ഗുണദോഷങ്ങൾ സൂക്ഷ്മമായി വിലയിരുത്താതെ വോട്ടിൽ മാത്രം കണ്ണു നട്ടും കൈയടി മോഹിച്ചും നടപ്പാക്കുന്ന പദ്ധതികൾ നാടിനു ബാധ്യതയാകുമെന്ന തിരിച്ചറിവ് ഭരണാധികാരികൾക്കില്ലെങ്കിൽ വൈതരണി വന്നുപെടും. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം മൂന്നിരട്ടിയായി വർദ്ധിപ്പിച്ച തീരുമാനം പ്രവാസികൾക്ക് വലിയ തിരിച്ചടിയായെന്ന വിലാപത്തിനിടെ മറ നീക്കി പുറത്തുവരുന്നുണ്ട് മുൻ സർക്കാർ ഈ പദ്ധതി നടപ്പാക്കിയതിനു പിന്നിലെ നിഷ്കർഷാ രാഹിത്യവും സങ്കുചിത രാഷ്ട്രീയവും. പദ്ധതിയുടെ മറവിൽ പിണറായി സർക്കാർ കുഴിച്ച വാരിക്കുഴി കണ്ടറിഞ്ഞിട്ടും രക്ഷാതന്ത്രം കാണാനാകുന്നില്ല വി.ഡി. സതീശനെന്ന നിരീക്ഷണവുമുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷം കാരണം പ്രവാസികൾ അവരുടെ ഏറ്റവും പരിതാപകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിസന്ധി അനുദിനം രൂക്ഷമായി വരുന്നതിനിടെ ഉയർത്തിയ പ്രീമിയം തുക താങ്ങാവുന്നതിലുമധികമാണെന്ന്് പ്രവാസി സംഘടനകൾ പരിതപിക്കുന്നു. അഞ്ചു ലക്ഷം രൂപയുടെ ഫാമിലി ഫ്ളോട്ടർ പോളിസി പ്രീമിയം 13,411 രൂപയിൽ നിന്ന് ഒറ്റയടിക്ക് 35,664 രൂപ മുതൽ 77,773 രൂപ വരെയാണ് ഉയർത്തിയത്. പ്രവാസി മലയാളികൾ, വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ, ഇതര സംസ്ഥാനങ്ങളിലുള്ള പ്രവാസികൾ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയാണിത്. ആയിരക്കണക്കിന് ആളുകൾക്ക് ഗുണം ചെയ്ത പദ്ധതിയെന്നതു ശരി. പക്ഷേ, അമിത ഉദാര വ്യവസ്ഥകൾ പദ്ധതിയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചുവെന്നതു മറുവശം.
മെഡിക്കൽ പരിശോധനകളില്ലാതെ, നിലവിലുള്ള രോഗങ്ങൾക്കും ആദ്യദിനം മുതൽ പരിരക്ഷ ലഭിക്കുന്നു എന്നതാണ് ദി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി സഹകരിച്ചുള്ള ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. ഇപ്പോൾ, 51 60 പ്രായപരിധിയിലുള്ളവർക്ക് മാത്രം പഴയ നിരക്കിനെ അപേക്ഷിച്ച് 22,253 രൂപയുടെ അധിക ബാദ്ധ്യതയാണ് ഉണ്ടാവുക. ചികിത്സാ ആവശ്യങ്ങൾ ഏറ്റവും വേണ്ടിവരുന്ന പ്രായം.
