കീവ്: യുക്രൈന്റെ വടക്കുകിഴക്കൻ മേഖലയായ ഖാർകീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ഒരു ഗർഭിണിയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും യുക്രൈൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഖാർകീവ് മേഖലയിലെ ചുഹൂയിവ് നഗരത്തിൽ രാത്രിയിലുണ്ടായ മിസൈൽ ആക്രമണത്തിലാണ് 22 വയസ്സുള്ള ഗർഭിണിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നിരവധി സമുച്ചയങ്ങളും കടകളും തകർന്നു. ഖാർകീവ് നഗരത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ 16 പേർ ചികിത്സ തേടിയതായി റീജണൽ ഗവർണർ ഒലെ സിനിഹുബോവ് അറിയിച്ചു.
അതേസമയം, റഷ്യ പിടിച്ചെടുത്ത ക്രിമിയൻ മേഖലയിലേക്ക് യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ തങ്ങൾ പ്രതിരോധിച്ചതായി റഷ്യൻ അനുകൂല ഭരണകൂടവും വ്യക്തമാക്കി. റഷ്യൻ എണ്ണക്കമ്പനികളെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം ശക്തമാക്കിയതോടെ ക്രിമിയ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇന്ധനക്ഷാമം രൂക്ഷമായിട്ടുണ്ട്.
ഇതിനിടെ, നാറ്റോയുടെ (NATO) അതിർത്തി മേഖലയിൽ വീണ്ടും സുരക്ഷാ ആശങ്കയുയർത്തി റഷ്യയിൽ നിന്നും ലാത്വിയൻ വ്യോമാതിർത്തിയിലേക്ക് കടന്ന ഒരു ഡ്രോണിനെ ഫ്രഞ്ച് റഫാൽ യുദ്ധവിമാനം വെടിവെച്ചിട്ടു.
യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ, സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള നിർണായക നീക്കങ്ങൾ സജീവമായിട്ടുണ്ട്. അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്നർ എന്നിവരുമായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി ഫോണിൽ സംസാരിച്ചു. വരും ആഴ്ചകളിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ സജീവമായി ഇടപെടാൻ ഇരുവരും സന്നദ്ധത പ്രകടിപ്പിച്ചതിനെ സെലൻസ്‌കി സ്വാഗതം ചെയ്തു.
കഴിഞ്ഞ ആഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് നേരിട്ടുള്ള ചർച്ചകൾക്കായി സെലൻസ്‌കി കത്തയച്ചിരുന്നെങ്കിലും പുടിൻ അത് തള്ളിയിരുന്നു. "പുടിന് ചുറ്റുമുള്ളവരിൽ പകുതിപേർ യുദ്ധം തുടരാനും ബാക്കി പകുതിപേർ അത് നിർത്താനും ആഗ്രഹിക്കുന്നുണ്ട്. റഷ്യൻ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്ന് അവിടുത്തെ ബിസിനസുകാർക്ക് മനസ്സിലായിട്ടുണ്ട്," സെലൻസ്‌കി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് യാതൊരു ഭീഷണിയുമില്ലെന്നാണ് പുടിന്റെ വാദം. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സെലൻസ്‌കി തിരിച്ചെത്തിയുടനെയാണ് റഷ്യ വീണ്ടും ആക്രമണം ശക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
