ഇസ്രായേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; ഇറാന്‍ ചര്‍ച്ചകളില്‍ പ്രതീക്ഷ

JUNE 3, 2026, 7:35 PM

ദോഹ/വാഷിംഗ്ടണ്‍: മേഖലയെ വന്‍ യുദ്ധത്തിലേക്ക് തള്ളിവിട്ട സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലിക ശമനം നല്‍കിക്കൊണ്ട് ഇസ്രായേലും ലെബനനും വെടിനിര്‍ത്തലിന് ധാരണയായി. യു.എസ്-ഇസ്രായേല്‍ സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഈ നീക്കം പുതിയ ഊര്‍ജ്ജം പകരുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ആക്രമണം പൂര്‍ണ്ണമായി നിര്‍ത്തണമെന്നും സൗത്ത് ലിതാനി മേഖലയില്‍ നിന്ന് തങ്ങളുടെ സൈനികരെ പൂര്‍ണമായും പിന്‍വലിക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസവും ഇരുപക്ഷവും വെടിനിര്‍ത്തലിന് ധാരണയായിരുന്നെങ്കിലും അതിര്‍ത്തിയില്‍ പോരാട്ടം തുടരുകയായിരുന്നു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് മാര്‍ച്ചിലാണ് ഇസ്രായേല്‍ ലെബനനില്‍ അധിനിവേശം ആരംഭിച്ചത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങള്‍ക്കിടയിലും ഗള്‍ഫ് മേഖലയില്‍ വന്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 60-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ വിമാനത്താവളത്തിനും ഡിപ്ലോമാറ്റിക് മിഷനുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ കനത്ത സുരക്ഷാ മുന്‍കരുതലുകളോടെ പിന്നീട് പുനരാരംഭിച്ചു.

എന്നാല്‍ കുവൈറ്റില്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും, യു.എസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ലക്ഷ്യം തെറ്റി പതിച്ചതാണ് നാശനഷ്ടത്തിന് കാരണമായതെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് അവകാശപ്പെട്ടു. ഇത് വസ്തുതാവിരുദ്ധമാണെന്നും ഇറാന്‍ തന്നെ വിമാനത്താവളം ലക്ഷ്യമിട്ടതാണെന്നും യു.എസ് സൈന്യം വ്യക്തമാക്കി.

ബഹ്‌റൈനിലെ യു.എസ് അഞ്ചാം ഫ്‌ലീറ്റ് ആസ്ഥാനത്തിന് നേരെയും യു.എസ് വ്യോമതാവളത്തിന് നേരെയും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഖേഷ്ം ദ്വീപിലെ ഇറാന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ക്കും മൈന്‍ നിക്ഷേപിക്കാന്‍ ശ്രമിച്ച ഇറാന്‍ ബോട്ടുകള്‍ക്കും നേരെ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ശക്തമായ പ്രതിരോധ ആക്രമണങ്ങള്‍ നടത്തി.

കഴിഞ്ഞ ഫെബ്രുവരി 28 ന് യു.എസും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതു മുതല്‍ ആഗോള എണ്ണ വിപണിയുടെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനും കടലിടുക്ക് തുറക്കാനുമുള്ള പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും ഇറാന്‍ കടുത്ത നിബന്ധനകളാണ് മുന്നോട്ട് വെക്കുന്നത്. തങ്ങള്‍ക്കെതിരെയുള്ള യു.എസ് ഉപരോധങ്ങള്‍ നീക്കുക, എണ്ണ വരുമാനത്തിന്‍മേലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, ലെബനനിലെ ഇസ്രായേല്‍ അധിനിവേശം പൂര്‍ണ്ണമായി നിര്‍ത്തുക എന്നിവയാണ് ഇറാന്റെ ആവശ്യങ്ങള്‍.

ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമേനി നേരിട്ട് ചര്‍ച്ചകളില്‍ പങ്കാളിയാകുന്നുണ്ടെന്നും വരുന്ന വാരാന്ത്യത്തോടെ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി ഉണ്ടായേക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ലെബനന്‍ സംഘര്‍ഷത്തെയും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെയും രണ്ട് വെവ്വേറെ വിഷയങ്ങളായി കണ്ട് ചര്‍ച്ചകള്‍ നടത്താനാണ് യു.എസ് ശ്രമിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam