ബാങ്കോക്ക്: ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം തുടരാൻ തായ്‌ലന്റ് സർക്കാർ തീരുമാനിച്ചു. വിസയില്ലാതെ പ്രവേശനം പൂർണമായി അവസാനിപ്പിക്കുമെന്ന ആശങ്കകൾക്കിടെയാണ് മന്ത്രിസഭ പുതിയ തീരുമാനം അംഗീകരിച്ചത്.
ഇന്ത്യൻ സന്ദർശകരുടെ യാത്രാ രീതികളും ടൂറിസം മേഖലയിലെ ആവശ്യകതകളും പരിഗണിച്ചാണ് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതെന്ന് തായ്‌ലന്റ് ടൂറിസം മന്ത്രി സുരസാക് പഞ്ചരോയൻവൊരാകുൽ അറിയിച്ചു. ഭാവിയിൽ ഈ സംവിധാനത്തെ തുടർന്ന് പ്രശ്നങ്ങൾ ഉണ്ടായാൽ തീരുമാനം പുനഃപരിശോധിക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇന്ത്യക്കാർക്ക് തായ്‌ലന്റ്ൽ 60 ദിവസം വരെ വിസയില്ലാതെ തുടരാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ ഈ വർഷം മേയിൽ വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്ന 60 ദിവസത്തെ വിസരഹിത പ്രവേശനം അവസാനിപ്പിക്കാൻ സർക്കാർ നീക്കം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായതായാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് വിസരഹിത പ്രവേശനം പൂർണമായും ഒഴിവാക്കാതെ, അതിന്റെ കാലാവധി 60 ദിവസത്തിൽ നിന്ന് 30 ദിവസമാക്കി നിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചത്.
തായ്‍ലൻഡിലെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ ചൈനയും മലേഷ്യയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. നിലവിൽ ചൈനയിലെയും മലേഷ്യയിലെയും പൗരന്മാർക്ക് 60 ദിവസത്തെ വിസരഹിത പ്രവേശനം തുടരുന്നുണ്ട്.
മുമ്പ് 93 രാജ്യങ്ങൾക്ക് 60 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിച്ചിരുന്ന തായ്‌ലന്റ്, അത് 54 രാജ്യങ്ങളായി ചുരുക്കാൻ ആലോചിച്ചിരുന്നു. ഇതിനൊപ്പം യോഗ്യരായ ചില രാജ്യങ്ങൾക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം നൽകുന്ന സംവിധാനവും പരിഗണിച്ചിരുന്നെങ്കിലും പിന്നീട് അന്തിമ രൂപം നൽകുകയായിരുന്നു.
ഇന്ത്യയ്ക്ക് പുറമേ ക്രൊയേഷ്യ, ബൾഗേറിയ, സൈപ്രസ്, മാൾട്ട, മാലദ്വീപ് എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. പുതിയ തീരുമാനത്തോടെ 30 ദിവസത്തെ വിസരഹിത പ്രവേശനത്തിന് അർഹമായ രാജ്യങ്ങളുടെ എണ്ണം 60 ആയി ഉയർന്നു. ഇതിൽ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളും ഉൾപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