അങ്ങനെയുള്ളവരുടെ മുന്നിൽ പ്രീമിയം തുക ഇത്രയും വർദ്ധിപ്പിച്ചാൽ അവർ എങ്ങനെ പദ്ധതി പുതുക്കുമെന്ന ചോദ്യമാണുയരുന്നത്. നല്ല പ്രായത്തിൽ അന്യനാട്ടിൽ പോയി ചോര നീരാക്കി പണിയെടുക്കുന്ന പ്രവാസികളിൽ ഭൂരിപക്ഷവും ജോലി നഷ്ടമായാൽ വെറും കൈയുമായി നാട്ടിലേക്ക് തിരിച്ചുവരേണ്ട അവസ്ഥയിലുള്ളവരാണെന്നതാണ് യാഥാർത്ഥ്യം. അതിനാൽ പ്രവാസി സംഘടനകളുടെ ആവശ്യം അനുഭാവപൂർവം പരിഗണിച്ച് പ്രീമിയം വർദ്ധന കുറയ്ക്കാനുള്ള മറ്റ് വഴികളെക്കുറിച്ച് സർക്കാർ ആലോചിക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരള മൈഗ്രേഷൻ സർവേ 2023 പ്രകാരം കേരളത്തിലേക്കുള്ള വാർഷിക പ്രവാസി പണമയയ്ക്കൽ 2,16,893 കോടി രൂപയായിരുന്നു. 2025ലെ കണക്കനുസരിച്ച് കേരളത്തിലെ പ്രവാസി ബാങ്ക് നിക്ഷേപം 2,93,622 കോടി രൂപയായി ഉയർന്നിട്ടുണ്ട്. അതായത് പ്രതിവർഷം ശരാശരി 2 ലക്ഷം കോടി രൂപ കേരളത്തിലേക്ക് എത്തിക്കുന്ന ഒരു സമൂഹമാണ് പ്രവാസികളുടേത്. അതിനാൽ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി പോലെയുള്ള കാര്യങ്ങളിൽ പ്രവാസി ക്ഷേമത്തിനായി കൂടുതൽ തുക ചെലവഴിക്കുന്നത് ഒരു നഷ്ടമായി സർക്കാർ കണക്കാക്കരുതെന്ന വികാരം ശക്തമാണ്.
ഈ പദ്ധതി പരാജയമായിരുന്നില്ല. ആദ്യവർഷം നിരവധി പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി. സാധാരണ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ, എളുപ്പത്തിൽ പരിരക്ഷ നൽകാൻ തയ്യാറാകാത്ത നിലവിലുള്ള രോഗങ്ങളുള്ളവർക്കുപോലും ചികിത്സയുടെ വാതിൽ തുറന്നുകൊടുത്തു. ചില അംഗങ്ങളുടെ അനുഭവങ്ങൾ പ്രകാരം, അർഹമായ ചികിത്സാച്ചെലവിന്റെ 60 മുതൽ 95 ശതമാനം വരെ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിട്ടുണ്ട്.
2025 സെപ്തംബർ 22ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത നോർക്ക കെയർ നവംബർ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും. വൈദ്യപരിശോധനയില്ലാതെ അംഗത്വം. നിലവിലുള്ള രോഗങ്ങൾക്കും ആദ്യദിനം മുതൽ പരിരക്ഷ. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് ഒരേ പ്രീമിയം. ഈ വ്യവസ്ഥകളായിരുന്നു പദ്ധതിയുടെ പ്രധാന ആകർഷണം. കേരളത്തിലെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെയും ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ ലഭ്യമാക്കുമെന്ന വാഗ്ദാനവുമുണ്ടായിരുന്നു.
അതേസമയം, നിലവിലുള്ള രോഗങ്ങൾക്ക് ആദ്യദിനം മുതൽ പരിരക്ഷ, വൈദ്യപരിശോധനയില്ലാത്ത പ്രവേശനം, പ്രായവ്യത്യാസമില്ലാത്ത നിരക്ക് എന്നീ വ്യവസ്ഥകൾ ഒരുമിച്ച് നടപ്പാക്കുമ്പോൾ ക്ലെയിമുകൾ ഉയരാനുള്ള സാധ്യത മുൻകൂട്ടി കണ്ട് അതിനുള്ള സാമ്പത്തിക സുരക്ഷ ഒരുക്കേണ്ടതായിരുന്നു. നോർക്ക കെയർ അവതരിപ്പിക്കുമ്പോൾ അതിന്റെ ഭാവി സാമ്പത്തിക ബാധ്യത എങ്ങനെ നേരിടുമെന്നതിന് പിണറായി വിജയൻ സർക്കാരിനു വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നു തെളിഞ്ഞു. പ്രീമിയം സബ്സിഡി, സർക്കാർ വിഹിതം, ഉയർന്ന ക്ലെയിമുകൾക്കുള്ള പ്രത്യേക ഫണ്ട്, റീ-ഇൻഷുറൻസ് തുടങ്ങിയ സംവിധാനങ്ങൾ മുൻകൂട്ടി ആലോചിച്ചിരുന്നതായി കരുതാനാകില്ല.
