വാങ്ചുക്ക് ലഡാക്കിന്റെ  പ്രിയ പുത്രനോ..

OCTOBER 1, 2025, 11:01 AM

ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാനപദവി നൽകണമെന്നും ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭം അക്രമാസക്തമാവുകയും ഇതൊരു ജെൻസി വിപ്ലവമാണെന്നാണ് സമരനായകൻ സോനം വാങ്ചുക് പ്രഖ്യാപിക്കുകയും ചെയ്തതോടെ ആ നേതാവിനെ ജയിലിലടച്ചു. അതുകൊണ്ട് പ്രശ്‌നം തീരുമോ..?

ഏറ്റവും ഒടുവിൽ ലഡാക്കിൻ നിന്നും കേൾക്കുന്നത് ജയിലഴിക്കുള്ളിലായ നേതാവ് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി രാഷ്ട്രപതിക്കൊരു കത്തു നൽകി എന്നാണ്. രാഷ്ട്രത്തിന്റെ തലൈവി എന്ന നിലയ്ക്ക് തന്റെ ഭർത്താവിനോട് തനിക്കു സംസാരിക്കാൻ അനുമതി നൽകണമെന്നും താനിപ്പോൾ വീട്ടുതടങ്കലിലാണെന്നു പറയാതെ തന്നെ തന്റെ  നിസ്സഹായാവസ്ഥ വിവരിച്ചുകൊണ്ടുള്ള കത്ത് എന്ത് പ്രതികരണമാണുണ്ടാവാൻ പോകുന്നതെന്നറിയില്ല.

എത്രപെട്ടെന്നാണ് ഭരണകൂടം സോനം വാങ്ചുക്കിനെ ദേശദ്രോഹിയാക്കി ജയിലിലടച്ചത്. 
ഇക്കണ്ടകാലമത്രയും സോനം വാങ്ചുക്കിയും സർക്കാരും അടയും ചക്കരയും ആയിരുന്നു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾ, ലോക പൈതൃക വാരാഘോഷം തുടങ്ങിയ ലഡാക്കിലെ പ്രധാന പരിപാടികൾക്ക് നേതൃത്വം നൽകാൻ കേന്ദ്രത്തിന്റെ പ്രിയപ്പെട്ട വ്യക്തിയും വാങ് ചുക്കായിരുന്നുവെന്ന് ഔദ്യോഗിക രേഖകൾ തന്നെ പറയുന്നു.

vachakam
vachakam
vachakam

അൽപം ചരിത്രം

രണ്ടു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ലഡാക്ക്. മഞ്ഞുപെയ്യുന്ന ഈ മലമുകളിലെ ഇന്ത്യൻ ജനതയുടെ ജീവിതം ദുഷ്‌കരമാണ് 1962, 1971 വർഷങ്ങളിൽ ചൈനയുടെയും പാക്കിസ്ഥാന്റെയും അക്രമത്തെ സൈനികരോടൊപ്പം ചെറുത്തുനിന്ന് ജനത. 1999ൽ കാർഗിൽ യുദ്ധത്തിലും രാജ്യത്തോടുള്ള കൂറ് അവർ ഒരിക്കൽ കൂടി തെളിയിച്ചു. മഹാവീർ ചക്രം നേടിയ കേണൽ ഛെവാങ് റിഞ്ചൻ ലഡാക്കിന്റെ പുത്രനാണ്. ഇതുപോലെ ലഡാക്കിൽ നിന്നുള്ള നിരവധി ഛെവാങ് റിഞ്ചൻമാർ രാജ്യത്തിന്റെ കാവൽകാരായി അതിർത്തികളിൽ തോക്കേന്തി നിതാന്ത ജാഗ്രതയോടെ നിൽപ്പുണ്ട്.  

