ദുബായ്: പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്കയും ഇറാനും തമ്മില്‍ രൂപീകരിച്ച താല്‍ക്കാലിക കരാര്‍ രണ്ടാഴ്ചയ്ക്കകം തകര്‍ന്നു. ഹോര്‍മുസ് കടലിടുക്കില്‍ ശനിയാഴ്ച വീണ്ടും എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതോടെ മേഖല കടുത്ത യുദ്ധഭീതിയിലായി. കടലിടുക്കിലൂടെ കടന്നുപോയ ടാങ്കറിന് നേരെ അജ്ഞാത വസ്തു പതിക്കുകയായിരുന്നുവെന്ന് ബ്രിട്ടന്റെ സമുദ്ര സുരക്ഷാ ഏജന്‍സി സ്ഥിരീകരിച്ചു.
കഴിഞ്ഞ നാല് മാസമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച ഇടക്കാല കരാര്‍ ലംഘിക്കപ്പെട്ടതായി ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി. അമേരിക്ക രാത്രിയില്‍ ഇറാന്‍ ലക്ഷ്യ സ്ഥാനങ്ങളില്‍ ആക്രമണം നടത്തിയപ്പോള്‍, ശനിയാഴ്ച യുഎസ് സേനയുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ തിരിച്ചടി നല്‍കിയതായി ഇറാനും വ്യക്തമാക്കി. ഇതോടെയാണ് മേഖലയിലെ സ്ഥിതിഗതികള്‍ വീണ്ടും വഷളായത്.
വ്യാഴാഴ്ച ചരക്കുകപ്പലിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ശനിയാഴ്ച എണ്ണക്കപ്പലിനും നേരെ ആക്രമണമുണ്ടായത്. ശനിയാഴ്ച ആക്രമിക്കപ്പെട്ട ടാങ്കറിന്റെ ബ്രിഡ്ജ് ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് യുകെഎംടിഒ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കപ്പലുകളുടെ സുരക്ഷയ്ക്കായി രൂപീകരിച്ച അന്താരാഷ്ട്ര നാവികസേനാ സഖ്യം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആക്രമണങ്ങളെക്കുറിച്ച് ഇറാന്‍ നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും, തങ്ങള്‍ അനുമതി നല്‍കാത്ത ചാനലുകളിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച കപ്പലുകള്‍ക്ക് നേരെ റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് വെടിയുതിര്‍ത്തതായി ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്ക് മുറിച്ചുകടക്കാന്‍ ഇനി മുതല്‍ ഇറാന്റെ പ്രത്യേക അനുമതി പത്രം വാങ്ങാന്‍ കപ്പലുകള്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
