ഓന്തുവർഗ്ഗങ്ങളൊക്കെ എന്ത്? ഭരണം മാറിയപ്പോൾ ചിലർ കളം മാറുന്നു, നിറം മാറുന്നു !

JUNE 17, 2026, 12:45 PM

തോൽവിക്ക് ഇരകളെ തേടി സി.പി.എം. നേതാക്കൾ തലങ്ങും വിലങ്ങും ഓട്ടം. ചാനലുകളിൽ ലോകകപ്പ് വാർത്തകളുടെ ബഹളം. കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ പിണറായിയുടെ മകൾ വീണ ചോദ്യമുനയിൽ. വെള്ളാപ്പള്ളിക്ക് എതിരെ പി.ശശിയും, മനോരമയ്‌ക്കെതിരെ എം.വി.ഗോവിന്ദനും മാന നഷ്ടത്തിന് കേസ് കൊടുത്തിരിക്കുന്നു. പിണറായിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്ന വെള്ളാപ്പള്ളി നടേശൻ എല്ലാം കുളമാക്കിയത് പി.ശശിയാണെന്ന് മാതൃഭൂമി ചാനലിൽ പറഞ്ഞതാണ് പ്രശ്‌നമായത്.

നേരത്തെ ഏഷ്യാനെറ്റിലുണ്ടായിരുന്ന ബിജു പങ്കജ് എന്ന റിപ്പോർട്ടർ 41 മിനിറ്റ് നീണ്ടു നിൽക്കുന്ന അഭിമുഖമാണ് വെള്ളാപ്പള്ളിയുമായി കഴിഞ്ഞ ദിവസം നടത്തിയത്. ഈ അഭിമുഖത്തിൽ ഉടനീളം പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയെ വെള്ളാപ്പള്ളി പ്രതിക്കൂട്ടിലാക്കുകയായിരുന്നു. 'ശുദ്ധനും നല്ലവനുമായ' പിണറായിയെ എല്ലാ അർത്ഥത്തിലും ഇരുട്ടിൽ നിർത്തിയാണ് പി.ശശി തീരുമാനമെടുത്തിരുന്നതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.

ഒരു സമുദായ നേതാവെന്ന നിലയിൽ രണ്ട് വള്ളത്തിലല്ല പല വള്ളത്തിലും കാല് വയ്‌ക്കേണ്ടി വരുമെന്ന് വെള്ളാപ്പള്ളി വിശദീകരിക്കുന്നു. അഭിമുഖത്തിനിടയിൽ വി.എം. സുധീരനെ താനാണ് തോൽപ്പിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സുധീരൻ കട്ടപ്പുറത്തായത് അയാളുടെ പിടിപ്പുകേട് കൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം. ഇതിനിടെ യു.ഡി.എഫ് മനസുള്ള ജീവനക്കാരുടെ എണ്ണം സെക്രട്ടറിയേറ്റിൽ കൂടിവരികയാണ്.

vachakam
vachakam
vachakam

എങ്ങനെയും പുതിയ മന്ത്രിമാരെ മണിയടിച്ച് തങ്ങളുടെ പദവി ഉറപ്പിക്കാൻ എൻ.ജി.ഒ. യൂണിയന്റെ തലപ്പത്തുള്ളവർ തന്നെ രംഗത്തുണ്ട്. ''ഞങ്ങൾ വെറും ജീവനക്കാരല്ലേ, അധികാരികൾ പറഞ്ഞാൽ എന്തു ചെയ്യാനാണ്'' എന്ന മട്ടിൽ മാപ്പു സാക്ഷി വേഷം കെട്ടുന്നവരും നിരവധിയാണ്. ഇങ്ങനെ വേഷം മാറി അഭിനയിക്കുന്നവരെ തിരിച്ചറിയാൻ ചില മന്ത്രിമാർക്ക് കഴിയുമെങ്കിലും മറ്റ് ചിലർ ഇക്കാര്യത്തിൽ പരാജയപ്പെടുന്നുണ്ട്.


