അടുത്ത നാല് വര്‍ഷം രാജ്യം ആര് ഭരിക്കും എന്ന് അറിയാനുള്ള നിര്‍ണായക തിരഞ്ഞെടുപ്പിലേക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്ക കടക്കും. നവംബര്‍ അഞ്ചിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അവസാന ആഴ്ചയിലൂടെ കടക്കുന്നതോടെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് രണ്ട് സ്ഥാനാര്‍ത്ഥികളും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ട്രംപ് നടത്തിയ ചര്‍ച്ചയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മറ്റൊരു ചൂടന്‍ വാര്‍ത്ത.
ഈ മാസം ആദ്യമാണ് ട്രംപും നെതന്യാഹാവും തമ്മിള്ള ഫോണ്‍ സംഭാഷണം നടന്നത്. ഈ സംഭാഷണത്തിലെ വിവരങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ അനഡോലു പുറത്തുവിട്ടിരുന്നു. ലെബനാനില്‍ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തിയ പേജര്‍ ആക്രമണങ്ങള്‍ തന്നില്‍ മതിപ്പ് ഉളവാക്കിയെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു പ്രതികരണത്തിന് ട്രംപോ, അദ്ദേഹത്തിന്റെ ഓഫീസോ തയ്യാറായിട്ടില്ല.
അതേസമയം ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ചര്‍ച്ചകളില്‍ തനിക്ക് യാതൊരു വിധ ആശങ്കയുമില്ലെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും നിലവില്‍ യുഎസ് വൈസ് പ്രസിഡന്റുമായ കമലഹാരിസ് വ്യക്തമാക്കിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അവര്‍ അഭിപ്രായപ്പെടുകയുണ്ടായി.
ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല
തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ രംഗത്ത് വന്നിരുന്നു. 'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ ഇസ്രായേലിന്റെ സമീപകാല ആക്രമണത്തിന് ഉചിതമായ മറുപടി നല്‍കും' എന്നായിരുന്നു മസൂദ് പെസെഷ്‌കിയന്റെ വാക്കുകള്‍. അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം തങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണം അതിര്‍ത്തി കടന്നുള്ളതല്ലെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇറാഖിലെ അമേരിക്ക നിയന്ത്രിക്കുന്ന വ്യോമ മേഖലയില്‍ നിന്നാണ് ഇസ്രായേല്‍ പരിമിതമായ ആക്രമണം നടത്തിയതെന്നും ഇറാന്റെ ആര്‍മി ജനറല്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം യുഎസ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം വലിയ സ്വാധീനം ചെലുത്തുന്ന കാര്യമാവും എന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ച പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാര്‍ എത്തുന്നുണ്ട്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് സമ്പ്രദായം അനുസരിച്ച് തിരഞ്ഞെടുപ്പ് ദിവസത്തിന് മുന്നോടിയായി നിങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരമുണ്ട്.
അത്തരത്തില്‍ മുന്‍കൂറായി ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ തങ്ങളുടെ തീരുമാനം അറിയിച്ചു കഴിഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഏതാണ്ട് 30 മില്യണ്‍ വരുന്ന വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വോട്ടിംഗ് ശതമാനം ഉയരുന്നത് ഏത് സ്ഥാനാര്‍ത്ഥിക്ക് ഗുണകരമാവും എന്ന് തീര്‍ത്ത് പറയാനാവില്ല.
എങ്കിലും ഏഷ്യന്‍ അമേരിക്കന്‍ വിഭാഗങ്ങള്‍ക്ക് ഇടയിലെ കമല ഹാരിസിന്റെ സ്വാധീനവും, കറുത്ത വര്‍ഗക്കാര്‍ക്ക് കമലയോടുള്ള താല്‍പര്യവും കണക്കിലെടുത്തുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണം ഉയരുന്നത് കൂടുതലായും കമലയ്ക്ക് ഗുണകരമായി ഭവിച്ചേക്കും എന്ന വിലയിരുത്തലുകള്‍ ശക്തമാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1