ഈ രാജ്യക്കാര്‍ ഇങ്ങോട്ട് വരേണ്ടെന്ന് യുഎസ്! എന്താണ് കാരണം ?

DECEMBER 17, 2025, 10:00 AM

കൂടുതല്‍ രാജ്യക്കാര്‍ക്ക് അമേരിക്കയിലേയ്ക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതുതായി ഏഴ് രാജ്യങ്ങള്‍ക്ക് കൂടി യുഎസിലേക്കുള്ള പ്രവേശനം വിലക്കുന്ന പ്രഖ്യാപനത്തില്‍ ട്രംപ് പുതുതായി ഒപ്പുവച്ചത്. ഇതോടെ യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക 12 ല്‍ നിന്ന് 19 ആയി ഉയര്‍ന്നു. പാലസ്തീന്‍ അതോറിറ്റി നല്‍കിയ യാത്രാ രേഖകള്‍ കൈവശമുള്ള വ്യക്തികള്‍ക്കും പൂര്‍ണമായ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അമേരിക്കയില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതായാണ് റിപ്പോര്‍ട്ട്.

ദേശീയ സുരക്ഷ, പൊതു സുരക്ഷ, ദുര്‍ബലമായ യാത്രാപരിശോധനാ സംവിധാനങ്ങള്‍, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരുടെ ഉയര്‍ന്ന നിരക്ക് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.  

നിലവിലുള്ള നിയന്ത്രണങ്ങള്‍ വിപുലമാക്കിക്കൊണ്ട് കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഭാഗികമോ പൂര്‍ണമോ ആയ വിലക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്, പുതിയ ഉത്തരവോടെ 30 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ പ്രവേശന പരിമിതികള്‍ ബാധകമാകും. കൂടാതെ ചില യാത്രാരേഖകളിന്മേലുള്ള നിബന്ധനകള്‍ കര്‍ശനമാക്കുകയും, കുടുംബപരമായ ചില വിസ ഇളവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പൂര്‍ണ്ണ വിലക്ക് നേരിടുന്ന രാജ്യങ്ങള്‍

ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഉത്തരവ് പ്രകാരം, താഴെ പറയുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായി ഇല്ലാതാകും:

* ബുര്‍ക്കിന ഫാസോ

* മാലി

* നൈജര്‍

* ദക്ഷിണ സുഡാന്‍

* സിറിയ

കൂടാതെ പാലസ്തീന്‍ അതോറിറ്റി നല്‍കുന്ന യാത്രാ രേഖകള്‍ കൈവശമുള്ള വ്യക്തികള്‍ക്കും അമേരിക്കയിലേക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി. നിലവിലെ സംഘര്‍ഷ സാഹചര്യവും വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യവും കാരണം ഈ യാത്രക്കാരെ വിശ്വസനീയമായി പരിശോധിക്കാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു. നേരത്തെ ഭാഗിക നിയന്ത്രണത്തിലായിരുന്ന ലാവോസ്, സിയറ ലിയോണ്‍ എന്നീ രാജ്യങ്ങളെയും പുതിയ ഉത്തരവില്‍ പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയവരുടെ പട്ടികയിലേക്ക് മാറ്റി.

നിലവിലുള്ള പൂര്‍ണ്ണ വിലക്കുകള്‍ തുടരും

നേരത്തെ വിലക്ക് നിലവിലുണ്ടായിരുന്ന 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള പൂര്‍ണ്ണ പ്രവേശന നിയന്ത്രണം പുതിയ ഉത്തരവിലും തുടരും. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനി, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യമന്‍.

നവംബര്‍ 26-ന് വാഷിങ്ടണ്‍ ഡി.സി.യില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പിനെ തുടര്‍ന്നാണ് ട്രംപ് ഭരണകൂടം കുടിയേറ്റ നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. ഈ കേസിലെ പ്രതി, 2021-ലെ സൈനിക പിന്മാറ്റത്തിന് ശേഷം യുഎസില്‍ പ്രവേശിക്കുകയും ഈ വര്‍ഷം ആദ്യം അഭയം നേടുകയും ചെയ്ത അഫ്ഗാന്‍ പൗരനായിരുന്നു.

15 രാജ്യങ്ങള്‍ക്ക് കൂടി ഭാഗിക നിയന്ത്രണം

ഭാഗിക നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ബറുണ്ടി, ക്യൂബ, ടോഗോ, വെനസ്വേല എന്നീ രാജ്യക്കാര്‍ക്ക് അത് തുടരും. ഇതിനുപുറമെ, 15 പുതിയ രാജ്യങ്ങള്‍ക്ക് കൂടി ഭാഗിക പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംഗോള, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ബെനിന്‍, കോട്ട് ഡി ഐവയര്‍, ഡൊമിനിക്ക, ഗാബോണ്‍, ഗാംബിയ, മലാവി, മൗറിത്താനിയ, നൈജീരിയ, സെനഗല്‍, ടാന്‍സാനിയ, ടോംഗ, സാംബിയ, സിംബാബ്വെ.

അതേസമയം, തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്നുള്ള പൗരന്മാര്‍ക്കുള്ള നോണ്‍-ഇമിഗ്രന്റ് വിസ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് ഈ രാജ്യത്തിന് മാത്രമായി ഭാഗികമായ ആശ്വാസം നല്‍കിയിട്ടുണ്ട്.

എന്താണ് കാരണം ? 

മതിയായ രീതിയില്‍ പരിശോധന നടത്താന്‍ സാധിക്കാത്ത വ്യക്തികളെ രാജ്യത്ത് പ്രവേശിക്കുന്നത് തടയാന്‍ ഈ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് വൈറ്റ് ഹൗസ് വാദിച്ചു. അഴിമതി, വിശ്വസനീയമല്ലാത്ത സിവില്‍ രേഖകള്‍, മോശം ജനന രജിസ്ട്രേഷന്‍ സംവിധാനങ്ങള്‍, നിയമപാലകരുമായി വിവരങ്ങള്‍ പങ്കുവെക്കുന്നതിലെ പരിമിതികള്‍ എന്നിവ വിലക്ക് ഏര്‍പ്പെടുത്തിയ പല രാജ്യങ്ങള്‍ക്കുമുണ്ട്.

* തീവ്രവാദ ഭീഷണിയുള്ള രാജ്യങ്ങളായി ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍, നൈജീരിയ എന്നിവയെ ചൂണ്ടിക്കാട്ടി.

* സിറിയയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആഭ്യന്തര കലാപം കാരണം പാസ്പോര്‍ട്ടുകളും മറ്റ് സിവില്‍ രേഖകളും നല്‍കാന്‍ മതിയായ കേന്ദ്രീകൃത സംവിധാനം ഇല്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

* ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, B-1/B-2, വിദ്യാര്‍ത്ഥി വിസകള്‍ എന്നിവയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരുടെ ഉയര്‍ന്ന നിരക്കും തീരുമാനത്തിന് കാരണമായി.

നിയമാനുസൃതമായ സ്ഥിര താമസക്കാര്‍, നിലവിലെ വിസ ഉടമകള്‍, നയതന്ത്രജ്ഞര്‍, അത്ലറ്റുകള്‍, യുഎസിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ട്.

അതേസമയം ട്രംപിന്റെ നടപടികളില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷവും രാഷ്ട്രീയമായി അസ്ഥിരവുമായ രാജ്യങ്ങളിലെ പാവപ്പെട്ട പൗരന്മാരെയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam