ടൊറന്റോ: രാജ്യത്തെ എക്‌സ്പ്രസ് എന്‍ട്രി ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ നിര്‍ണായക പരിഷ്‌കാരങ്ങളുമായി കാനഡ. ഗവേഷകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വ്യോമയാന വിദഗ്ധര്‍ എന്നിവര്‍ക്കൊപ്പം ഇനി മുതല്‍ വിദേശ സൈനികര്‍ക്കും കാനഡയില്‍ സ്ഥിരതാമസത്തിനുള്ള മുന്‍ഗണന നല്‍കാന്‍ പുതിയ ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു.
കാനഡയുടെ ഭാവി നിലനില്‍ക്കുന്നത് മാറിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ ഉടനടി സംഭാവന നല്‍കാന്‍ ശേഷിയുള്ള ഒരു തൊഴില്‍പ്പടയെ വാര്‍ത്തെടുക്കുന്നതിലാണ്. നിര്‍ണായക മേഖലകളിലെ തൊഴില്‍ ക്ഷാമം പരിഹരിക്കാന്‍ 2026 ലെ ഈ പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്ന് കാനഡ ഇമിഗ്രേഷന്‍ മന്ത്രി ലീന മെറ്റ്ലെജ് ഡിയാബ് വ്യക്തമാക്കി.
അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുക, സ്വന്തം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ച പുതിയ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായാണ് ഇമിഗ്രേഷന്‍ ചട്ടങ്ങളിലെ ഈ മാറ്റം. ഗവേഷകര്‍, സീനിയര്‍ മാനേജര്‍മാര്‍, പൈലറ്റുമാരും എയര്‍ക്രാഫ്റ്റ് മെക്കാനിക്കുകളും ഉള്‍പ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ ജീവനക്കാര്‍, കാനഡയില്‍ പ്രവൃത്തി പരിചയമുള്ള വിദേശ ഡോക്ടര്‍മാര്‍ എന്നിവരെ പുതിയ ഇമിഗ്രേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കനേഡിയന്‍ സായുധ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദേശ സൈനിക പൈലറ്റുമാര്‍, സൈനിക ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ വിദഗ്ധരായ വിദേശ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഇനി എക്‌സ്പ്രസ് എന്‍ട്രി വഴി കാനഡയിലേക്ക് വരാം. കൂടാതെ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍, വിവിധ ട്രേഡ് തൊഴിലാളികള്‍ എന്നിവര്‍ക്കായുള്ള നിലവിലെ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പുകള്‍ പുതിയ മാറ്റങ്ങള്‍ക്കൊപ്പം മാറ്റമില്ലാതെ തുടരും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാനഡയിലുണ്ടായ അനിയന്ത്രിതമായ ജനസംഖ്യാ വര്‍ദ്ധനവ് രാജ്യത്തെ ഭവന മേഖലയെയും സാമൂഹിക സേവനങ്ങളെയും സാരമായി ബാധിച്ചിരുന്നു. ഇത് പരിഹരിക്കാന്‍ കാനഡയിലേക്ക് എത്തുന്ന സ്ഥിര താമസക്കാരുടെ എണ്ണം കുറയ്ക്കാനും അതേസമയം രാജ്യത്തിന് ഏറ്റവും ആവശ്യമുള്ള നിര്‍ണായക മേഖലകളിലേക്ക് മാത്രം സ്മാര്‍ട്ടായി ആളുകളെ തിരഞ്ഞെടുക്കാനുമാണ് കാര്‍ണി സര്‍ക്കാര്‍ ഈ പരിഷ്‌കാരത്തിലൂടെ ശ്രമിക്കുന്നത്.
കാനഡയുടെ പുതിയ പ്രതിരോധ നയത്തിന്റെ ഭാഗമായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പ്രതിരോധ ഗവേഷണ വികസന മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം 85 ശതമാനമായി ഉയര്‍ത്തും. പ്രതിരോധ വ്യവസായത്തില്‍ നിന്നുള്ള വരുമാനം 240 ശതമാനത്തിലധികം വര്‍ധിപ്പിക്കാനും പ്രതിരോധ കയറ്റുമതി 50 ശതമാനം ഉയര്‍ത്താനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഈ പദ്ധതിയിലൂടെ രാജ്യത്ത് 1.25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മറ്റ് നാറ്റോ അംഗ രാജ്യങ്ങളെപ്പോലെ 2035 ഓടെ തങ്ങളുടെ പ്രതിരോധ ചെലവ് ജിഡിപിയുടെ അഞ്ച് ശതമാനമായി ഉയര്‍ത്തുമെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
