ടെഹ്‌റാന്‍: അന്തരിച്ച ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ടെഹ്‌റാനില്‍ തുടക്കമായി. ടെഹ്‌റാനിലെ ഇമാം ഖമേനി ഗ്രാന്‍ഡ് മൊസല്ലയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ഖമേനിയുടെ മൂന്ന് ആണ്‍മക്കള്‍ പങ്കെടുത്തുവെങ്കിലും, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ട മകന്‍ മൊജ്താബ ഖമേനി ചടങ്ങില്‍ എത്തിയില്ല.
മോസ്തഫ, മെയ്‌സം, മസൂദ് ഖമേനി എന്നിവര്‍ ഭൗതിക ശരീരങ്ങള്‍ അടക്കം ചെയ്ത പെട്ടികള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു. കഴിഞ്ഞ ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനിയും അദ്ദേഹത്തിന്റെ മകള്‍, മരുമക്കള്‍, 14 മാസം പ്രായമുള്ള കൊച്ചുമകള്‍ എന്നിവരടങ്ങുന്ന കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ടുനിന്ന തീവ്രമായ സൈനിക നീക്കങ്ങള്‍ക്കൊടുവില്‍ നിലവില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
അക്രമണത്തില്‍ പുതിയ പരമോന്നത നേതാവായ മൊജ്താബ ഖമേനിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മൊജ്താബയുടെ മുഖത്തിന് വൈരൂപ്യം സംഭവിച്ചതായും കാലുകള്‍ക്ക് ഗുരുതരമായ പരിക്കുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കുകളില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനാകാത്തതിനാലോ സുരക്ഷാ കാരണങ്ങളാലോ ആകാം അദ്ദേഹം ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നാണ് കരുതപ്പെടുന്നത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖേര്‍ ഖാലിബാഫ് തുടങ്ങിയ പ്രമുഖ നേതാക്കളും പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു.
ചടങ്ങുകള്‍ക്കിടെ ഖമേനിയുടെ മകന്‍ മസൂദ് വികാരാധീനനായി കരയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പരമോന്നത നേതാവിനോടുള്ള ആദര സൂചകമായി രാജ്യത്ത് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിലാപ യാത്രകളാണ് അധികൃതര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ടെഹ്‌റാനിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം ഇറാന്റെ ആത്മീയ കേന്ദ്രമായ ഖോമിലേക്കും, തുടര്‍ന്ന് അയല്‍ രാജ്യമായ ഇറാഖിലെ ഷിയാ പുണ്യകേന്ദ്രങ്ങളായ നജാഫ്, കര്‍ബല എന്നിവിടങ്ങളിലേക്കും കൊണ്ടുപോകും. അതിനുശേഷം വ്യാഴാഴ്ച മഷാദിലെത്തിച്ചാകും ഔദ്യോഗിക സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
