ടെഹ്‌റാന്‍: താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിച്ച് യുഎസും ഇറാനും പരസ്പരം ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായി. കുവൈറ്റിലും ബഹ്‌റൈനിലും സ്ഥിതി ചെയ്യുന്ന എട്ട് യുഎസ് സൈനിക താവളങ്ങള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളിലൂടെ തകര്‍ത്തതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍സ് അവകാശപ്പെട്ടു.
അതേസമയം കടലിലുണ്ടായ ആക്രമണത്തിന്റെ ഷെല്‍ കഷ്ണങ്ങള്‍ തറച്ച് ഒരു ഖത്തര്‍ സ്വദേശി കൊല്ലപ്പെട്ടതായും മറ്റൊരാള്‍ക്ക് പരുക്കേറ്റതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഹോര്‍മുസ് കടലിടുക്കിന് ബദലായി ഒമാന്‍ തീരത്തുകൂടി ചരക്കുകപ്പലുകള്‍ കടത്തിവിടാനുള്ള യുഎസ് നീക്കമാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഒമാന്‍ തീരത്ത് ചരക്കുകപ്പലിന് നേരെയും, ശനിയാഴ്ച ഖത്തറില്‍ നിന്നുള്ള പാനമ പതാകയേന്തിയ എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായി.
ഇതിന് തിരിച്ചടിയായി തെക്കന്‍ ഇറാനിലെ ഖേഷം ദ്വീപ്, സിരിക്, ബന്തര്‍ലന്‍ക എന്നീ തീരദേശ നഗരങ്ങളിലെ ഇറാന്റെ സൈനിക റഡാര്‍ സംവിധാനങ്ങള്‍ക്ക് നേരെ യുഎസ് പോര്‍വിമാനങ്ങള്‍ ബോംബാക്രമണം നടത്തി. ഈ ആക്രമണത്തിനുള്ള പ്രതികാരമായാണ് കുവൈറ്റിലെ അലി അല്‍ സലേം എയര്‍ബേസിനും ബഹ്‌റൈനിലെ യുഎസ് ഫിഫ്ത് ഫ്‌ലീറ്റ് കേന്ദ്രങ്ങള്‍ക്കും നേരെ ഇറാന്‍ ശക്തമായ ബാലിസ്റ്റിക് മിസൈല്‍ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ടത്.
'തുടങ്ങി വച്ച ജോലി സൈനികമായിത്തന്നെ യുഎസ് പൂര്‍ത്തിയാക്കും. അങ്ങനെ വന്നാല്‍ ഇറാന്‍ എന്ന രാജ്യം തന്നെ ബാക്കിയുണ്ടാവില്ല' എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
ട്രംപിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും മിസൈലുകള്‍ പതിച്ചു. ബഹ്‌റൈനിലെ മുഹറാഖ് പ്രവിശ്യയില്‍ ഒരു പാര്‍പ്പിടസമുച്ചയം തകര്‍ന്നതായും എന്നാല്‍ ആളപായമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്ന് ബഹ്‌റൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസുമായി ഒപ്പിട്ട ഇസ്ലാമാബാദ് ധാരണാപത്രമനുസരിച്ച് ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇറാനാണെന്നും അതില്‍ ബാഹ്യശക്തികള്‍ ഇടപെടരുതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ലംഘിച്ചുള്ള യുഎസ് നീക്കങ്ങള്‍ നയതന്ത്ര ചര്‍ച്ചകളുടെ അന്ത്യം കുറിക്കുമെന്ന് ഐആര്‍ജിസിയും മുന്നറിയിപ്പ് നല്‍കി.
60 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ ഈയാഴ്ച നടക്കാനിരിക്കെയാണ് പശ്ചിമേഷ്യയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുന്നത്. തെക്കന്‍ ലബനനില്‍ നിന്ന് പിന്മാറാന്‍ ഇസ്രയേല്‍ സൈന്യം വിസമ്മതിക്കുന്നതും നിലവിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
