റെക്കോഡ് കളക്ഷൻ നേട്ടവുമായി ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ. ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ഇതിനോടകം 115 കോടിയിലേക്ക് എത്തി. ഹനീഫ് അദേനി ഒരുക്കിയ ചിത്രം മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെയാണ് എത്തിയത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച മാർക്കോയുടെ തിരക്കഥ ഒരുക്കിയതും ഹനീഫ് അദേനിയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി എന്ന ഖ്യാതിയും മാർക്കോയ്ക്ക് സ്വന്തമായിട്ടുണ്ട്. ഡിസംബർ 20നാണ് മാർക്കോ റിലീസ് ചെയ്തത്.
അതേസമയം മാർക്കോയുടെ കന്നഡ പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനുവരി 31നാണ് മാർക്കോ കന്നഡ പതിപ്പ് റിലീസ് ചെയ്യുക. റിലീസ് വിവരം പങ്കുവച്ചുകൊണ്ട് പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. കുമാർ ഫിലിംസ് ആണ് ചിത്രം കന്നഡയിൽ റിലീസ് ചെയ്യുക. ഉണ്ണി മുകുന്ദന്റെ കരിയറിൽ വലിയ ബ്രേക് ത്രൂവായ മാർക്കോ മലയാളത്തിനും ഹിന്ദിക്കും പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദർശിപ്പിക്കുന്നുണ്ട്.
അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റൺ ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ഉണ്ണി മുകുന്ദനെ കൂടാതെ ജഗദീഷ്, സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്