തോറ്റിട്ടില്ല, തോറ്റിട്ടില്ല...! 

vachakam
vachakam
vachakam

ഭരണവിരുദ്ധ വികാരമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് ചില നേതാക്കൾ കോറസ് പോലെ പാടുന്നുണ്ട്. പക്ഷെ ആ പാട്ടിൽ വലിയ കഴമ്പില്ല. മുൻമന്ത്രി പി.രാജീവും ദേശീയ പാർട്ടി സെക്രട്ടറി എം.എ. ബേബിയും ''ഭരണവിരുദ്ധ വികാരം മനസ്സിലാക്കുന്നതിൽ'' പാർട്ടി പരാജയപ്പെട്ടുവെന്ന് സൂചിപ്പിച്ചു കഴിഞ്ഞു. തളിപ്പറമ്പിൽ ജയിച്ച ടി.കെ. ഗോവിന്ദനാകട്ടെ പാർട്ടി തോറ്റതിനു കാരണം പിണറായി എന്ന ഒറ്റ നേതാവാണെന്ന് പച്ചയ്ക്ക് വാർത്താ സമ്മേളനം വിളിച്ചു കൂട്ടി പറയുകയുണ്ടായി.

കേരളത്തിലെ 140 മണ്ഡലങ്ങളിലും ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി പിണറായി വിജനാണെന്നായിരുന്നു ഗോവിന്ദന്റെ കമന്റ്. വാർത്താ സമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്ന പി.വി.കുഞ്ഞിക്കൃഷ്ണനും ഇതേ വാദഗതിയാണുയർത്തിയത്. തളിപ്പറമ്പിൽ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ ഭാര്യ ശ്യാമള ടീച്ചറിനെ സ്ഥാനാർത്ഥിയാക്കിയത് കണ്ണൂർ ജില്ലാ കമ്മറ്റിയാണ് താനല്ലെന്ന ഡയലോഗും ജനങ്ങൾ വലിയ കോമഡിയായാണ് കേട്ടത്.

കിഫ്ബി എന്ന കൊള്ള സംഘം 

vachakam
vachakam
vachakam

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2000ലാണ് ഡോ.തോമസ് ഐസക് ധനകാര്യ മന്ത്രിയായിരിക്കെ കിഫ്ബി ആരംഭിച്ചത്. ആദ്യം സർക്കാർ ഖജനാവിൽ നിന്ന് ഒറ്റ പൈസ പോലും വേണ്ടെന്നു മന്ത്രി ഐസക് പറഞ്ഞിരുന്നു. കിഫ്ബിക്കായുള്ള ധനസമാഹരണത്തിനായി ലണ്ടനിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പോയി മസാല ബോണ്ട് ഇറക്കിയതുപോലും പിൽക്കാലത്ത് വിവാദമായി.

ആ പരിപാടി സംഘടിപ്പിക്കാൻ 11 കോടി രൂപയോളമാണ് അന്ന് കിഫ്ബി ചെലവഴിച്ചതത്രെ. ആദ്യമെല്ലാം ഖജനാവിൽ നിന്ന് പണം പറ്റാതിരുന്ന കിഫ്ബി പിൽക്കാലത്ത് മോട്ടർവാഹന നികുതിയും ഇന്ധന സെസും ദിവസേന വാങ്ങിച്ചെടുക്കുന്ന കറക്കു കമ്പനിയായി മാറുകയായിരുന്നു. സെക്രട്ടറിയേറ്റിന് നേരെ മുമ്പിൽ ഒരു ആഡംബര സൗധമെന്ന മട്ടിലാണ് കിഫ്ബിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ഈ കെട്ടിടത്തിന്റെ വാടക സംബന്ധിച്ചും എന്തോ ഇന്റലിജൻസ് കേസുണ്ടെന്ന് പറയപ്പെടുന്നു.

400നും 500നും മധ്യേ ജീവനക്കാർ കിഫ്ബിയിലുണ്ട്. കിഫ്‌കോൺ, കെ ഡിസ്‌ക്ക് തുടങ്ങിയ കിഫ്ബിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുള്ള ശമ്പളവും ഇവർ പിടുങ്ങുന്നുണ്ട്. ലക്ഷം രൂപയ്ക്കു മേൽ ശമ്പളമുള്ള അൻപതോളം ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറിയെക്കാൾ ശമ്പളം പറ്റുന്ന കെ.എം. എബ്രഹാം, റിട്ടയർ ചെയ്ത ശേഷം കൂറ്റൻ  തുക പെൻഷനായി വാങ്ങിക്കൊണ്ടിരിക്കുന്ന ഐ.എ.എസുകാർ എന്നിങ്ങനെ കിഫ്ബിയെന്ന കൊള്ള സങ്കേതം ഇപ്പോൾ കുപ്രസിദ്ധമായിക്കഴിഞ്ഞു.

