പാരീസ്: വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ ടോംബ്ലെയ്ന്‍ നഗരത്തില്‍ സ്‌കൈ ഡൈവിംഗ് സംഘം സഞ്ചരിച്ച വിമാനം തകര്‍ന്നു വീണ് 11 പേര്‍ മരിച്ചു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് രാജ്യം ഞെട്ടിയ വന്‍ ദുരന്തം ഉണ്ടായത്. പൈലറ്റും വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരുമാണ് മരണപ്പെട്ടത്. യാത്രക്കാരില്‍ അഞ്ച് പേര്‍ സ്‌കൈഡൈവിംഗ് പഠിപ്പിക്കുന്ന ഇന്‍സ്ട്രക്ടര്‍മാരും ബാക്കി അഞ്ച് പേര്‍ പരിശീലിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളുമാണ്.
മൂര്‍ത്തെ എ മോസെല്‍ മേഖലയിലെ പ്രിഫെക്റ്റ് ആയ ഈവ്‌സ് സെഗുയി മാധ്യമങ്ങളെ അറിയിച്ചതനുസരിച്ച്, വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. പൈലറ്റ് അടിയന്തിര ലാന്‍ഡിംഗിന് ശ്രമിച്ചതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. സ്‌കൈഡൈവിംഗ് കാണാനായി വിമാനത്താവളത്തില്‍ എത്തിയ ഇവരുടെ ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് ദാരുണ സംഭവം നടന്നത്.
അപകടം നടന്ന ഉടന്‍ തന്നെ അടിയന്തിര രക്ഷാപ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ടോംബ്ലെയ്ന്‍ വിമാനത്താവളത്തിന് പരിസരത്തുള്ള പ്രദേശങ്ങളിലേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുതെന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസമില്ലാതെ സഞ്ചരിക്കാന്‍ സൗകര്യമൊരുക്കണമെന്നും പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വിമാനം ജനവാസ മേഖലയ്ക്ക് സമീപമുള്ള പുല്‍ത്തകിടിയിലാണ് വീണതെങ്കിലും ഭാഗ്യവശാല്‍ നിലത്തുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഭാഗികമായി വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