സാധാരണ വാണിജ്യ ഇൻഷുറൻസ് പദ്ധതികളിൽ നിലവിലുള്ള രോഗങ്ങൾക്ക് കാത്തിരിപ്പുകാലമോ മറ്റ് നിയന്ത്രണങ്ങളോ ഉണ്ടാകാറുണ്ട്. എന്നാൽ നോർക്ക കെയർ അതൊഴിവാക്കിയതുകൊണ്ടുതന്നെ മുമ്പ് ഇൻഷുറൻസ് ലഭിക്കാതിരുന്നവരും സ്വകാര്യ പോളിസികൾക്ക് വലിയ തുക ചെലവഴിച്ചിരുന്നവരും പദ്ധതിയിലേക്ക് ആകർഷിക്കപ്പെട്ടു. ഇത് സർക്കാരിന്റെ വലിയ സാമൂഹിക ഇടപെടലായിരുന്നു. പക്ഷേ, അതിനൊരു സാമ്പത്തിക മറുവശമുണ്ടായത് വൈകാതെ വ്യക്തമായി. നോർക്ക കെയറിലും നോർക്ക കെയർ പ്ലസിലും ഇൻഷുറൻസ് കമ്പനികൾക്ക് യഥാക്രമം 160 ശതമാനവും 350 ശതമാനവും നഷ്ടമുണ്ടായെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.
കനിവ് കണ്ണടച്ച്
2026 ഒക്ടോബർ 29ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ കണക്കുകൾ പ്രകാരം, പദ്ധതിയിൽനിന്ന് 145 കോടി രൂപ പ്രീമിയമായി ലഭിച്ചപ്പോൾ ക്ലെയിമുകൾ 210 കോടി രൂപയിലെത്തി. പദ്ധതിയിൽ ഏകദേശം 1.32 ലക്ഷം പേർ അംഗങ്ങളായിരുന്നു. ക്ലെയിമുകളുടെ 80 ശതമാനത്തോളം കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളുമായി ബന്ധപ്പെട്ടതും. 40 മുതൽ 70 വരെ പ്രായമുള്ളവരുടെ ക്ലെയിമുകൾ മാത്രം 120 കോടി രൂപയോളം വന്നു. ലഭിച്ച പ്രീമിയത്തേക്കാൾ 65 കോടി രൂപ അധികം ക്ലെയിമുകൾക്കായി നൽകേണ്ടിവന്നു. ഗുരുതര രോഗമുള്ള ഒരാൾക്കുപോലും ചികിത്സ മുടങ്ങരുതെന്ന സാമൂഹിക ലക്ഷ്യം കൈവരിച്ചെങ്കിലും അതിന്റെ ചെലവ് വഹിക്കാൻ നിശ്ചയിച്ച പ്രീമിയം പര്യാപ്തമായിരുന്നില്ല.
പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയൻ ഇപ്പോൾ പ്രീമിയം വർധനയ്ക്കെതിരെ രംഗത്തുണ്ട്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ താൽപര്യത്തിനു മുന്നിൽ സർക്കാർ കീഴടങ്ങുകയാണെന്നും പ്രീമിയം കുറച്ച് പദ്ധതി പുനഃസംഘടിപ്പിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ പ്രവാസികൾക്ക് വലിയ ആനുകൂല്യം പ്രഖ്യാപിച്ചതിനു പിന്നിൽ അവരുടെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നില്ലേ അന്ന് പിണറായി സർക്കാരിനുണ്ടായിരുന്നത് എന്ന മറു ചോദ്യവും ഉയരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോഴത്തെ വർധനയെ വിമർശിക്കുന്ന അദ്ദേഹം, താൻ ആവിഷ്കരിച്ച പദ്ധതിയുടെ ആദ്യവർഷത്തെ സാമ്പത്തിക ബാധ്യതയെക്കുറിച്ചു വിശദീകരിക്കുന്നതേയില്ല. പഴയ നയം വിജയകരമായിരുന്നെങ്കിൽ അതിന്റെ ചെലവ് എങ്ങനെ താങ്ങാനാകുമെന്ന് കൂടി വ്യക്തമാക്കേണ്ടിയിരുന്നു.
മറുവശത്ത്, പ്രീമിയം വർധനയില്ലാതെ പദ്ധതി തുടരാനാവില്ലെന്ന സതീശന്റെ വാദത്തിനും കണക്കുകളുടെ പിന്തുണയുണ്ട്. പഴയ നിരക്കിൽ പുതിയ കരാറിന് കമ്പനികൾ തയ്യാറായില്ലെന്നും 300 കോടി രൂപ മുൻകൂറായി നൽകണമെന്ന ആവശ്യം ഉയർന്നെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. എന്നാൽ മുൻ സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി നിലവിലെ സർക്കാരിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നതും വസ്തുത. പ്രവാസികൾക്ക് ഈ പദ്ധതി ആവശ്യം തന്നെ. പ്രത്യേകിച്ച് നിലവിലുള്ള രോഗങ്ങളുള്ളവർക്കും പ്രായമായവർക്കും മറ്റൊരു ഇൻഷുറൻസ് കണ്ടെത്തുക എളുപ്പമല്ല. ഒരു വർഷം മുമ്പ് സർക്കാർ നൽകിയ ഉറപ്പിൽ വിശ്വസിച്ച് സ്വകാര്യ പോളിസികൾ ഉപേക്ഷിച്ചവരെ പുതുക്കൽവേളയിൽ മൂന്നിരട്ടി നിരക്കിന്റെ മുന്നിൽ നിർത്തി പൊരിക്കുന്നത് നീതിയല്ല.
സബ്സിഡി
നിലവിലെ പ്രശ്നത്തിന് പ്രായോഗികമായ പരിഹാരം വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്. പഴയ നിരക്ക് അതേപടി നിലനിർത്തണമെന്ന് വാശിപിടിക്കുന്നതും മുഴുവൻ അധികബാധ്യതയും അംഗങ്ങളുടെ ചുമലിൽ കെട്ടിവയ്ക്കുന്നതും ശരിയായ സമീപനമല്ലെന്ന് അവർ പറയുന്നു. പ്രീമിയം വർധനയുടെ ഒരു ഭാഗം സർക്കാർ സബ്സിഡിയായി നൽകുകയും ബാക്കി ഘട്ടംഘട്ടമായി നടപ്പാക്കുകയും വേണം.ഉയർന്ന ക്ലെയിം സാധ്യതയുള്ള പ്രായമായവരുടെയും ഗുരുതര രോഗങ്ങളുള്ളവരുടെയും ചികിത്സാച്ചെലവ് ഇൻഷുറൻസ് കമ്പനിയുടെ മാത്രം ചുമലിൽ വിടരുത്. ഇതിനായി പ്രത്യേക സർക്കാർ റിസ്ക് ഫണ്ടോ റീഇൻഷുറൻസ് സംവിധാനമോ രൂപീകരിക്കണം.
ഒരു ഇൻഷുറൻസ് കമ്പനിയുമായുള്ള കരാറിൽ മാത്രം പദ്ധതി ഒതുക്കരുത്. മത്സരാധിഷ്ഠിത ടെൻഡർ, ഒന്നിലധികം ഇൻഷുറർമാരുടെ പങ്കാളിത്തം, ആശുപത്രികളുമായുള്ള ചികിത്സാനിരക്ക് ചർച്ചകൾ എന്നിവയിലൂടെ ചെലവ് കുറയ്ക്കാനാവുമോ എന്ന് പരിശോധിക്കണം. യഥാർഥ ക്ലെയിം ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള സ്വതന്ത്ര ആക്ച്വറിയൽ വിലയിരുത്തൽ അനിവാര്യം. അംഗസംഖ്യ വർധിപ്പിക്കണം. പ്രവാസി കുടുംബങ്ങൾക്കൊപ്പം അർഹരായ വിദ്യാർഥികളെയും മറ്റ് വിഭാഗങ്ങളെയും ഉൾപ്പെടുത്തി റിസ്ക് പൂൾ വിപുലീകരിക്കാം. എന്നാൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതുകൊണ്ടുമാത്രം നഷ്ടം പരിഹരിക്കപ്പെടില്ല. അംഗങ്ങളുടെ പ്രായവും ആരോഗ്യപരമായ അപകടസാധ്യതയും കണക്കിലെടുത്തുള്ള നിരക്കുനിർണയം ആവശ്യമാണ്.