തനതു വരുമാനമില്ലാത്ത കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ വായ്പകളായി കേന്ദ്രം പരിഗണിച്ച്, കേന്ദ്ര വായ്പാ വിഹിതം വെട്ടിക്കുറയ്ക്കാൻ തുടങ്ങിയത് പിൽക്കാലത്ത് വലിയ പ്രശ്‌നമായി മാറി. കിഫ്ബി വികസനത്തിനായുള്ള ഒറ്റമൂലിയെന്നാണ് ഡോ. ഐസക് വിശേഷിപ്പിച്ചത്. എന്നാൽ, അതേ ഒറ്റമൂലി സംസ്ഥാനത്തിന്റെ സാമ്പത്തികാരോഗ്യത്തിന് പാരയായെന്നതാണ് യാഥാർത്ഥ്യം.


പണ്ട്, പപ്പൻ, പ്രിയപ്പെട്ട പപ്പൻ..

കൊല്ലം ജില്ല വിഭജിച്ച് പത്തനംതിട്ട ജില്ല രൂപീകരിച്ച നാൾ മുതൽ എ. പത്മകുമാർ സി.പി.എമ്മിന് പ്രിയപ്പെട്ട പപ്പനാണ്. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ എല്ലാ നേതാക്കളും വി.എസ്. പക്ഷക്കാരായിരുന്നു. എന്നാൽ അന്ന് പിണറായിയോടൊപ്പം അടിയുറച്ചു നിന്ന ഏക യുവനേതാവായിരുന്നു പത്മകുമാർ. ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്നെ (21 വയസ്സ്) എം.എൽ.ഏ.യായി മാറിയ പത്മകുമാർ അന്നുമുതൽ ഇന്നലെ വരെ (ചൊവ്വ) ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 

ചൊവ്വാഴ്ചയാണ് പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് പ്രഖ്യാപിച്ച് ഡോ. ഐസക്കിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി യോഗം ചേർന്നത്. ഇതിനിടെ പത്മകുമാറിന്റെ സഖാക്കളായ സുഹൃത്തുക്കൾ ഇടഞ്ഞു കഴിഞ്ഞിരുന്നു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിന് മാധ്യമങ്ങൾക്കു മുമ്പിൽ വരാൻ നിയമപരമായ തടസ്സമുണ്ട്. അതുകൊണ്ടാവാം പത്മകുമാറിന്റെ സുഹൃത്തുക്കൾ വാട്‌സാപ്പിൽ ചില ചോദ്യങ്ങൾ ഉന്നയിച്ചത്.

സ്വർണ്ണക്കൊള്ളയിലെ മുഖ്യപ്രതിയെന്നു പറയുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി പത്മകുമാർ നിൽക്കുന്ന ഏതെങ്കിലുമൊരു ഫോട്ടോയുണ്ടോ? ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ പോറ്റിയുടെ വീട്ടിൽ പലവട്ടം പോയതായും ഫോട്ടോ എടുത്തതായും മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് 'പത്മകുമാർ പക്ഷക്കാർ' പറയുന്നു.

ശബരിമലയിൽ യുവതീകളെ പ്രവേശിപ്പിക്കാൻ പത്മകുമാർ എതിരായിരുന്നതിനാൽ, ഈ വിവാദ സംഭവം നടന്ന ദിവസം പത്മകുമാറിനെ ശബരിമലയിൽ നിന്ന് തലസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയ കാര്യവും സുഹൃത്തുക്കൾ ചൂണ്ടിക്കാണിക്കുന്നു. പത്മകുമാറും കുടുംബവും കടുത്ത അയ്യപ്പ ഭക്തരാണെന്ന് പാർട്ടിക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. അങ്ങനെയുള്ള 'പപ്പൻ' അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിക്കില്ലെന്നു പറയുന്നതിൽ യുക്തിയുണ്ട്.

ഇല്ലാത്ത കാശുണ്ടാക്കി ഒരു ബജറ്റ്! 