ലഡാക്കിന്റെ വിശ്വാസ്യത ഒരിക്കൽ പോലും രാജ്യം ചോദ്യം ചെയ്യപെട്ടിരുന്നില്ല. 2019ൽ കേന്ദ്രഭരണ പ്രദേശമായി ലഡാക്കിനെ പ്രഖ്യാപിച്ചപ്പോൾ ശ്രീനഗറിന്റെ നിഴലിൽ നിന്ന് മോചിതരായെന്നു ആശ്വസിച്ചവരാണവർ. ആ തീരുമാനത്തെ അവർ സഹർഷം സ്വാഗതം ചെയ്തു. ചൈനയുടെയും പാകിസ്ഥിന്റെയും അതിർത്തി പ്രദേശമെന്ന നിലയിൽ ഡൽഹിയുടെ നേരിട്ടുള്ള ഭരണം ആശ്വാസകരമായിരിക്കുമെന്നും തങ്ങളുടെ ആവശ്യങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടുമെന്നും അവർ പ്രതീക്ഷിച്ചു.

vachakam
vachakam
vachakam

എന്നാൽ പ്രതീക്ഷകളും കണക്കു കൂട്ടലുകളും തെറ്റായിരുന്നു വെന്നു ബോധ്യമാകാൻ അവർക്കു ഏറെ നാളുകൾ കാത്തിരിക്കേണ്ടി വന്നില്ല. ലഡാക്കിന്റെ തനതായ സാംസ്‌കാരിക സ്വത്വം, ദുർബലമായ പരിസ്ഥിതിശാസ്ത്രം, മുഖ്യമായും ആദിവാസി ജനതയുടെ അവകാശങ്ങൾ എന്നിവ നിലനിർത്താൻ പുതിയ ഭരണ സംവിധാനത്തിന് സാധ്യമല്ലെന്ന് ഏറെ വൈകാതെ അവർക്ക് മനസ്സിലായി.

ജമ്മുകശ്മീരിൽ ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഒരു നിയമസഭയുണ്ടെങ്കിലും, ലഡാക്ക് നേരിട്ടുള്ള കേന്ദ്രഭരണത്തിന് കീഴിലാണ്. തങ്ങൾക്കു സ്വയംഭരണാവകാശവും ഭരണഘടനാ സംരക്ഷണവും വേണമെന്നാണ് അവരുടെ ആവശ്യം. പൂർണ്ണസംസ്ഥാന പദവി, ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തുക, ലഡാക്കിനായി ഒരു പ്രത്യേക പബ്ലിക് സർവീസ് കമ്മീഷൻ ഏർപ്പെടുത്തുക, ലോകസഭാ സീറ്റുകളുടെ എണ്ണം ഒന്നിൽ നിന്ന് രണ്ടായി ഉയർത്തുക. ലഡാക്കികളുടെ പ്രധാന ആവശ്യം ഇവയാണ്.

2019 ആഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് തങ്ങളുടെ ഭൂമി നഷ്ടപെടുമെന്ന ആശങ്കയിലാണവർ. 370-ാം വകുപ്പ് നിലവിലുണ്ടായിരുന്നപ്പോൾ ലഡാക്ക് ഉൾപെട്ട ജമ്മുകാശ്മീരിനു പുറത്തുനിന്നുള്ളവർക്കു ഭൂമി വാങ്ങാൻ അനുവാദം ഉണ്ടായിരുന്നില്ല. തദ്ദേശീയരല്ലാത്തവർക്കു ഭൂവുടമവകാശം അനുവദിച്ചതു ആശങ്കകൾ വർദ്ധിപ്പിച്ചു.

vachakam
vachakam
vachakam

അവരെ സമരത്തിന്റെ വഴിയിലേക്കു തിരിച്ചു വിട്ടതിനു ഇതുംകൂടി കാരണമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ലഡാക്കിലെ ജനത സംസ്ഥാന പദവിക്കായും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപെടുത്തണമെന്നും ആവശ്യപെട്ടുകൊണ്ടിരിക്കുകയാണ്. ആറാം ഷെഡ്യൂൾ പ്രകാരം, സ്വയംഭരണ ജില്ലാ കൗൺസിലുകൾക്ക് ഭൂവിനിയോഗം, അനന്തരാവകാശ നിയമങ്ങൾ, സാമൂഹിക ആചാരങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ സാധിക്കും.

നികുതി പിരിക്കാനും പ്രാദേശിക വിഭവങ്ങൾ കൈകാര്യം ചെയ്യാനുമുള്ള നിയമനിർമ്മാണം നടത്താനുള്ള അധികാരവും ലഭിക്കും. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഈ നിയമം നിലവിലുണ്ട്. മാഗ്‌സെസ അവാർഡ് ജേതാവും പരിസ്ഥിതി വിദഗ്ധനും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ ലേ അപെക്‌സ് ബോഡി (എൽ.എ.ബി)യും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ചേർന്നു പ്രക്ഷോപം തുടരുകയാണ്. ഇതിന്റെ ഭാഗമയി എൽ.എ.ബി സെപ്തംബർ 10 നു ആരംഭിച്ച നിരാഹാര സമരം 35-ാം ദിവസം അക്രമാസക്തമായിമാറുകയായിരുന്നു.

നിരാഹാരസമരം നടത്തിയവരുടെ ആരോഗ്യ നില വഷളായത് സ്ഥിതിഗതിയിൽ മാറ്റം വരുത്തി. ആരോഗ്യസ്ഥിതി മോശമായ രണ്ടു വൃദ്ധ വനിതപ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടർന്നു ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ സമരക്കാർ തെരുവിലിറങ്ങി. ബന്ദിനുആഹ്വാനം ചെയ്തു. തീവെപ്പിൽ സർക്കാർ സ്ഥാപനങ്ങളും ബി.ജെ.പി ഓഫീസും കത്തിനശിച്ചു. പോലീസ് വെടിവെപ്പിൽ നാലുപേർ മരണപ്പെട്ടു. പോലീസ്‌കാരടക്കം നിലവധി പേർക്കു പരിക്കേറ്റു. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമാസക്തമായതിനെ തുടർന്നു സമരം നിർത്തിവെക്കാം സോനം വാങ് ചുക്കു ആവശ്യപെട്ടു.

ലഡാക്ക് തന്ത്രപരമായ പ്രാധാന്യമുള്ള ഒരു മേഖലയാണ്. ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കുകയും സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തുകയും വേണമായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ബലിയാടിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സേനം വാങ് ചുക്കിന്റെ അറസ്റ്റ് തെളിയിക്കുന്നത് അതാണ്. സമരം അക്രമാസക്തമാകാൻ കാരണം സോനം വാഗ്ചുക്കിന്റെ പ്രസംഗങ്ങളാണെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ആരോപിക്കുകയാണ്. പാക്കിസ്ഥാനിൽ നടന്ന പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുത്തതും ഷേക്ക് ഹസീനയുടെ ഭരണകാലത്ത് ബംഗ്ലാദേശ് സന്ദർശിച്ചതും സോനം വാങ് ചുക്കിനെതിരെയുള്ള വൻ കുറ്റമായി സർക്കാർ കാണുകയാണ്. യുവാക്കൾക്കിടയിൽ നിലനിൽക്കുന്ന അസംതൃപ്തിയെക്കുറിച്ച് വാങ്ചുക്ക് രണ്ടുവർഷം മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ബന്ധപ്പെട്ടവർ ആ മുന്നറിയിപ്പ് അവഗണിക്കുകയിരുന്നു. രാജ്യദ്രോഹക്കുറ്റം, സാമ്പത്തിക കുറ്റം, ഭൂമി കയ്യേറ്റം തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തി വാഗ് ചുക്കിനെ നിശബ്ദാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.  വാങ് ചുക്കിന്റെ നേതൃത്വത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് എന്ന സംഘടനയുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി കേന്ദ്രസർക്കാർ റദ്ദാക്കി. അദ്ദേഹത്തിന്റെ സന്നദ്ധ സംഘടനയായ ഹിമാലയൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ് ലഡാക്കിനു (എച്ച്.ഐ.എ.എൽ) നൽകിയ ഭൂമി സർക്കാർ തിരിച്ചെടുക്കുകയും ചെയ്തു.

