ടൊറന്റോ: ടൊറന്റോ മേഖലയിലെ ഭവന വില നിലവിലെ കുറഞ്ഞ നിരക്കില്‍ തന്നെ തുടരുകയാണെങ്കില്‍ 2027 ഓടെ ഇവിടുത്തെ പത്തില്‍ ഒരാള്‍ക്ക് വീതം തങ്ങളുടെ ഭവന വായ്പകള്‍ പുതുക്കാനോ പുതിയൊരു ബാങ്കിലേക്ക് മാറ്റാനോ സാധിക്കില്ലെന്ന് ബാങ്ക് ഓഫ് കാനഡയുടെ റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം അവസാനം പുറത്തിറക്കിയ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടിലാണ് കാനഡയുടെ കേന്ദ്ര ബാങ്ക് ഈ ആശങ്ക പങ്കുവെച്ചത്. റിപ്പോര്‍ട്ട് പ്രകാരം ടൊറന്റോയിലെ 9 ശതമാനം വായ്പക്കാര്‍ക്ക് അടുത്ത വര്‍ഷം റീ ഫിനാന്‍സിങ് യോഗ്യത നേടാനാകില്ല. ദേശീയ തലത്തില്‍ ഇത് നാല് ശതമാനമാണ്.
വില്ലനായി കുറയുന്ന ഭവനവിലയും എല്‍.ടി.വി റേഷ്യോയും
ഭവനവിലയില്‍ ഉണ്ടായ വന്‍ ഇടിവാണ് വായ്പക്കാരെ പ്രതിസന്ധിയിലാക്കുന്നത്. സാധാരണയായി വായ്പക്കാര്‍ തങ്ങളുടെ വീടിന്റെ വര്‍ദ്ധിച്ച മൂല്യം ഉപയോഗപ്പെടുത്തി കടങ്ങള്‍ വീട്ടാനായി റീഫിനാന്‍സിങ് ചെയ്യാറുണ്ട്. എന്നാല്‍ ടൊറന്റോയില്‍ വീടുകളുടെ വില ഇടിഞ്ഞതോടെ ഇതിനുള്ള അവസരം ഇല്ലാതായി. വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടാനോ, കുറഞ്ഞ പലിശയ്ക്കായി മറ്റൊരു ധനകാര്യ സ്ഥാപനത്തിലേക്ക് വായ്പ മാറ്റാനോ ഇവര്‍ക്ക് സാധിക്കില്ല.
കഴിഞ്ഞ നാല് വര്‍ഷമായി കാനഡയിലുടനീളം ഭവനവില ഇടിയുകയാണ്. ഇതില്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ടൊറന്റോയിലാണ്. 2022 മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും 33 ശതമാനത്തോളം ഇടിവാണ് നിലവില്‍ ഇവിടുത്തെ ഭവന വിലയില്‍ ഉണ്ടായിരിക്കുന്നത്. വില കുറഞ്ഞതോടെ വായ്പക്കാരുടെ ലോണ്‍-ടു-വാല്യൂ റേഷ്യോ (എല്‍.ടി.വി) വര്‍ദ്ധിച്ചു. വീടിന്റെ നിലവിലെ വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ എത്ര തുക വായ്പയായി ബാക്കിയുണ്ട് എന്ന് കണക്കാക്കുന്ന രീതിയാണിത്.
ഉദാഹരണത്തിന് വീടിന്റെ വിലയുടെ 80 ശതമാനമാണ് ലോണ്‍ എങ്കില്‍ എല്‍.ടി.വി 80% ആണ്. ഫെഡറല്‍ ബാങ്കിങ് റെഗുലേറ്റര്‍മാരുടെ കണക്കനുസരിച്ച് എല്‍.ടി.വി നിരക്ക് 75 ശതമാനത്തിന് മുകളിലാകുന്നത് വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് വലിയ റിസ്‌ക് ഉണ്ടാക്കുന്ന കാര്യമാണ്. കൂടാതെ കാനഡയിലെ ഇന്‍ഷ്വേര്‍ഡ് വായ്പകള്‍ക്കുള്ള കര്‍ശനമായ ഫെഡറല്‍ നിയമങ്ങള്‍ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. അതായത് വീട്ടുചെലവുകള്‍ക്കായി ഉപയോഗിക്കുന്ന വരുമാനത്തിന്റെ പങ്ക് 39 ശതമാനത്തില്‍ കൂടരുത്, വീട്ടുചെലവുകളും മറ്റ് കടങ്ങളും ചേര്‍ന്നുള്ള തുക ആകെ വരുമാനത്തിന്റെ 44 ശതമാനത്തില്‍ കവിയാന്‍ പാടില്ല എന്നിങ്ങനെയാണ് വായ്പ നിയമങ്ങള്‍.
നിലവിലെ സാഹചര്യത്തില്‍ നിന്നും ഭവനവില വീണ്ടും 10 ശതമാനം കൂടി ഇടിയുകയാണെങ്കില്‍ ടൊറന്റോയില്‍ റീഫിനാന്‍സിങ് യോഗ്യത നഷ്ടപ്പെടുന്നവരുടെ എണ്ണം 12 ശതമാനമായും ദേശീയതലത്തില്‍ ഇത് 7 ശതമാനമായും ഉയരുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം റീഫിനാന്‍സിങ് സാധ്യമാകാതെ വരുന്നത് വായ്പ തിരിച്ചടവുകള്‍ മുടങ്ങുന്നതിലേക്ക് നയിച്ചേക്കും. നിലവില്‍ ടൊറന്റോയില്‍ ഭവനവായ്പ തിരിച്ചടവ് മുടങ്ങുന്നവരുടെ നിരക്ക് രാജ്യത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഉയരുന്നത്. ടൊറന്റോയിലെ വലിയ വായ്പാ തുകകളും ഉയര്‍ന്ന പലിശനിരക്കും സാധാരണക്കാരുടെ മാസത്തവണകള്‍ കുത്തനെ കൂട്ടിയിട്ടുണ്ട്.
ഇക്വിഫാക്‌സ് കാനഡയുടെ ഡാറ്റ പ്രകാരം, ടൊറന്റോ മേഖലയില്‍ തുടര്‍ച്ചയായി 90 ദിവസത്തിലധികം വായ്പാ തിരിച്ചടവ് മുടങ്ങിയവരുടെ നിരക്കില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 57 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത് (നിലവില്‍ 0.41%). ദേശീയതലത്തില്‍ ഈ വര്‍ദ്ധനവ് 32 ശതമാനമാണ് (നിലവില്‍ 0.28%). എന്നിരുന്നാലും വായ്പക്കാര്‍ നിലവിലുള്ള ബാങ്കുകളില്‍ തന്നെ തുടരുകയും ലോണ്‍ നിബന്ധനകളില്‍ വലിയ മാറ്റങ്ങള്‍ വരുത്താതിരിക്കുകയും ചെയ്താല്‍ മോര്‍ട്ട്‌ഗേജ് പുതുക്കാന്‍ സാധിക്കുമെന്ന് ബാങ്ക് ഓഫ് കാനഡ വ്യക്തമാക്കുന്നുണ്ട്. എങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ വരും മാസങ്ങളില്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