കുറഞ്ഞ പ്രീമിയത്തിന്റെ പേരിൽ ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്ക് അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത്. കോപേമെന്റ് പോലുള്ള വ്യവസ്ഥകൾ സ്വമേധയാ തിരഞ്ഞെടുക്കാവുന്ന രീതിയിലായിരിക്കണം.അഞ്ചുലക്ഷം രൂപയുടെ ഒറ്റ പരിരക്ഷയ്ക്ക് പകരം മൂന്ന്, അഞ്ച്, പത്ത് ലക്ഷം രൂപയുടെ വ്യത്യസ്ത പാക്കേജുകൾ നൽകണം. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് അടിസ്ഥാന പരിരക്ഷയും ഉയർന്ന വരുമാനമുള്ളവർക്ക് കൂടുതൽ പരിരക്ഷയും തിരഞ്ഞെടുക്കാം. നിലവിലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഉപപരിധികൾ, മുറിവാടക, ഐസിയു ചെലവ്, കോപേമെന്റ് എന്നിവയെല്ലാം മുൻകൂട്ടി വ്യക്തമാക്കണം.
സാധാരണ അംഗങ്ങളുടെ പ്രീമിയം വരുമാനവും ഉയർന്ന ചെലവുള്ള രോഗികളുടെ ബാധ്യതയും വേർതിരിച്ച് കൈകാര്യം ചെയ്യുന്നത് പദ്ധതിയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് സഹായകമാകും. നിലവിലുള്ള അംഗങ്ങളെയും പുതിയതായി ചേരുന്നവരെയും വ്യത്യസ്തമായി പരിഗണിക്കണം. നിലവിലുള്ള അംഗങ്ങൾക്ക് തുടർച്ചയായ പരിരക്ഷയും ചികിത്സാ ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന സംരക്ഷിത പുതുക്കൽ സംവിധാനം വേണം. പുതിയ അംഗങ്ങൾക്ക് പ്രായം, പരിരക്ഷയുടെ തുക, ആരോഗ്യപരമായ അപകടസാധ്യത എന്നിവ പരിഗണിച്ചുള്ള സുതാര്യമായ നിരക്കുകൾ നിശ്ചയിക്കുകയുമാകാം.
നിരക്കിലെ മാറ്റങ്ങൾ പുതുക്കലിന് 60 മുതൽ 90 ദിവസം മുമ്പെങ്കിലും അറിയിക്കണം. നിലവിലെ അംഗങ്ങൾക്ക് മറ്റൊരു പോളിസിയിലേക്ക് മാറാനുള്ള അവസരവും ഉറപ്പാക്കണം. ഐആർഡിഎഐയുടെ 2024ലെ ഇൻഷുറൻസ് ഉൽപന്ന ചട്ടങ്ങൾ പ്രകാരം ഗ്രൂപ്പ് ആരോഗ്യ ഇൻഷുറൻസ് അംഗങ്ങൾക്കും നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി പോർട്ടബിലിറ്റി അനുവദിക്കുന്നുണ്ട്. പദ്ധതിയുടെ വരുമാനം, ക്ലെയിം, പ്രായവിഭാഗം തിരിച്ചുള്ള ചെലവ്, ആശുപത്രി ചെലവുകൾ, ഭരണച്ചെലവ്, ഇൻഷുറൻസ് കമ്പനിയുടെ നഷ്ടം എന്നിവ ഉൾക്കൊള്ളുന്ന വാർഷിക റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. സ്വതന്ത്ര ആക്ച്വറിയൽ ഓഡിറ്റും നിർബന്ധമാക്കണം.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
