ടോക്യോ: ജോലിക്ക് കയറുന്നതിന് മുന്‍പ് കാബിന്‍ ക്രൂ മദ്യപിച്ച് കമ്പനി നിയമങ്ങള്‍ ലംഘിച്ചതിന് പിന്നാലെ, അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ജപ്പാന്‍ എയര്‍ലൈന്‍സ് സിഇഒ മിത്സുകോ തൊട്ടോറി. വീഴ്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍ നിന്ന് കമ്പനി മേധാവിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്വന്തം ശമ്പളത്തിന്റെ 30 ശതമാനമാണ് സിഇഒ രണ്ട് മാസത്തേക്ക് കുറച്ചത്. ആഗോള മാധ്യമമായ ബിസിനസ് ഇന്‍സൈഡറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുകള്‍ക്ക് കമ്പനിയുടെ ഉയര്‍ന്ന തലത്തിലുള്ളവര്‍ തന്നെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്ന ജപ്പാനിലെ തനതായ കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ ഭാഗമായാണ് നടപടി. സുരക്ഷാ ചുമതലയുള്ള രണ്ട് എക്‌സിക്യൂട്ടീവുകളുടെ ശമ്പളം ഒരു മാസത്തേക്ക് 20 ശതമാനം കുറച്ചു. കൂടാതെ കമ്പനി ചെയര്‍മാനെ സുരക്ഷാ കണ്‍ട്രോളര്‍ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. കൂടാതെ കമ്പനിയിലെ മുഴുവന്‍ ഡയറക്ടര്‍മാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ശമ്പളത്തില്‍ ഒരു മാസത്തേക്ക് 10 ശതമാനം കുറവ് വരുത്തും.
കഴിഞ്ഞ മെയ് മാസത്തില്‍ ഒരു ആഭ്യന്തര സര്‍വീസിന് തൊട്ടുമുന്‍പാണ് സംഭവം നടക്കുന്നത്. വിമാനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഉള്‍പ്പെടെയുള്ള രണ്ട് ജീവനക്കാര്‍ വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള നിശ്ചിത മണിക്കൂറുകളില്‍ മദ്യപിക്കരുതെന്ന കമ്പനിയുടെ കര്‍ശന നിര്‍ദ്ദേശം ലംഘിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ ഇവര്‍ മദ്യം കഴിച്ചതായി കണ്ടെത്തുകയും, വിവരം മറച്ചുവെക്കാന്‍ ശ്രമിച്ച ജീവനക്കാരിയെ പിരിച്ചുവിടുകയും മറ്റൊരാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഈ വീഴ്ച മൂലം വിമാന സര്‍വീസ് 42 മിനിറ്റോളം വൈകിയതും വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിന് കാരണമായി.
താഴെത്തട്ടിലുള്ള ജീവനക്കാരുടെ പിഴവുകള്‍ക്ക് കമ്പനിയുടെ സിഇഒമാര്‍ പിഴയൊടുക്കുന്നതും മാപ്പപേക്ഷിക്കുന്നതും ജപ്പാനില്‍ പുതിയ കാര്യമല്ല. പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ 'നൊമുറ ഹോള്‍ഡിങ്സിലെ' മുന്‍ ജീവനക്കാരന്‍ ഒരു കൊലപാതകശ്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ബാങ്ക് സിഇഒ പരസ്യമായി മാപ്പപേക്ഷിക്കുകയും മൂന്ന് മാസത്തെ ശമ്പളം വേണ്ടെന്നുവെക്കുകയും ചെയ്തിരുന്നു.
കമ്പനിയുടെ ആന്തരിക സുരക്ഷാ മേല്‍നോട്ടത്തില്‍ വന്ന വീഴ്ചകള്‍ സ്വയം ഏറ്റെടുത്തുകൊണ്ട് സ്ഥാപനത്തിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാനാണ് ജപ്പാന്‍ എയര്‍ലൈന്‍സ് സിഇഒയുടെ ഈ വേറിട്ട നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
