നിങ്ങളുടെ സ്വന്തം വീട് നിമിഷനേരം കൊണ്ട് മറ്റൊരാളുടെ കൈകളിലേക്ക് മറിയുന്ന ചതിക്കുഴിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കാനഡയിലെ ഒന്റാറിയോയില്‍ സ്വപ്നഭവനം സ്വന്തമാക്കാന്‍ മോര്‍ട്ട്‌ഗേജ് എടുത്ത പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിരവധി സാധാരണക്കാരാണ് ഇപ്പോള്‍ ഇത്തരമൊരു വന്‍ സാമ്പത്തിക കെണിയില്‍ വീണിരിക്കുന്നത്.
വായ്പക്കാരെ സഹായിക്കാനെന്ന വ്യാജേന എത്തി, ഒടുവില്‍ അവരുടെ സമ്പാദ്യം മുഴുവന്‍ ചോര്‍ത്തിയെടുക്കുന്ന ഒരു ഇക്വിറ്റി സസ്ട്രിപ്പിംഗ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ടൊറന്റോയിലെ പ്രമുഖ റിയല്‍റ്ററും സ്വകാര്യ വായ്പക്കാരനുമായ സാം കാംറ എന്ന വ്യക്തിക്കെതിരെ ഒന്റാറിയോയിലെ ഔദ്യോഗിക ധനകാര്യ റെഗുലേറ്ററി അതോറിറ്റി (FSRA-(Financial Services Regulatory Authority of Ontario) ) അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. നിയമത്തിന്റെ കണ്ണുവെട്ടിച്ച് സാധാരണക്കാരുടെ ചോരനീരാക്കിയ സമ്പാദ്യം തട്ടിയെടുക്കുന്ന ഈ മോര്‍ട്ട്‌ഗേജ് മാഫിയയുടെ പ്രവര്‍ത്തന രീതികളും, ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും അറിയാം.
എന്താണ് ഇക്വിറ്റി സ്ട്രിപ്പിംഗ് തട്ടിപ്പ്?
കോടതി രേഖകള്‍ പ്രകാരം 2020 മുതല്‍ സാം കാംറയ്‌ക്കെതിരെ നിരവധി വഞ്ചനാക്കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. വായ്പ എടുക്കുന്നവരെ കെണിയിലാക്കാന്‍ ഇയാള്‍ വളരെ ആസൂത്രിതമായ രീതികളാണ് ഉപയോഗിച്ചിരുന്നതെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്വിറ്റി സ്ട്രിപ്പിംഗ് എന്നാണ് ഈ തട്ടിപ്പ് രീതി അറിയപ്പെടുന്നത്.
ആദ്യം ചെറിയ തുകയ്ക്ക് സ്വകാര്യ മോര്‍ട്ട്‌ഗേജുകള്‍ ക്രമീകരിച്ച് നല്‍കുന്ന ഇയാള്‍, പിന്നീട് വന്‍തോതിലുള്ള പലിശ നിരക്കുകളും അനാവശ്യ ഫീസുകളും ഈടാക്കാന്‍ തുടങ്ങും. സാധാരണക്കാരായ വായ്പക്കാര്‍ക്ക് ഈ തുക കൃത്യമായി തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍, ആ കുടിശ്ശിക കൂടി പുതിയ വായ്പകളിലേക്ക് കൂട്ടിച്ചേര്‍ത്ത് ഉയര്‍ന്ന നിരക്കില്‍ വീണ്ടും വായ്പ പുതുക്കി നല്‍കും. ഒടുവില്‍ വായ്പത്തുക വീടിയന്റെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ അധികമാവുകയും, വായ്പക്കാരന്‍ പൂര്‍ണ്ണമായും കടക്കെണിയിലാവുകയും ചെയ്യും. ഈ ഘട്ടത്തില്‍ കോടതി വഴി വീട് നിര്‍ബന്ധപൂര്‍വ്വം വില്‍പന നടത്തി ഇയാള്‍ പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.
ഇരകളുടെ ദുരനുഭവം
മുപ്പത് വര്‍ഷമായി താമസിച്ചിരുന്ന സ്വന്തം വീട് നഷ്ടപ്പെട്ട റോണ്ട ഗോള്‍ഡ് എന്ന അറുപതുകാരിയുടെ കഥ ഈ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ബേക്കിംഗ് ജോലി ചെയ്യുന്ന റോണ്ടയ്ക്ക് 2019ല്‍ 2,50,000 ഡോളറിന്റെ മോര്‍ട്ട്‌ഗേജാണ് സാം കാംറ ആദ്യം ഏര്‍പ്പാടാക്കി നല്‍കിയത്. എന്നാല്‍ ഉയര്‍ന്ന ഫീസുകളും പലിശയും കാരണം 2022 ആയപ്പോഴേക്കും ഈ കടം 8,48,679 ഡോളറായി ഉയര്‍ന്നു. അവസാന ഘട്ടത്തില്‍ ഇയാള്‍ ഈടാക്കിയത് പത്ത് മാസത്തേക്ക് ഏകദേശം 51 ശതമാനത്തിനടുത്ത് പലിശയായിരുന്നുവെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് കോടതി ഉത്തരവിലൂടെ ഇവരുടെ വീട് വില്‍ക്കേണ്ടി വരികയും ചെയ്തു. തനിക്കെതിരെ വായ്പക്കാര്‍ പരാതിപ്പെടാതിരിക്കാന്‍ റെഗുലേറ്റര്‍മാരുമായി ബന്ധപ്പെടില്ലെന്ന നിയമവിരുദ്ധ കരാറുകളില്‍ ഇയാള്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
മറ്റൊരു കേസില്‍ ലിസ, സോണിയ എന്നീ സഹോദരിമാരുടെ ഒപ്പുകള്‍ വ്യാജമായി ചമച്ച് ഉയര്‍ന്ന പലിശ നിരക്കില്‍ പുതിയ മോര്‍ട്ട്‌ഗേജ് രജിസ്റ്റര്‍ ചെയ്തതായും പരാതിയുണ്ട്. സാം കാംറയുടെ സഹോദരനും ലൈസന്‍സുള്ള മോര്‍ട്ട്‌ഗേജ് ബ്രോക്കറുമായ ബിലാല്‍ അബ്ദുള്ളയുടെ കമ്പനിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കോടതിയിലെത്തിയ രേഖകള്‍ വ്യക്തമാക്കുന്നത്.
