ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും 1967ൽ ഉരുത്തിരിഞ്ഞ ഒരു പ്രയോഗമായിരുന്നു ആയാ റാം ഗയാറാം. 1967ൽ ഹരിയാനാ നിയമസഭയിലേക്ക് സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട ഗയാലാൽ ആദ്യം കോൺഗ്രസ്സിൽ ചേർന്നു. പിന്നെ, കേവലം 9 മണിക്കൂറിനിടെ മൂന്ന് തവണയാണ് പാർട്ടി മാറിയത്. ഇതാടെയിരുന്നു ആയാ റാം ഗയാറാം പ്രയോഗത്തിന്റെ തുടക്കം. പിന്നീട് ഇങ്ങോട്ട് ആയാ റാം ഗയാറാം പ്രയോഗം പലപ്പോഴായി പലർക്കും ചാർത്തപ്പെട്ടു. അത്തരം ചാഞ്ചാട്ടങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നേതാക്കളിൽ ഒരാളായി ഇപ്പോൾ നിതീഷ് കുമാർ മാറിയിരിക്കുന്നു.
ഇന്ത്യൻ രാഷ്ട്രിയത്തിൽ പ്രതിപക്ഷ സഖ്യങ്ങൾ പാതിവഴിയിൽ പിരിയുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ ഒറ്റക്ക് നിന്ന് പോരാടിയിട്ട് കാര്യമില്ലെന്നും ഒരുമിച്ച് നിന്നാൽ ബി.ജെ.പി എന്ന വൻകോട്ട പിടിച്ചുലയ്ക്കാം എന്നും ഉറപ്പിച്ചായിരുന്നു ഇന്ത്യാ മുന്നണിയിലെ മേലാളന്മാർ ഇഴഞ്ഞും നീന്തിയുമൊക്കെയായി മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്നതുതന്നെ..! പല കുറി കല്ലുകടികളുണ്ടായെങ്കിലും അതെല്ലാം പരിഹരിച്ച് പോകാനുള്ള വിവരമെങ്കിലും ഉണ്ടായിരിക്കുമെന്ന് കരുതിയവർക്ക് തെറ്റി.
ഇന്ത്യാ സഖ്യത്തിന്റെ യോഗം നടന്നപ്പോൾ കൺവീനർ സ്ഥാനത്തേക്ക് നിതീഷിന്റെ പേര് സി.പി.ഐ.എം അടക്കം നിർദേശിച്ചിരുന്നത്.
എന്നാൽ തൃണമൂലിന്റെ മമതാ ബാനർജി എതിർപ്പ് പ്രകടിപ്പിച്ചതോടെ തീരുമാനം പിന്നീടെടുക്കാമെന്ന് രാഹുൽ ഗാന്ധി അറിയിക്കുകയായിരുന്നു. ഇതാകാം നിതീഷ് കുമാറിന്റെ കാലുമാറ്റത്തിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്. നിതീഷ് കുമാർ തെല്ലും ഉളുപ്പില്ലാതെ 18 മാസത്തിനിടയിൽ മറ്റൊരു രാഷ്ട്രീയ മലക്കം മറിച്ചിൽ നടത്തി മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചിരിക്കുന്നു. ഒന്നരവർഷം മുമ്പ് എൻ.ഡി.എ വിട്ട് വീണ്ടും മതേതര ശക്തികളോടൊപ്പം ചേർന്ന് ബിഹാറിന്റെ ഭരണ സാരഥ്യം ഏറ്റെടുത്ത നേതാവാണ്, ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും രാഷ്ട്രീയ മലക്കം മറിഞ്ഞത്. മോദിയ്‌ക്കെതിരെ 'ഇന്ത്യ' മുന്നണിയുടെ രൂപീകരണത്തിന് നേതൃത്വം വഹിച്ച നേതാവ് തന്നെയാണ് മാസങ്ങൾക്കുള്ളിൽ കൊള്ളാവുന്ന ഒരു രാഷ്ട്രീയ വിശദീകരണത്തിനും മുതിരാതെ മറുകണ്ടം ചാടിയിരിക്കുന്നത്.
ലാലു പ്രസാദിനെ പോലെയുള്ള നേതാവിനെ ഒഴിച്ചു നിർത്തിയാൽ സോഷ്യലിസ്റ്റുകൾ പൊതുവിൽ സംഘപരിവാറിന് അനുകൂലമായ തീരുമാനമാണ് എക്കാലത്തും എടുത്തുപോന്നിട്ടുള്ളത്.രാം മനോഹർ ലോഹ്യയുടെ സോഷിലിസ്റ്റ് രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഉൽപ്പന്നങ്ങളായിരുന്നു മുലായം സിംഗും, ലാലു പ്രസാദ് യാദവും നിതീഷ്‌കുമാറുമൊക്കെ. ഇന്ദിരാഗാന്ധിയുടെയും കോൺഗ്രസിന്റെ അഴിമതിക്കെതിരെയുള്ള ഫലപ്രദമായ രാഷ്ട്രീയ മുന്നേറ്റമെന്ന നിലയിലാണ് 70 കളിൽ സോഷിലിസ്റ്റുകൾ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ സ്വാധീനം വ്യാപിപ്പിക്കുന്നത്.
അല്പം കൂടി പിന്നിലേക്ക് കണ്ണോടിച്ചാൽ സ്വാതന്ത്ര്യാനന്തര കാലത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ ചെയ്തത് എന്താണ് എന്ന് കൂടി നോക്കാം.
ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽ സജീവമായിരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടത് എന്തുകൊണ്ടാവും എന്നത് തീർച്ചയായും പ്രാധാന്യമേറിയ കാര്യം തന്നെയാണ്. സാമ്രാജ്യത്വത്തിനും ധനമുതലാളിത്തത്തിനും ബദലായി ലോകത്തെ പല രാജ്യങ്ങളിലും സവിശേഷമായ രീതിയിലുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഉയർന്നുവരുന്ന ഘട്ടത്തിലാണ് ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരുതരം രാഷ്ട്രീയമരവിപ്പിലേക്ക് അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങളെ അപ്രസ്‌കതമാക്കി, നമ്മുടെ രാജ്യം ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള മോദി സർക്കാരിന്റെ തന്ത്രങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് നിതീഷ് കുമാർ അധാർമ്മികമായ രാഷ്ട്രീയ നിലപാടിലൂടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്ര രാഹിത്യം വെളിപ്പെടുത്തുന്നത്.
ഹിന്ദുത്വ രാഷ്ട്രീയത്തെ പാർലമെന്ററി രാഷ്ട്രീയത്തിലൂടെ മാത്രം പ്രതിരോധിക്കാൻ കഴിയുമോ എന്ന തരത്തിലൂള്ള ചർച്ചകളിലേക്ക് കൂടി നിതീഷിന്റെ അസംബന്ധ രാഷ്ട്രീയ നീക്കം ജനാധിപത്യ വിശ്വാസികളെ നയിക്കേണ്ടതുണ്ട്.ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ അപചയവും രാം മനോഹർ ലോഹ്യയെ പോലുളള നേതാക്കളെടുത്ത നിലപാടുകളെയും ചേർത്ത് നിർത്തി പരിശോധിച്ചാൽ ചരിത്രം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്. ഇന്ത്യയിലെ സോഷ്യലിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന പാർട്ടികളിൽ ബഹുഭൂരിപക്ഷവും, കോൺഗ്രസ് വിരോധം ഉണ്ടാക്കിയ രാഷ്ട്രീയ മുൻവിധികളിൽ സംഘ്പരിവാറിന് ഒത്താശ ചെയ്തവരായിരുന്നു.
കോൺഗ്രസിലെ സോഷ്യലിസ്റ്റായിരുന്ന ജവഹർലാൽ നെഹ്‌റുവിനെ എതിരിട്ടുകൊണ്ടുതന്നെ, കോൺഗ്രസിന് രാഷ്ട്രീയ ബദലാകാനാണ് സോഷ്യലിസ്റ്റുകൾ ആദ്യം മുതലേ ശ്രമിച്ചത്.
അതിന് ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസിനെതിരെ മൽസരിച്ചെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞില്ല. ആചാര്യ കൃപാലിനിയുടെയും രാം മനോഹർ ലോഹ്യയുടെയും നേതൃത്വത്തിൽ രണ്ട് പാർട്ടികളായിട്ടായിരുന്നു അവർ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.അതിന് ശേഷം സോഷ്യലിസ്റ്റുകളെ കോൺഗ്രസിലേക്ക് നെഹ്‌റു ക്ഷണിച്ചെങ്കിലും, അവർ സ്വന്തം അസ്തിത്വം കൈവിടാതെ കോൺഗ്രസിനെതിരായ രാഷ്ട്രീയ പ്രസ്ഥാനമായി തുടരാൻ തന്നെ തീരുമാനിക്കുകയായിരുന്നു. രാം മനോഹർ ലോഹ്യയുടെ രാഷ്ട്രീയ അടിത്തറ തന്നെ 'ആന്റി കോൺഗ്രസിസം' ആയി മാറുകയും ചെയ്തു. ഇതുൾപ്പെടെയുള്ള കാരണങ്ങളാൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ഭിന്നതയുണ്ടാകുകയും, ജയപ്രകാശ് നാരായണിനെ പോലുള്ളവർ താത്കാലികമായി സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുക പോലുമുണ്ടായി.
രാമചന്ദ്ര ഗുഹ എന്ന അറിയപ്പെടുന്ന ചരിത്രകാരൻ പറയുന്നത്, നെഹ്‌റുവിനോടുള്ള ലോഹ്യയുടെ എതിർപ്പിന് പിന്നിൽ രാഷ്ട്രീയത്തോടൊപ്പം തന്നെ വ്യക്തിപരമായ കാരണങ്ങളുമുണ്ടായിരുന്നു എന്നാണ്. സോഷ്യലിസം എന്ന ആശയവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ നെഹ്‌റുവിനെയും ലോഹ്യയേയും ഒരു രാഷ്ട്രീയ ദർശനം പിന്തുടരുന്നവരെന്ന് വിശാലാർത്ഥത്തിൽ പറയാമെങ്കിലും, നെഹ്‌റുവിന്റെ രാഷ്ട്രീയ ദർശനത്തോട് വലിയ വിയോജിപ്പ് പുലർത്തിയ വ്യക്തിയായിരുന്നു ലോഹ്യ. നെഹ്‌റുവിന്റെ കാഴ്ചപാടിന്റെ അടിസ്ഥാനം ഫാബിയൻ സോഷ്യലിസമെന്ന് പറയാമെങ്കിൽ ലോഹ്യയുടേത് തന്റെ രാഷ്ട്രീയ സാമ്പത്തിക ആശയങ്ങൾ ഇന്ത്യൻ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതായിരുന്നു. നെഹ്‌റുവിന്റെ ആശയങ്ങളെക്കാൾ ലോഹ്യ അടുത്തുനിൽക്കുന്നത് ഗാന്ധിയൻ ആദർശങ്ങളോടായിരുന്നു.
സമത്വം എന്നതാണ് ഏറ്റവും പ്രധാനമെന്ന് കരുതുമ്പോഴും മാർക്‌സിസസവുമായി അടിസ്ഥാനപരമായി കരുതാവുന്ന അഭിപ്രായവ്യത്യാസങ്ങളും ലോഹ്യ നിലനിർത്തി.
വൻകിട ഉത്പാദനത്തെക്കാളും, അദ്ദേഹം ചെറുകിട ഉത്പാദനമാണ് അഭികാമ്യം എന്ന് കരുതി. അതേപോലെ, വികേന്ദ്രീകരണത്തിന്റെ ശക്തനായ വക്താവായിരുന്നു രാം മനോഹർ ലോഹ്യ. ഇക്കാരണങ്ങൾ കൊണ്ടു തന്നെ നെഹ്‌റുവിന്റെ കോൺഗ്രസിനോടും കമ്മ്യൂണിസ്റ്റുകാരോടും ലോഹ്യ അകന്നു നിന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥയോട് കടുത്ത എതിർപ്പ് പുലർത്തുകയും അതേക്കുറിച്ച് പഠിക്കുകയും ചെയ്ത ലോഹ്യയ്ക്ക് ഡോ. അംബേദ്ക്കറുമായി ഒന്നിച്ചുചേർന്നുള്ള രാഷ്ട്രീയത്തിന് കഴിഞ്ഞില്ല. എന്നാൽ ഡോ. അംബേദ്ക്കറിന്റെ പ്രാധാന്യത്തെ ലോഹ്യ തിരിച്ചറിയുന്നതായി അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും തെളിയിക്കുന്നുണ്ട്.
1962ലെ ചൈന യുദ്ധത്തിന്റെ പാശ്ചാത്തലത്തിൽ നെഹ്‌റുവിനും കോൺഗ്രസിനും ഉണ്ടായ തിരിച്ചടി മുതലെടുത്ത് കോൺഗ്രസ് വിരുദ്ധ ഗ്രൂപ്പുണ്ടാക്കാനായിരുന്നു ലോഹ്യ ശ്രമിച്ചത്. രാം മനോഹർ ലോഹ്യ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് പോലും ജനസംഘിന്റെ പിന്തുണയോടെയായിരുന്നു. കോൺഗ്രസിനെ മറികടക്കുകയെന്ന ഏക രാഷ്ട്രീയ ലൈനിലായിരുന്നു രാം മനോഹർ ലോഹ്യയുടേത്. ജാതിവ്യവസ്ഥ സൃഷ്ടിച്ച ഭീകരത മനസ്സിലാക്കിയ ലോഹ്യയ്ക്ക് പക്ഷെ ജനസംഘത്തിന്റെ ഭൂരിപക്ഷ വർഗീയതയുണ്ടാക്കുന്ന, അത് ഇന്ത്യൻ ജനാധിപത്യത്തിന് സൃഷ്ടിക്കാവുന്ന ഭീഷണമായ അവസ്ഥയെന്താവും എന്ന് പൂർണ അർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നുവേണം മനസിലാക്കാൻ.