ഇടതുമുന്നണി മന്ത്രിസഭയുടെ കഴിഞ്ഞ ബജറ്റ് ഒരുതരം തട്ടിക്കൂട്ടലായിരുന്നു. ഭരിക്കാൻ നാലേ മുക്കാൽ വർഷം കിട്ടിയിട്ടും നടപ്പാക്കാതിരുന്ന നിരവധി പദ്ധതികളെക്കുറിച്ച് അന്ന് മന്ത്രി ബാലഗോപാലൻ പ്രഖ്യാപനം നടത്തി. പക്ഷെ അതിനുള്ള പണമൊന്നും ഖജനാവിലുണ്ടായിരുന്നില്ലെന്ന് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സതീശൻ ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 35000 കോടിയുടെ ആ ബജറ്റ് നടപ്പാക്കാൻ 20,500 കോടി രൂപ ഖജനാവിലില്ലെന്ന് സതീശൻ കുറ്റപ്പെടുത്തുന്നു. 

മറ്റൊരു വിവാദം പി.എം.ശ്രീയുമായി ബന്ധപ്പെട്ടതാണ്. മന്ത്രിസഭ പോലും അറിയാതെ പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമൂലം 'സർവശിക്ഷ അഭിയാൻ' പദ്ധതിയിലെ കുടിശ്ശികയിൽ 106 കോടിയോളം രൂപ സംസ്ഥാനത്തിനു കിട്ടിയെന്ന് കണക്കുണ്ട്. എന്നാൽ ആ പണവുമായി പി.എം.ശ്രീ പദ്ധതിക്ക് ബന്ധമൊന്നുമില്ലെന്ന് പഴയ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി അവകാശപ്പെടുന്നു. പി.എം.ശ്രീയിൽ ഒപ്പിട്ട് സംസ്ഥാന സർക്കാർ പണം വാങ്ങിയെന്ന സതീശന്റെ ആരോപണം ഭാഗികമായി ശരിയാണ്.

എന്നാൽ, കേന്ദ്രം നൽകിയ കുടിശ്ശിക പി.എം.ശ്രീയുമായി ബന്ധപ്പെട്ടതല്ലെന്ന് ശിവൻകുട്ടി ആണയിടുന്നു. ഒടുവിൽ കോമഡിക്കാർ പറയുന്നതുപോലെ 'ആ പഴമല്ലേ ഈ പഴമെന്നു' ചോദിച്ചാൽ രണ്ടും ഒരേ പഴമാണെന്നു തന്നെയല്ലേ ജനം കരുതുക?   

സി.പി.എമ്മിന്റെ പോഷക സംഘടനയായ എൻ.ജി.ഒ യൂണിയൻ കോട്ടയത്തു നടത്തിയ സംസ്ഥാന സമ്മേളനത്തിൽ മുഖ്യപ്രാസംഗികയായി എത്തിയത് ഷൈലജ ടീച്ചർ ആയിരുന്നു. ലേബർ കോഡ്, ഡി.എം. കുടിശ്ശിക, പിൻവാതിൽ നിയമനം ഇങ്ങനെ വിഷയങ്ങൾ പലതുണ്ടായിട്ടും യൂണിയൻ ഇത്തവണ ചർച്ച ചെയ്ത വിഷയം കേട്ടാൽ ചിരിവരും ! ലിംഗ സമത്വവും സാമൂഹിക നീതിയും ! എന്റമ്മോ എന്തൊരു തൊലിക്കട്ടിയല്ലേ? 

സി.പി.എമ്മിന്റെ തോൽവിക്ക് കാരണഭൂതനായി ഡിഫിക്കാർ 'ആണും പെണ്ണും കെട്ട' ഒരു ജീവിയെ കണ്ടെത്തിയതായി ഒരു വാർത്ത കണ്ടു. ഡിഫിക്കാർ കണ്ടെത്തിയ ആ ജീവിയുടെ പേര് 'ഗോ......പി'! ഈ അക്ഷരങ്ങൾ ഏത് നേതാക്കളുടെ പേരുകളുടെ തുടക്കത്തിലാണുള്ളതെന്ന് കണ്ടെത്തിയാൽ പാർട്ടിയെ തോൽപ്പിച്ച 'വൈറസിനെ' പിടികിട്ടുമത്രെ! കൊടുകൈ 'ഡിഫി' ക്ക് ! അങ്ങനെയല്ലേ?

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam