രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് ഒരു ദശാബ്ദത്തിനിടെ നടന്ന ഏറ്റവും വലിയ ഭരണപരമായ മാറ്റങ്ങളിൽ ഒന്നാണ് പരീക്ഷാ സംവിധാനത്തിന്റെ കേന്ദ്രീകരണം. സുതാര്യത, കാര്യക്ഷമത, സാങ്കേതിക മികവ്, മികച്ച നിലവാരം എന്നീ ലക്ഷ്യങ്ങളുമായാണ് 2017ൽ കേന്ദ്ര സർക്കാർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി രൂപീകരിച്ചത്. ഇതിൽ ഏറെ പാളിച്ചകളുണ്ടായിരിക്കുന്നു. ഇതിലൊക്കെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ഒന്നും ചെയ്യാനില്ലെ എന്ന ചോദ്യം സ്വാഭാവികമായി ഉയരും.
നമ്മുടെ പൊതു വിദ്യാഭ്യാസ നയം പാളിയോ എന്ന ചോദ്യമാണ് നാടിന്റെ നാനാഭാഗത്തു നിന്നും ഉയരുന്നത്. പൊതുവിദ്യാഭ്യാസ നയം പൂർണ്ണമായും പാളി എന്ന് പറയാനാകില്ലെങ്കിലും, നടപ്പാക്കലിലെ പോരായ്മകളും കാലാനുസൃതമായ മാറ്റങ്ങളുടെ കുറവും വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. കേരളത്തിൽ പൊതുവിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടെങ്കിലും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിലും പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പിലാക്കുന്നതിലും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നു.
രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് ഒരു ദശാബ്ദത്തിനിടെ നടന്ന ഏറ്റവും വലിയ ഭരണപരമായ മാറ്റങ്ങളിൽ ഒന്നാണ് പരീക്ഷാ സംവിധാനത്തിന്റെ കേന്ദ്രീകരണം. സുതാര്യത, കാര്യക്ഷമത, സാങ്കേതിക മികവ്, മികച്ച നിലവാരം എന്നീ ലക്ഷ്യങ്ങളുമായാണ് 2017ൽ കേന്ദ്ര സർക്കാർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി രൂപീകരിച്ചത്. 2018 മുതൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം പിന്നീട് ഏറ്റവും വലിയ ദേശീയ പ്രവേശനയോഗ്യതാ പരീക്ഷകളുടെ കേന്ദ്രമായി മാറി. NEET-UG, JEE Main, UGC-NET, CUET-UG, CUET-PG, NCET തുടങ്ങി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന പരീക്ഷകൾ ഈ കേന്ദ്ര ഏജൻസിയുടെ നിയന്ത്രണത്തിലായി.
ഇത്തരത്തിൽ ഒരു കേന്ദ്ര സംവിധാനം ആരംഭിക്കുന്നതിന്റെ കാരണം പറഞ്ഞത് പരീക്ഷകൾ കൂടുതൽ പ്രൊഫഷണലാകും, അഴിമതിയും ക്രമക്കേടും ഇല്ലാതാകും, വിദ്യാർത്ഥികൾക്ക് കൂടുതൽ വിശ്വാസ്യത ഉണ്ടാകും. പക്ഷേ ഏതൊരു സംവിധാനത്തെയും വിലയിരുത്തേണ്ടത് അതിന്റെ പ്രഖ്യാപനങ്ങളിലൂടെയല്ല, മുന്നിൽ വരുന്ന പ്രതിസന്ധികളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യമിരിക്കുന്നത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) രൂപീകരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നീറ്റ്, നെറ്റ് തുടങ്ങിയ ദേശീയ പരീക്ഷകളിൽ തുടർച്ചയായ പ്രതിസന്ധികളും ക്രമക്കേടുകളും ഉണ്ടാകുന്നതിന് പിന്നിൽ വ്യക്തമായ ഘടനപരമായ പോരായ്മകളും സുരക്ഷാ വീഴ്ചകളുമുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 17ന് രാഹുൽഗാന്ധി മത്സരപ്പരീക്ഷാപരിശീലനങ്ങളുടെ 'ഹോട്ട് സ്‌പോട്ടാ'യ രാജസ്ഥാനിലെ കോട്ടയിൽ സംഘടിപ്പിച്ച 'ഛാത്രോം കീ ഗുഞ്ച്' എന്ന പരിപാടിയിൽ, നൂറു കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് തങ്ങളുടെ ആശങ്ക പങ്കുവെച്ചത്.
പരിശീലനത്തിന് രണ്ടു വർഷത്തേക്ക് മൂന്നു ലക്ഷം രൂപ ചെലവാക്കേണ്ടിവരുന്നവർ, ചോദ്യപേപ്പർ ചോർച്ചയിൽ തകർന്നുപോയവർ, ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന സാഹചര്യങ്ങൾ എന്നിവയാണ് അവർ പറഞ്ഞത്. ഏറ്റവും ഒടുവിൽ നീറ്റ് യു.ജി പുനഃപരീക്ഷയ്ക്ക് തയാറെടുത്തിരുന്ന നാല് വിദ്യാർത്ഥികൾ കൂടി സമ്മർദ്ദത്തെതുടർന്ന് ജീവനൊടുക്കിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവരുകയുണ്ടായി.
കഴിഞ്ഞ 5 വർഷത്തെ (2021-2026)സംഭവങ്ങൾ മാത്രം പരിശോധിച്ചാൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളും വിശ്വാസ്യത തകർച്ചയുമാണ് കാണാൻ സാധിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനം വെള്ളത്തിലാക്കിയ പരീക്ഷാ റദ്ദാക്കലുകളും സുരക്ഷാ വീഴ്ചകളും നിറഞ്ഞ ഒരു ക്രമം തന്നെ ഈ അഞ്ചുവർഷത്തിനിടയിലുണ്ടായി. കോടതികൾ ഈ വിഷയത്തിൽ അതിരൂക്ഷമാകുകയാണ് വിമർശിച്ചിട്ടുള്ളത്. നിരവധി പരീക്ഷകൾ മാറ്റിവെക്കപ്പെട്ടു, ചിലത് റദ്ദാക്കി, ചിലതിൽ കോടതികൾ ഇടപെട്ടു, ചിലതിൽ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തി, മറ്റു ചിലതിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി, ചിലതിൽ പാർലമെന്ററി സമിതികൾ വരെ ഇടപെട്ടു. എന്നിട്ടോ..? 2024 എന്ന ഒരു വർഷം മാത്രം നോക്കിയാൽ മതി.
യുജിസി എൻഇറ്റി പരീക്ഷ ഒമ്പത് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് എഴുതിയത്. പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾക്കകം വിദ്യാഭ്യാസ മന്ത്രാലയം അത് റദ്ദാക്കി. തുടർന്ന് അന്വേഷണം, ചോദ്യങ്ങൾ, വിശദീകരണങ്ങൾ. ഒരു കാര്യത്തിന് മാത്രം മറുപടി ഉണ്ടായില്ല.
അതേവർഷം NEET-UG രാജ്യവ്യാപകമായ വിവാദമായി മാറി. ചോദ്യപേപ്പർ ചോർച്ച, ആരോപണങ്ങൾ, മാർക്ക് സംബന്ധിച്ച തർക്കങ്ങൾ, ഗ്രേസ് മാർക്ക് വിവാദം, കോടതിവിധികൾ, ഇവയെല്ലാം ചേർന്ന് ഈ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത തന്നെ പ്രതിക്കൂട്ടിലായി. സുപ്രീംകോടതി മുഴുവൻ പരീക്ഷ റദ്ദാക്കിയില്ലെങ്കിലും ഒരു കാര്യം വ്യക്തമായി; ഒരു പരീക്ഷ നിയമപരമായി നിലനിൽക്കുന്നതും സാമൂഹികമായി വിശ്വസിക്കപ്പെടുന്നതും രണ്ടും രണ്ടു തരത്തിലാണ്.
ഇതിലൊക്കെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ഒന്നും ചെയ്യാനില്ലെ എന്ന ചോദ്യം സ്വഭാവികമായി ഉയരും. എൻഎടി ഒരു സ്വതന്ത്ര സ്വകാര്യ സ്ഥാപനമല്ല. അത് കേന്ദ്ര സർക്കാർ രൂപീകരിച്ചതും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ളതുമായ ഏജൻസിയാണ്. അതിന്റെ വിജയങ്ങളെ സർക്കാർ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നുവെങ്കിൽ അതിന്റെ പരാജയങ്ങളെ എന്തുകൊണ്ട് ഭരണപരമായ പിഴവായി അംഗീകരിക്കാൻ കഴിയുന്നില്ല?.
ഓരോ വിവാദത്തിനും ശേഷം കേൾക്കുന്നത് ഒരേ ഭാഷയാണ്: കർശന നടപടി, അന്വേഷണം, വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കും, പരീക്ഷയുടെ സുതാര്യത ഉറപ്പാക്കും. പക്ഷേ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വേണ്ടത് ഇത്തരം അർഥശൂന്യമായ വിശദീകരണങ്ങളല്ല.
ഇവിടെ, ഒരു പരീക്ഷ റദ്ദാക്കപ്പെടുമ്പോൾ, മാസങ്ങളായോ വർഷങ്ങളായോ നടത്തുന്ന കഠിനപ്രയത്‌നം കൂടിയാണ് റദ്ദാക്കപ്പെടുന്നത്. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയ്ക്കായി ചെലവഴിച്ച ബൗദ്ധികവും സാമ്പത്തികവുമൊക്കെയായ ഊർജ്ജവും വിഭവങ്ങളും വിലപ്പെട്ട സമയവും.
ഒന്നോ, രണ്ടോ അല്ല, തുടർച്ചയായി, ഓരോ വർഷവും ഇത് ആവർത്തിക്കുമ്പോൾ തകരുന്നത് വിദ്യാർത്ഥികളുടെ ആത്മവിശ്വാസമാണ്.
ചിലരെ അറസ്റ്റു ചെയ്തും അന്വേഷണം പ്രഖ്യാപിച്ചും നടത്തുന്ന പ്രഹസനങ്ങളിൽ ഒടുവിലത്തേതാണ്, ചോദ്യപേപ്പർ ചോർച്ച തടയാൻ ടെലിഗ്രാമിന് വിലക്കേർപ്പെടുത്തിയ നടപടി. ചോദ്യപേപ്പർ ചോരുന്ന ഉറവിടം അന്വേഷിച്ച് അത് അടയ്ക്കുന്നതിനുപകരം, ചോർത്തിയ ചോദ്യപേപ്പർ വിതരണം ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമിന് വിലക്കേർപ്പെടുത്തിയിട്ട് എന്തുകാര്യം? അപ്പുറത്ത്, ചോർത്തൽ ക്രിമിനൽ മൈന്റുള്ളവരാണ്. ഇന്ന് ഡിജിറ്റൽ മീഡിയ ശക്തമാണെന്നിരിക്കേ, മറ്റ് എത്രയോ പ്ലാറ്റ്‌ഫോമുകൾ വഴി ഈ കുറ്റകൃത്യം തുടരുനിന്നില്ലെന്ന് ആരു കണ്ടു.
പരീക്ഷാക്രമക്കേടുകളുടെ അടിസ്ഥാന പ്രശ്‌നം മറച്ചുപിടിച്ച്, നടപടിയെടുത്തു എന്ന് വരുത്തിത്തീർക്കാനുള്ള പരിഹാസ്യമായ പരിഹാരങ്ങളാണ് കേന്ദ്രം പിന്തുടരുന്നത്. പരീക്ഷാകേന്ദ്രീകരണവും അതുണ്ടാക്കുന്ന ഘടനാപരമായ പ്രതിസന്ധികളും ശാസ്ത്രീയവും അക്കാദമികവുമായി പരിശോധിക്കാൻ തയ്യാറല്ല എന്ന പ്രഖ്യാപനം, ഇത്തരം കുറ്റകൃത്യങ്ങൾ അടുത്ത വർഷങ്ങളിലും തുടരും എന്നതിന്റെ ആശങ്കാജനകമായ സൂചന കൂടിയാണ് ബാക്കിയാക്കുന്നത്.
സാങ്കേതിക പോരായ്മകളു കുറവ് ചെറുതല്ല. അശാസ്ത്രീയമായ മൂല്യനിർണ്ണയവും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിൽ തുടർച്ചയായി ഉണ്ടാകുന്ന സാങ്കേതിക തകരാറുകളും സെർവർ പ്രശ്‌നങ്ങളും പരിഹരിക്കാൻ എൻടിഎയ്ക്ക് ഇന്നും സാധിച്ചിട്ടില്ല.
കൃത്യമായ മാനദണ്ഡങ്ങളില്ലാതെ 'ഗ്രേസ് മാർക്കുകൾ' അനുവദിച്ചതും, ഉത്തരസൂചികകളിലെ നിരവധി തെറ്റുകളും ഏജൻസിയുടെ വിശ്വാസ്യത പൂർണ്ണമായും തകർത്തു. ചുരുക്കത്തിൽ, ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ മേൽനോട്ടമോ ഇല്ലാതെ ഇന്ത്യയിലെ ഏറ്റവും വലിയ മത്സരപ്പരീക്ഷകൾ നടത്താൻ എൻടിഎയെ ഏൽപ്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണം.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
