ചാമ്പ്യന്‍സ് ലീഗ് വിജയം: പാരീസില്‍ വ്യാപക അക്രമം; നാനൂറിലധികം പേര്‍ അറസ്റ്റില്‍

MAY 31, 2026, 5:19 AM

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ആഴ്‌സണലിനെ പരാജയപ്പെടുത്തി പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ഫ്രാന്‍സില്‍ വ്യാപക അക്രമം. പാരീസ് ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളില്‍ ഫുട്‌ബോള്‍ ആരാധകരും പൊലീസും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 400 ല്‍ അധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുഡാപെസ്റ്റിലെ പുസ്‌കാസ് അരീനയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ആഴ്‌സണലിനെ വീഴ്ത്തി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്മാരായത്. ഇതിന് തൊട്ടുപിന്നാലെ പാരീസിലെ പ്രശസ്തമായ ഷാംപ്‌സ്-എലിസീസ് തെരുവുകളിലേക്ക് പതിനായിരക്കണക്കിന് ആരാധകര്‍ ഒഴുകിയെത്തുകയായിരുന്നു.

ആഘോഷങ്ങള്‍ പെട്ടെന്ന് തന്നെ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. നഗരമധ്യത്തില്‍ പലയിടത്തും ആരാധകര്‍ കൂട്ടത്തോടെ പടക്കങ്ങളും തീപ്പന്തങ്ങളും കത്തിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് ബൈക്കുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിടുകയും കടകളുടെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് പലതവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

സംഘര്‍ഷത്തെത്തുടര്‍ന്ന് തലസ്ഥാന നഗരത്തിലെ ബസ്, ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ പൂര്‍ണമായി തടസപ്പെട്ടു. ആരാധകരുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക്ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ച വമ്പന്‍ സ്‌ക്രീനുകളില്‍ കളി കാണാനെത്തിയ ആരാധകരും പൊലീസും തമ്മില്‍ മത്സരത്തിന് മുന്‍പ് തന്നെ ചെറിയ രീതിയില്‍ ഏറ്റുമുട്ടിയിരുന്നു.

കഴിഞ്ഞ വര്‍ഷം പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് നേടിയപ്പോഴും ഫ്രാന്‍സില്‍ സമാനമായ രീതിയില്‍ വലിയ തോതില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും അത് മരണങ്ങളില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് ഇത്തവണ രാജ്യമൊട്ടാകെ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അധികൃതര്‍ വിന്യസിച്ചിരുന്നത്.

സാധ്യമായ അനിഷ്ട സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ട് വളരെ ശക്തവും ദൃഢവുമായ ഒരു സുരക്ഷാ സംവിധാനമാണ് ഇത്തവണ അധികാരികള്‍ ഒരുക്കിയിരുന്നത്. അതുകൊണ്ടാണ് സ്ഥിതിഗതികള്‍ വേഗത്തില്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് ന്യൂനെസ് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam