ലബനനില്‍ വെടിനിര്‍ത്തല്‍; യുഎസ്-ഇറാന്‍ നിര്‍ണായക ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക്

JUNE 19, 2026, 7:26 PM

ദുബായ്/വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ സമാധാന നീക്കങ്ങള്‍ക്ക് വഴിതുറന്ന് ലബനനില്‍ ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായി. മേഖലയിലെ ശകതമായ പോരാട്ടം യുഎസ്-ഇറാന്‍ ഇടക്കാല സമാധാന കരാറിനെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ചയോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന്, ഇറാനുമായുള്ള ആണവ ചര്‍ച്ചകളുടെ ആദ്യ ഘട്ടത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തിരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലബനനിലെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടിയിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് യാത്ര റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായെങ്കിലും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ചര്‍ച്ചകള്‍ പുനരാരംഭിക്കുകയായിരുന്നു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ആഗോള കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതില്‍ ഈ ചര്‍ച്ചകള്‍ ഏറെ നിര്‍ണായകമാണ്.

വെടിനിര്‍ത്തലിന് വഴങ്ങാന്‍ ഇസ്രായേലിനോട് താന്‍ ആവശ്യപ്പെട്ടിരുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. യുഎസും ഖത്തറും ഇറാന്റെ സഹായത്തോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ തയ്യാറാക്കിയത്. വെള്ളിയാഴ്ച ലബനന്‍ സമയം വൈകിട്ട് 4 മണിയോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഹിസ്ബുള്ള ആക്രമണം നടത്തിയില്ലെങ്കില്‍ തങ്ങള്‍ യുദ്ധത്തിനില്ലെന്ന് ഇസ്രായേല്‍ വക്താക്കള്‍ അറിയിച്ചെങ്കിലും ദക്ഷിണ ലബനന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം നിലയുറപ്പിക്കും.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 47 പേര്‍ കൊല്ലപ്പെടുകയും 97 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാല് ഇസ്രായേല്‍ സൈനികരും ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അതേസമയം ഇടക്കാല കരാറിന്റെ പ്രധാന വ്യവസ്ഥകളില്‍ ഒന്ന് ലബനന്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും സൈനിക നടപടികള്‍ ഉടനടി അവസാനിപ്പിക്കണം എന്നതായിരുന്നു.

ജൂണ്‍ 23 മുതല്‍ 25 വരെ വാഷിംഗ്ടണില്‍ ഇസ്രായേല്‍-ലബനന്‍ ചര്‍ച്ചകളുടെ അടുത്ത ഘട്ടം നടക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഫെബ്രുവരി 28 ന് യുഎസും ഇസ്രായേലും ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തോടെയാണ് നിലവിലെ യുദ്ധം ആരംഭിച്ചത്. ഇതുവരെ ഇറാനിലും ലബനനിലുമായി 7,000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആഗോളതലത്തില്‍ ഇന്ധന വില വര്‍ധനവിനും പണപ്പെരുപ്പത്തിനും ഈ യുദ്ധം കാരണമായിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ വാര്‍ത്ത പുറത്തുവന്നതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ ഈ ആഴ്ച 8% ഇടിവുണ്ടായി. യുദ്ധത്തെത്തുടര്‍ന്ന് ഇറാന്‍ തടസ്സപ്പെടുത്തിയ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടക്കുന്ന കാലയളവില്‍ കപ്പലുകളില്‍ നിന്നുള്ള പ്രത്യേക ഫീസുകള്‍ ഒഴിവാക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി.

അതേസമയം, ഇറാനോട് കടുത്ത ഇളവുകള്‍ കാണിച്ചു എന്ന ആഭ്യന്തര വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. യുദ്ധം ഇറാനെ തകര്‍ത്തുവെന്നും ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് അവരാണെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 60 ദിവസത്തെ സമയം കൃത്യമായി നിരീക്ഷിക്കുമെന്നും നിലവില്‍ ഇറാന് പണമൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam