സഹ്യനിപ്പുറം കാലുകുത്താൻ അനുവദിക്കില്ലെന്ന് കേരള രാഷ്ട്രീയ ബോധം ഒരിക്കൽ നിശ്ചയിച്ചിരുന്ന പ്രസ്ഥാനത്തിന്, ഭാരതീയ ജനതാ പാർട്ടിക്ക് ഇന്ന് ഈ കൊച്ചു സംസ്ഥാനത്തിൽ മൂന്ന് നിയമസഭാംഗങ്ങൾ ഉണ്ടാവുന്നത് കൊച്ചു കാര്യമാണോ? പ്രതീക്ഷിച്ചത്ര സീറ്റുകൾ കേരള നിയമസഭയിൽ ഇത്തവണ കിട്ടിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറയുന്നു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്നു കയറാനുള്ള എല്ലാ തന്ത്രങ്ങളും പ്രയോഗിച്ച ശേഷമാണ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിട്ടത്. എല്ലാത്തിനും ചുക്കാൻ പിടിച്ച ആർ.എസ്.എസ് എന്ന ശക്തി അവരുടെ ലക്ഷ്യം നേടാൻ പറഞ്ഞയച്ച ബിസിനസുകാരനായ രാഷ്ട്രീയക്കാരനാണ് രാജീവ് ചന്ദ്രശേഖർ. അജണ്ടകൾ കൃത്യമായി നടപ്പാക്കാനാണ് മുൻ അധ്യക്ഷൻ കെ. സുരേന്ദ്രനെ പ്രസ്ഥാനം മാറ്റി നിർത്തിയത്. ബി.ജെ.പിയുടെ അവതാര ലക്ഷ്യം ഹിന്ദുത്വ അജണ്ടയിലും ദേശീയതയിലും ഊന്നിയുള്ള ഒരു രാഷ്ട്രീയ പാർട്ടി എന്നതായിരുന്നു.
1980ൽ ജനതാ പാർട്ടി പിരിച്ചുവിട്ട് പഴയ ജനസംഘത്തിലെ തീവ്ര ആർ.എസ്.എസ് വിഭാഗം ജന്മം കൊടുത്ത പ്രസ്ഥാനം. 1984ലെ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുണ്ടായ സഹതാപ തരംഗത്തിൽ മുങ്ങി കേവലം രണ്ട് സീറ്റുകൾ മാത്രമായി ലോക്‌സഭയിൽ കടന്നുകൂടിയ രാഷ്ട്രീയ കക്ഷി. പിന്നീട് ഉത്തർപ്രദേശിലെ രാമരഥയാത്രയുടെ പിൻബലത്തിൽ ശക്തി പ്രാപിച്ച്, നിരവധി സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ വിജയങ്ങളെയും ദേശീയ തിരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനങ്ങളെയും തുടർന്ന്, 1996 ൽ പാർലമെന്റിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി മാറിയ രാഷ്ട്രീയ വിസ്മയം!
തുടക്കം മുതൽ കേരളം പ്രതിരോധിച്ചു നിന്നു.ഇങ്ങനെ ഒരു പ്രസ്ഥാനം ഇങ്ങോട്ട് വരേണ്ട എന്ന മട്ടിൽ. മതേതര മുദ്രാവാക്യമായിരുന്നു അതിനു പിൻബലം. ജാതിമത പരിഗണനകൾ ഉൾപ്പെടുത്തി സ്ഥാനാർത്ഥികളെ നിർണയിക്കുകയും തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യുന്ന കേരളത്തിലെ മുന്നണി സംവിധാനങ്ങൾ തന്നെയാണ് ഭൂരിപക്ഷ വർഗീയത എന്ന പേരിൽ ബി.ജെ.പിക്ക് എതിരെ പ്രതിരോധം തീർത്തിരുന്നത്. ബി.ജെ.പി വിരോധം നാലു പതിറ്റാണ്ടോളം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ചു.
തകരുന്ന കോട്ടകൾ
2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മലയാളിയുടെ രാഷ്ട്രീയ ബോധത്തിന്മേൽ ഏൽപ്പിച്ച പ്രഹരം ചെറുതല്ല. വിജയം നൽകിയ അമിതാഹ്ലാദം കോൺഗ്രസ് ക്യാമ്പിൽ നിന്ന് അനൈക്യത്തിന്റെ പെരുമ്പറയായി മുഴങ്ങുന്നത് കേരളം കേൾക്കുന്നു. സ്വന്തം പരാജയത്തിന് താത്വിക അവലോകനം നൽകാൻ പോലും മുഖം കാട്ടാതെ കമ്മ്യൂണിസ്റ്റ് സിംഹങ്ങൾ മടകളിലേക്ക് മടങ്ങി പോകുന്നതും കേരളം കാണുന്നു.
ഇതിനിടയൊണ് മലയാളി വോട്ടർമാരുടെ മനസ്സിൽ വിരിഞ്ഞ താമര കുമ്പിളുകൾ കണ്ട് ബി.ജെ.പി ക്യാമ്പ് പുഞ്ചിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയുടെ ഭരണം പിടിച്ചെടുത്തതോടെ കേരളത്തിൽ ചുവടുറപ്പിക്കാൻ തുടങ്ങുന്നു എന്ന സൂചന പാർട്ടി ദേശീയ നേതൃത്വത്തിന് നൽകാൻ രാജീവ് ചന്ദ്രശേഖർക്ക് കഴിഞ്ഞു. ഇപ്പോഴിതാ സ്വയം പ്രഖ്യാപിച്ച് സ്ഥാനാർത്ഥിയായ നേമത്ത് സ്വന്തം മേൽവിലാസം പതിപ്പിക്കുകയും ചെയ്തിരിക്കുന്നു പോരാത്തതിന് തെക്കുനിന്ന് രണ്ട് മണ്ഡലങ്ങൾ കൂടി പിടിച്ചെടുത്ത്, 140 അംഗങ്ങൾക്കിടയിൽ മൂന്നു പേരെന്ന ശക്തിപ്രകടിപ്പിക്കാൻ ഒരുങ്ങുന്നു.
മൂന്നുപേരുടെ വിജയം 30 പേരുടെ വിജയത്തിന് തുല്യമാണെന്ന് കരുതുന്ന ബി.ജെ.പി അണികൾക്ക് 2026 ഒരു ചവിട്ടുപടി തന്നെയാണ്. അടുത്ത അഞ്ചുവർഷത്തിനകം കാര്യങ്ങൾ മാറിമറിയും എന്ന് അവർ കണക്കുകൂട്ടുന്നു. അതിന് മറ്റൊരു കാരണമുണ്ട്. മലയാളിയുടെ പാർട്ടിയോടുള്ള തൊട്ടുകൂടായ്മ പഴയതുപോലെ ഇപ്പോൾ ഇല്ല എന്ന തിരിച്ചറിവ്. സംഘി എന്ന പരിഹാസ പേര് ലജ്ജിച്ചു തല താഴ്ത്താനുള്ളതല്ല എന്നും ഇപ്പോഴത്തെ വിജയം അവരെ ഓർമ്മിപ്പിക്കുന്നു. മുൻതവണത്തേക്കാൾ വോട്ട് ശതമാനം ഉയർത്തിയതും പാർട്ടി നിരീക്ഷകരുടെ നോട്ടത്തിൽ വളർച്ചയുടെ തുടക്കം തന്നെയാണ്.
കേരളത്തെ വരുതിയിലാക്കാൻ ബി.ജെ.പി സർക്കാർ സംസ്ഥാനത്തിന് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നു എന്ന പ്രചാരണം ഇനി വിലപ്പോവില്ല. സംസ്ഥാന അധ്യക്ഷനെത്തന്നെ നിയമസഭയിൽ എത്തിച്ച ഒരു ദേശത്തോട് ഇനി പകയുടെ രാഷ്ട്രീയം പുറത്തെടുക്കുമെന്ന് കരുതാൻ വയ്യ. പകരം കൂടുതൽ പ്രീണനങ്ങൾ പ്രതീക്ഷിക്കാം.
സാമുദായിക പ്രീണനങ്ങൾ പ്രതീക്ഷിച്ചതുപോലെ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല എന്നത് വാസ്തവമാണ്. ഭൂരിപക്ഷ വർഗീയത എന്നത് കേരളത്തിൽ വിഘടിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് എന്നിരിക്കെ, ന്യൂനപക്ഷ പ്രീണനത്തിൽ തന്നെയായിരിക്കും ബി.ജെ.പി ഇനിയും ശ്രമങ്ങൾ നടത്തുക.എൻ.ഡി.എ സഖ്യം സംസ്ഥാനത്ത് ഏകദേശം 16 ശതമാനത്തോളം വോട്ട് വിഹിതം നേടി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയിരുന്നു.
പല മണ്ഡലങ്ങളിലും പരമ്പരാഗത എൽ.ഡി.എഫ് യു.ഡി.എഫ് മുന്നണികൾക്ക് കടുത്ത ഭീഷണി ഉയർത്തുന്ന രീതിയിൽ ത്രികോണ മത്സരം കാഴ്ചവെക്കാൻ ബി.ജെ.പിക്ക് സാധിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ 50 വാർഡുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത് പാർട്ടി നഗരപ്രദേശങ്ങളിൽ ശക്തിപ്പെടുന്നതിന്റെ സൂചനയാണ്.
കളി തുടരും
പത്തോളം സീറ്റുകൾ പ്രതീക്ഷിച്ചിരുന്നതായും സംസ്ഥാനത്തെ മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ചിരുന്നതായി രാജീവ് ചന്ദ്രശേഖർ പറയുന്നത് വെറുതെയല്ല. പക്ഷേ ന്യൂനപക്ഷ ഏകീകരണവും എഫ്.സി.ആർ.എ വിഷയത്തിലുണ്ടായ പ്രചാരണങ്ങളും പാർട്ടിക്ക് തിരിച്ചടിയായി. ഈ പ്രചാരണം പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടത് തിരുവല്ല, പാലാ തുടങ്ങിയ മണ്ഡലങ്ങളിലെ സാധ്യതകളെ ബാധിച്ചു. മുന്നണി പരീക്ഷണങ്ങൾ തുടരുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ പാർട്ടികൾ എൻ.ഡി.എയുടെ ഭാഗമാകുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. വോട്ട് വിഹിതത്തിലുണ്ടായ കുറവ് ഗൗരവമായി പരിശോധിക്കും.
ഏതായാലും ബി.ജെ.പിയുടെ ദേശീയ അജണ്ട കേരളത്തിന് പാകമാകുമോ എന്ന് ഇനി വരുന്ന നാളുകളിൽ കണ്ടും കേട്ടും അനുഭവിച്ചും തന്നെ അറിയേണ്ടതാണ്. ഹിന്ദു സംഘടനകൾ ഇന്നോളം ബി.ജെ.പിയെ തെരഞ്ഞെടുപ്പിൽ പരസ്യമായി പിന്തുണച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബി.ജെ.പി കേരളത്തിൽ നേരിടുന്ന ഏറ്റവും വലിയ വൈതരണി ഹൈന്ദവ സംഘടനകളുടെ സഹകരണം ഇല്ലായ്മയാണ്. അതിനൊപ്പം ബി.ജെ.പിയിലെ ഉൾപാർട്ടി പിണക്കങ്ങളും. മറുവശത്ത് ന്യൂനപക്ഷ പ്രീണനം പ്രതീക്ഷിച്ച വോട്ട് നേടി തന്നില്ല എന്നതും ബി.ജെ.പിക്ക് കേരളം നൽകിയ നല്ല പാഠമാണ്.
കേരളത്തിന്റെ പ്രതിരോധ കോട്ടകൾ എന്ന് കരുതിയിരുന്ന മതേതരകമ്മ്യൂണിസ്റ്റ് ശക്തി ദുർഗങ്ങൾ വീണടിയുകയോ അവിടെ വിള്ളൽ ഉണ്ടാവുകയോ ചെയ്തിരിക്കുന്നു. കേന്ദ്ര ഭരണം ബി.ജെ.പിയുടെ കൈകളിൽ വീണ്ടും ഭദ്രമാവുകയാണെങ്കിൽ കേന്ദ്ര അജണ്ടകൾ കേരളത്തിനും ബാധകമാകും. നല്ലതാണെങ്കിലും മോശമാണെങ്കിലും അതിനെ ചോദ്യം ചെയ്യാനോ പ്രതിരോധിക്കനോ വരും നാളുകളിൽ ഇവിടെ ഒരു പ്രസ്ഥാനം ഇല്ലെന്നു വരുന്നത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിറം മാറ്റങ്ങൾ ഉണ്ടാക്കും.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അസ്ഥിത്വം നഷ്ടമാവുന്നത് കേരളത്തിന്റെ പല സവിശേഷതകളും ഇല്ലാതാക്കുന്ന നീക്കങ്ങളുടെ തുടക്കമായി വേണം കാണാൻ.
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