കാംറയുടെ വാദവും നിലവിലെ സ്ഥിതിയും
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സാം കാംറ നിഷേധിച്ചിട്ടുണ്ട്. താന്‍ മോര്‍ട്ട്‌ഗേജ് ബ്രോക്കറായല്ല, മറിച്ച് ഒരു സ്വകാര്യ വായ്പക്കാരനായാണ് പ്രവര്‍ത്തിച്ചതെന്നാണ് ഇയാളുടെ വാദം. പണം കടം കൊടുക്കാനും വാങ്ങാനും ഏതൊരു വ്യക്തിക്കും നിയമപരമായ അവകാശമുണ്ടെന്നും ഇതില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഇയാള്‍ അവകാശപ്പെടുന്നു. നിലവില്‍ റീമാക്‌സ് മില്ലേനിയം റിയല്‍ എസ്റ്റേറ്റില്‍ സെയില്‍സ് പേഴ്സണായി ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ റിയല്‍ എസ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ഒന്റാറിയോ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
ഒന്റാറിയോയിലെ മൊത്തം മോര്‍ട്ട്‌ഗേജ് വിപണിയുടെ 15.8 ശതമാനവും ഇത്തരം സ്വകാര്യ വായ്പക്കാരാണ് കൈകാര്യം ചെയ്യുന്നത്.
കെണിയില്‍ വീഴാതിരിക്കാന്‍ അതീവ ജാഗ്രത അനിവാര്യം
ബാങ്കുകളുടെ കടുത്ത നിബന്ധനകള്‍ കാരണം വായ്പ ലഭിക്കാത്ത സാധാരണക്കാരെയാണ് ഇത്തരം സ്വകാര്യ മോര്‍ട്ട്‌ഗേജ് മാഫിയകള്‍ ലക്ഷ്യമിടുന്നത്. അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ വരുമ്പോള്‍ കൃത്യമായ ലൈസന്‍സോ അംഗീകാരമോ ഇല്ലാത്ത ഇടനിലക്കാരെ വിശ്വസിക്കുന്നത് സ്വന്തം ജീവത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കും. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാന്‍ കൃത്യമായ ധനകാര്യ സാക്ഷരതയും നിയമപരമായ മുന്‍കരുതലുകളും അത്യാവശ്യമാണ്.
സാം കാംറയെപ്പോലുള്ള വ്യക്തികളില്‍ നിന്നോ അവരുടെ ഷെല്‍ കമ്പനികളില്‍ നിന്നോ വായ്പയെടുത്ത് വഞ്ചിക്കപ്പെട്ടിട്ടുള്ളവര്‍ ഒട്ടും മടിക്കാതെ പൊലീസിനെയോ ഒന്റാറിയോ ധനകാര്യ റെഗുലേറ്ററെയോ നേരിട്ട് വിവരമറിയിക്കുക. വായ്പാ കരാറുകളില്‍ ഒപ്പിടുന്നതിന് മുന്‍പ് പ്രൊഫഷണല്‍ ലീഗല്‍ അഡൈ്വസ് തേടുന്നത് വഴി ഭാവിയിലെ വലിയൊരു ദുരന്തത്തില്‍ നിന്ന് നിങ്ങളുടെ സ്വപ്ന ഭവനത്തെ സുരക്ഷിതമായി കാത്തുസൂക്ഷിക്കാന്‍ സാധിക്കും.
English Summary
The Financial Services Regulatory Authority of Ontario (FSRA) has issued an urgent public warning against Greater Toronto Area realtor and private lender Sam Kamra, advising borrowers to avoid doing business with him and to report any fraudulent activity to the police. Multiple lawsuits accuse Kamra of operating predatory "equity-strip" schemes, where he allegedly imposed exorbitant fees and interest rates—reaching nearly 51 percent in one instance—forcing vulnerable, low-income homeowners into a cycle of escalating debt that ultimately resulted in defaults and court-ordered home sales. Despite strong condemnation from the court, including allegations of signature forgery involving his brother and licensed broker Bilal Abdallah, Kamra denies all wrongdoing and claims his private lending practices are entirely legal, while provincial regulators emphasize the growing risks faced by consumers in Ontario's massive $32-billion private mortgage market.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
