച്ചകോടിയില്‍ ട്രംപിനെ സാക്ഷിനിര്‍ത്തി കപ്പല്‍ ജീവനക്കാരുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് മോദി

JUNE 16, 2026, 6:53 PM

എവിയാന്‍: അമേരിക്കന്‍ ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച് ഇറാനിയന്‍ കപ്പലുകള്‍ക്ക് നേരെ യു.എസ് സേന നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സിലെ എവിയാനില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലാണ് യു.എസ് പ്രെസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ഈ വിഷയം ഉന്നയിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ ആഗോള സമ്പദ്‌വ്യവസ്ഥയെയും സാധാരണക്കാരായ നാവികരെയും എങ്ങനെ ബാധിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'പുതിയ പങ്കാളിത്തങ്ങളും അന്താരാഷ്ട്ര ഐക്യദാര്‍ഢ്യവും കെട്ടിപ്പടുക്കല്‍' എന്ന വിഷയത്തില്‍ നടന്ന പ്രത്യേക സെഷനിലാണ് മോദി സംസാരിച്ചത്. പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, അതേസമയം തന്നെ അവിടെ നടക്കുന്ന സംഘര്‍ഷങ്ങള്‍ വരുത്തിവെക്കുന്ന മാനുഷികവും സാമ്പത്തികവുമായ നഷ്ടങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി.

'ഈ സംഘര്‍ഷം നമ്മുടെ സൗഹൃദ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വന്‍ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സമുദ്രവ്യാപാരം തടസപ്പെട്ടത് ആഗോള സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിച്ചു. നിരവധി ഇന്ത്യന്‍ സിവിലിയന്മാര്‍ക്കും ഇതില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്.'- പ്രധാനമന്ത്രി പറഞ്ഞു. ആഗോള സമുദ്ര വ്യാപാരത്തിലൂടെ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും സമുദ്രപാതകള്‍ ഭയരഹിതമായി തുടരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍ നിന്നുള്ള എണ്ണക്കടത്ത് തടയാന്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധത്തെ തുടര്‍ന്നാണ് ഒമാന്‍ ഉള്‍ക്കടലില്‍ സംഘര്‍ഷം കടുപ്പമേറിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യന്‍ ജീവനക്കാരുള്ള മൂന്ന് വിദേശ കപ്പലുകള്‍ക്ക് നേരെയാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം നടത്തിയത്.

ആക്രമണത്തിന് ഇരയായ കപ്പലുകളൊന്നും ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതല്ലെങ്കിലും, ഇവയില്‍ ഭൂരിഭാഗവും ഇന്ത്യന്‍ നാവികരായിരുന്നു ജോലി ചെയ്തിരുന്നത്. യു.എസ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കപ്പലുകള്‍ തയ്യാറാകാത്തതിനാലാണ് ആക്രമിച്ചതെന്നാണ് അമേരിക്കന്‍ വാദം. ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ അമേരിക്കയോട് കടുത്ത ഭാഷയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ യു.എസ് ചാര്‍ജ് ഡി അഫയേഴ്സ് ജേസണ്‍ മീക്സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

ഇത്തരം ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ നാവികരുടെ ക്ഷേമത്തിന് രാജ്യം വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതിന് തൊട്ടുമുമ്പാണ് ജി7 വേദിയില്‍ പരസ്യമായി ഈ വിഷയം ഉന്നയിച്ചത് എന്നത് നയതന്ത്രപരമായി ഏറെ ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam