ന്യൂഡൽഹി: സൗദി അറേബ്യയിലെ അൽ ഖർജിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. നേരത്തെ ഒരു ഇന്ത്യക്കാരനും ബംഗ്ലാദേശ് പൗരനും കൊല്ലപ്പെട്ടതായി സൗദി സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് തിരുത്തി. ആക്രമണത്തിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാരാണ് മരിച്ചത്. പരിക്കേറ്റ 12 പേരിൽ ഒരാൾ ഇന്ത്യക്കാരനാണെന്നും ഇയാൾ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും എംബസി വ്യക്തമാക്കി.
പരിക്കേറ്റ ഇന്ത്യൻ പൗരനെ എംബസി കൗൺസിലർ വൈ. സാബിർ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. നിർഭാഗ്യകരമായ ഈ സംഭവത്തിൽ ഇന്ത്യൻ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് ആശ്വാസകരമാണെന്ന് എംബസി എക്സിലൂടെ അറിയിച്ചു.
ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ചേർന്ന് തെഹ്‌റാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ആരംഭിച്ച സംഘർഷം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. അമേരിക്കൻ സൈനിക സാന്നിധ്യമുള്ള പ്രിൻസ് സുൽത്താൻ എയർബേസ് ഉൾപ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ട് ഇറാൻ നിരന്തരമായ ആക്രമണങ്ങളാണ് നടത്തുന്നത്.
പ്രതികൂല സാഹചര്യത്തിലും റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സൗദിയിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഡ്വൈസറി പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിലവിൽ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും ആവശ്യമുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും എംബസി വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പറുകളും എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം, അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് തുടർന്നാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന് സൗദി അറേബ്യ ഇറാന് മുന്നറിയിപ്പ് നൽകി. അടിസ്ഥാനരഹിതമായ കാരണങ്ങൾ പറഞ്ഞ് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുകയാണെന്നും ഇത്തരം നീക്കങ്ങൾ ഭാവിയിലെ ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
