ടെല്‍ അവീവ്: ഹമാസിന്റെ സൈനിക മേധാവിയായ ഇസ അല്‍ ദിന്‍ അല്‍ ഹദ്ദാദിനെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന. ഗാസ സിറ്റിയില്‍ വെള്ളിയാഴ്ച നടത്തിയ ശക്തമായ സൈനിക നടപടിയിലാണ് ഹദ്ദാദ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കുള്ള, ഹമാസിന്റെ നേതൃനിരയിലെ അവശേഷിച്ച അവസാനത്തെ മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളാണ് ഇല്ലാതായതെന്ന് ഐ.ഡി.എഫ് വ്യക്തമാക്കി.
മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പരമോന്നത പദവിയിലേക്ക് ഇസ അല്‍ ദിന്‍ അല്‍ ഹദ്ദാദ് എത്തിയത്. തകര്‍ന്നടിഞ്ഞ ഹമാസിനെ പുനരുജ്ജീവിപ്പിക്കാനും ഇസ്രയേലിനെതിരെയുള്ള തിരിച്ചടികള്‍ ഏകോപിപ്പിക്കാനും മുന്നില്‍ നിന്ന് നയിച്ചത് ഹദ്ദാദായിരുന്നു. ഇസ്രയേല്‍ സാധാരണക്കാരെയും സൈനികരെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് ഹദ്ദാദ് ആസൂത്രണം ചെയ്തിരുന്നത്. ഇസ്രയേലില്‍ നിന്നും തട്ടിക്കൊണ്ടുപോയ ബന്ദികളെ പാര്‍പ്പിച്ചിരുന്ന സ്ഥലങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം ഇയാളുടെ പക്കലായിരുന്നു. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ബന്ദികളെ ഇയാള്‍ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നതായും ഐ.ഡി.എഫ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഹദ്ദാദിനൊപ്പം മറ്റ് രണ്ട് മുതിര്‍ന്ന ഹമാസ് നേതാക്കളെയും വെവ്വേറെ നടന്ന ആക്രമണങ്ങളില്‍ വധിച്ചതായി ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്. ഹമാസിന് വേണ്ടി ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള കമാന്‍ഡര്‍മാരില്‍ ഒരാളാണ് കൊല്ലപ്പെട്ട ഇസ അല്‍ ദിന്‍ അല്‍ ഹദ്ദാദ്.
1980 കളില്‍ സംഘടനയില്‍ ചേര്‍ന്ന ഇയാള്‍ ഹമാസിന്റെ ഉന്നത രാഷ്ട്രീയ-സൈനിക നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തിപ്പോന്ന വ്യക്തിയാണ്. ഹമാസിന്റെ പ്രധാന വിഭാഗമായ 'ഗാസ സിറ്റി ബ്രിഗേഡിന്റെ' കമാന്‍ഡര്‍ പദവി ഉള്‍പ്പെടെ നിരവധി നിര്‍ണ്ണായക ചുമതലകള്‍ ഇയാള്‍ വഹിച്ചിട്ടുണ്ട്. ഹമാസിന്റെ ഉന്നതാധികാര സമിതിയായ 'ഹമാസ് മിലിട്ടറി കൗണ്‍സിലില്‍' അംഗമായിരുന്ന ഹദ്ദാദ്, ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍മാരില്‍ ഒരാളായിരുന്നു. ഹദ്ദാദിന്റെ മരണം ഹമാസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനത്തിന് ഏറ്റ കടുത്ത പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
