കാനേഡിയൻ മലയാളി ഐക്യവേദിയുടെ (നഫ്മാ കാനഡ) ഒന്റാറിയോ റീജിയണൽ കൺവെൻഷൻ ഒന്റാറിയോയിലെ കിച്ചണറിലുള്ള ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രൗഢഗംഭീരമായി നടന്നു. കാനഡയിലെ മലയാളി സംഘടനാ ചരിത്രത്തിൽ ശ്രദ്ധേയമായ ഈ കൺവെൻഷന് പ്രതിനിധി സംഗമത്തോടെയാണ് തുടക്കമായത്.
നാഷണൽ ഓൺലൈൻ കോൺഫറൻസിന് പിന്നാലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ അംഗസംഘടനകൾ സംഘടനാ രംഗത്ത് നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി. ഉയർത്തപ്പെട്ട വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കാനും, പ്രവർത്തനരൂപരേഖ തയ്യാറാക്കി നടപ്പാക്കാനും കൺവെൻഷൻ തീരുമാനിച്ചു. സോഫിയ ഭുവനേശ്വരും വെങ്കിടേശ്വരനും ചർച്ചകൾക്ക് നേതൃത്വം നൽകി.
സംഘടനകളുടെ ഐക്യമാണ് ഐക്യവേദിയുടെ മുഖ്യലക്ഷ്യമെന്ന് നാഷണൽ പ്രസിഡന്റ് കുര്യൻ പ്രക്കാനം അറിയിച്ചു. കാനഡയിലുടനീളം പ്രവർത്തിക്കുന്ന ചെറുതും വലുതുമായ എല്ലാ മലയാളി സംഘടനകളെയും ഏകോപിപ്പിച്ച് ശക്തമായ ഒരു വേദിയായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സംഘടനകളെ ഐക്യവേദിയുടെ ഭാഗമാക്കാനും യോഗം തീരുമാനിച്ചു.
തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം ഡോ. മാറ്റ് സ്ട്രാസ് എംപി ഉദ്ഘാടനം ചെയ്തു. നോർത്ത് അമേരിക്കൻ പ്രവാസി ലോകത്തെ പരമോന്നത ബഹുമതിയായ പ്രവാസി രത്‌ന അവാർഡ് മലയാളി സമൂഹത്തിന് ആറു ദശകത്തോളം നൽകിയ അനന്യ സേവനങ്ങളെ മാനിച്ച് ഡോക്ടർ പി.കെ. കുട്ടിക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങൾ മലയാളി സമൂഹം അതീവ ബഹുമാനത്തോടെയാണ് കാണുന്നതെന്ന് പ്രസിഡന്റ് കുര്യൻ പ്രക്കാനം പറഞ്ഞു.
നാഷണൽ മലയാളി ബിസിനസ് എക്‌സലൻസ് അവാർഡ് ജെയിംസ് ഓട്ടോ ഉടമ ബോബൻ ജെയിംസിന് സമ്മാനിച്ചു. ബിസിനസ് രംഗത്തെ മാതൃകാപരമായ വളർച്ചയും സമൂഹത്തിന് നൽകിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം. അവാർഡ് ജേതാക്കൾ ഐക്യവേദിയോടും മലയാളി സമൂഹത്തോടും നന്ദി രേഖപ്പെടുത്തി.
ഡോ. മാറ്റ് സ്ട്രാസ് എംപി നാട മുറിച്ച് കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജെസ് ഡിക്‌സൺ എംപിപി മുഖ്യാതിഥിയായിരുന്നു. പരിപാടിക്ക് പിന്തുണ നൽകിയ മുഖ്യ സ്‌പോൺസറായ ജെഫിൻ വയലിനെയും മറ്റ് സ്‌പോൺസർമാരെയും ചടങ്ങിൽ ആദരിച്ചു.
കാനഡയിലെ പ്രമുഖ സംഘടനയായ ജി.ആർ.എം.എ.യാണ് കൺവെൻഷന് ആതിഥേയത്വം വഹിച്ചത്. ഡോ. കൃഷ്ണകുമാർ സ്വാഗതവും റീജിയണൽ സെക്രട്ടറി സോഫിയ ഭുവനേശ്വർ നന്ദിയും രേഖപ്പെടുത്തി. ജി.ആർ.എം.എ. പ്രസിഡന്റും സ്വാഗതസംഘം ചെയർമാനുമായ റിയാസ് അതിഥികളെ സ്വീകരിച്ചു.
കൺവെൻഷന്റെ മൂന്നാം ഘട്ടത്തിൽ വിവിധ സംഘടനകൾ അവരുടെ പ്രവർത്തനങ്ങളും ഭാരവാഹികളെയും പരിചയപ്പെടുത്തി. സമാപന സമ്മേളനത്തിൽ അവതരിപ്പിച്ച മാർഗരേഖ ഐക്യകണ്‌ഠേന പാസാക്കി. കലാപരിപാടികളോടെയാണ് സമ്മേളനത്തിന് സമാപനം കുറിച്ചത്.
റീജിയണൽ വൈസ് ചെയർമാൻ റോമി ചെറിയാൻ, ജനറൽ സെക്രട്ടറി സോഫിയ ഭുവനേശ്വർ, ഫിനാൻസ് ചെയർ സൈമൺ സതീഷ്, രജിസ്‌ട്രേഷൻ ചെയർ വെങ്കിടേഷ്, മീഡിയ കൺവീനർ സന്തോഷ് മേക്കര, ഫുഡ് കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെ നാഷണൽ കമ്മിറ്റി അംഗങ്ങൾ കൺവെൻഷന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു.
ഇരുപത്തിയഞ്ചിലധികം സംഘടനകളുടെ പ്രതിനിധികൾ കാനഡയിലുടനീളം പ്രവർത്തിക്കുന്ന അറുപതോളം അംഗസംഘടനകളുടെ കൂട്ടായ്മയായ നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡ (നഫ്മാ കാനഡ)യുടെ ഒന്റാറിയോ റീജിയണൽ കൺവെൻഷനിൽ പങ്കെടുത്തു. കാനഡയിലെ പ്രമുഖ മാധ്യമങ്ങളായ സി മലയാളം ടി.വിയടക്കമുള്ള മാധ്യമങ്ങൾ നൽകിയ സഹകരണത്തിന് മീഡിയ ചെയർ സാജു ഇവാൻസ് നന്ദി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