സംഘ്പരിവാരത്തിന്റെ വംശീയ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ഫലപ്രദമായി മറച്ചുപിടിക്കാൻ ജനസംഘത്തിന് കഴിഞ്ഞു. അല്ലെങ്കിൽ അത്തരം രാഷ്ട്രീയ സൂക്ഷ്മതകളെ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അപ്രസ്‌കതമാണെന്ന് ലോഹ്യയെ പോലുള്ള രാഷ്ട്രീയ ചിന്തകൻ ആലോചിച്ചുകാണും. ഇത് പക്ഷെ രാം മനോഹർ ലോഹ്യയുടെ മാത്രം പ്രശ്‌നമല്ലന്നാണ് പിന്നീടുള്ള സോഷ്യലിസ്റ്റ് ചരിത്രം ബോധ്യപ്പെടുത്തുന്നത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ഉണ്ടായ, ഇന്ദിരാഗാന്ധിയുടെ സമഗ്രാധിപത്യ വാഴ്ചക്കെതിരായ ചെറുത്തുനിൽപ്പ് ഇതിന്റെ ഉദാഹരണമാണ്.
അടിയന്തരാവസ്ഥയ്ക്കുമെതിരായ ചെറുത്തുനിൽപ്പുകളുടെ കേന്ദ്രമായി പ്രവർത്തിച്ചുവെന്നതാവും സ്വതന്ത്രാനന്തര കാലത്തെ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഏറ്റവും മികച്ച രാഷ്ട്രീയ സംഭാവന. കോൺഗ്രസിനെതിരെ, പി.എസ്.പിയും ലോക്ദളും ജനസംഘവും എല്ലാം ചേർന്ന് ജനതാപാർട്ടിയാവുകയും ഇന്ദിരാഗന്ധിയെ പരാജയപ്പെടുത്തുകയും ചെയ്തു.
എന്നാൽ അതേസമയം ഇന്ദിരാഗാന്ധിയുടെ അമിതാധികാര പ്രവണതയ്‌ക്കെതിരെ നടന്ന സമരങ്ങളിൽ ജനസംഘത്തിനെ ഭാഗമാക്കിയതോടെയാണ് ആ പാർട്ടിയ്ക്ക് ഒരു തരത്തിലുള്ള സ്വീകാര്യത ഇന്ത്യൻ മധ്യവർഗത്തിനിടയിൽ ഉണ്ടാകുന്നത്. ബാബ്‌റി മസ്ജിദ് തകർത്തതിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ വീണ്ടും ബി.ജെ.പി ഒറ്റപ്പെട്ടു. ആ ഘട്ടത്തിൽ ബി.ജെ.പിയ്ക്ക് രക്ഷകനായി എത്തിപ്പെടുന്നത്, തൊഴിലാളി നേതാവായി കരുതപ്പെട്ട 'സോഷ്യലിസ്റ്റ്' ജോർജ് ഫെർണാണ്ടസായിരുന്നു. ബി.ജെ.പി രൂപികരിച്ച എൻ.ഡി.എയുടെ കൺവീനറായി, അവരുടെ വിശ്വസ്തനായി അദ്ദേഹം മാറി.
ജനതാ സർക്കാരിലെ സാന്നിധ്യം ഉപയോഗിച്ച് ഭരണസംവിധാനത്തിന്റെ വിവിധ മേഖലകളിൽ നുഴഞ്ഞുകയറാൻ ഹിന്ദുത്വ ശക്തികൾക്ക് സാധിച്ചത് ഈ ഘട്ടത്തിലാണെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. 1980ൽ ബി.ജെ.പിയുമായി ഹിന്ദുത്വ വാദികൾ രംഗത്തെത്തി. ഇന്ത്യൻ രാഷ്ട്രീയത്തിൽ പിന്നീട് ഹിന്ദുത്വ ശക്തികൾക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നത് ഒരു സത്യമാണ്.
അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരത്തിൽ ആർ.എസ്.എസുമായുള്ള 'സഹകരണം' സി.പി.എമ്മിൽ പോലും വലിയ വിഷയമായിരുന്നു. പി. സുന്ദരയ്യയുടെ അക്കാലത്തെ നിലപാടുകളും അദ്ദേഹത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള രാജിയും ഇതാണ് സൂചിപ്പിക്കുന്നത്. മധു ദന്തവതെ, സുരേന്ദ്ര മോഹൻ തുടങ്ങി നിരവധി പേർ ഹിന്ദുത്വത്തിനെതിരെ ചെറുത്തുനിൽക്കാൻ ശ്രമിച്ചവരാണ്. എന്നാൽ അവരുടെതായില്ല സോഷ്യലിസ്റ്റ് പ്രസ്ഥാനം എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതികേട്.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1