സേനം മേഖലയിലെ ഏറെ ആദരണീയനായ നേതാവാണ്. ലഡാക്കിലെ ജനങ്ങളുടെ ആവശ്യങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ അദ്ദേഹം ആരെയും ഭയപ്പെടാറില്ല. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അറേബ്യൻ വസന്തത്തെക്കുറിച്ചും നേപ്പാളിലെ ഇസഡ് പ്രതിഷേധങ്ങളെക്കുറിച്ചും സൂചിപ്പിക്കാറുണ്ടായിരുന്നു. ആ പ്രസംഗങ്ങൾ ഏറ്റുപിടിച്ചാണ് സേനം വാങ് ചുക്കിൽ രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ, ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി നൽകണമെന്നും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം 21 ദിവസത്തെ നിരാഹാര സമരം നടത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ, ലഡാക്കിൽ നിന്ന് ഡൽഹിയിലേക്ക് ഒരു മാർച്ച് നടത്തിയ അദ്ദേഹത്തെ സിംഘു അതിർത്തിയിൽ വെച്ചു പോലീസ് കസ്റ്റഡിയിലെടുത്തു. 

വാങ് ചുക്കിന്റെ അറസ്റ്റ് മേഖലയെ മറ്റൊരു കലാപത്തിലേക്ക് കൊണ്ടെത്തിക്കുമോ എന്നആശങ്കയുണ്ട്.  ജമ്മു കാശ്മീരും സമ്പൂർണ സംസ്ഥാന പദവിക്കായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. സംസ്ഥാന പദവിയും സ്വയംഭരണാവകാശവും മാറ്റിവെച്ചാൽ പോലും ലഡാക്കിലെ യുവജനങ്ങൾ അസ്വസ്ഥരാണ്. ലഡാക്കിലെ ബിരുദധാരികളിൽ 26.5 ശതമാനം പേർതൊഴിൽരഹിതരാണ്. ഈ കണക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്.  ബിരുദധാരികളായ തൊഴിൽരഹിതരുടെ ദേശീയ തലത്തിലെ സംഖ്യ 13.4 ശതമാനമാണ്. 

കേന്ദ്രം അഞ്ചുവർഷം മുമ്പ് ലഡാക്കിന് സംസ്ഥാന പദവി നൽകുമെന്ന്  ഉറപ്പു നൽകിയിരുന്നു. എന്നാൽ അത് നടപ്പിലായില്ല. ഇതിൽ പ്രതിഷേധിച്ചുകഴിഞ്ഞ ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ അവിടത്തെ ജനത തീരുമാനിച്ചതായിരുന്നു. അപ്പോഴും കേന്ദ്രം ഉറപ്പാവർത്തിച്ചു. ഹിൽകൗൺസിൽ തിരഞ്ഞെടുപ്പിൽ ജയം ബി.ജെ.പിക്കു അനുകൂലമായിട്ടും കേന്ദ്രസർക്കാർ ഉറപ്പുപാലിക്കപ്പെട്ടില്ല. ഇതിന്നുള്ള തിരിച്ചടി ലഡാക്കിലെ ജനത കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നൽകുകയും ചെയ്തു.

കഴിഞ്ഞ രണ്ടുതവണ വിജയിച്ച ലഡാക്കിലെ ഏക ലോക സഭാ സീറ്റിൽ വിജയിച്ച ബി.ജെ.പി 2024 ലെ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സർക്കാരിന്റെ ഈ പ്രതികാരനടപടി ലഡാക്കിലെ ജനത പൊറുക്കുമെന്നു തോന്നുന്നില്ല. കാരണം അത്രയ്ക്ക് പ്രിയപ്പെട്ടവനാണ് ലഡാക്കുകാർക്കയാൾ. മാത്രമല്ല, തന്റെ എഞ്ചിനീയറിങ് വൈദഗ്ദ്യം നാടിന്റെ അഭിവൃദ്ധിക്ക് വേണ്ടി ഉപയോഗപ്പെടുത്താനാണ് വാങ്ചുക്ക് എന്നും ശ്രമിച്ചു പോന്നിട്ടുള്ളത്.

കാലാവസ്ഥാ വ്യതിയാനം കാരണം വലിയ പ്രതിസന്ധിയിലായ ലഡാക്കിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ പല കണ്ടുപിടുത്തങ്ങളും നവീന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സജ്ജീകരണങ്ങളും അദ്ദേഹം കണ്ടെത്തി എന്നതും അത്ര ചെറിയ കാര്യമല്ല.

എമ എൽസ എൽവിൻ


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam