വ്യാജ ആയുധക്കരാറിന്റെ മറവിൽ 700 കോടിയുടെ രാജ്യാന്തര നിക്ഷേപത്തട്ടിപ്പ്: നിജസ്ഥിതി പുറത്ത്

JUNE 17, 2026, 12:42 PM

എഴുനൂറ് കോടിയുടെ വമ്പൻ തട്ടിപ്പാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്. ഇത്തരത്തിലുള്ളൊരു വമ്പൻ തട്ടിപ്പു ഒരു തരത്തിലും തുടർന്ന് ഉണ്ടാകാതിരിക്കാൻ ഉന്നതാധികാരികൾ അതീവ ജാഗ്രതയോടെ ഇരിക്കുകയും വേണം. ഈ കേസിൽ പലർക്കും കോടികളുടെ നഷ്ടമുണ്ടായി എന്നതിനേക്കാൾ വലിയ പ്രശ്‌നം ഇന്ത്യയിലെ അന്വേഷണ സംവിധാനങ്ങളിൽ പൊതുസമൂഹത്തിനുള്ള വിശ്വാസം ഇല്ലാതാവുക കൂടി ചെയ്തിരിക്കുന്നു. പണം നഷ്ടപ്പെട്ടവരെ ഇനിയും കഷ്ടപ്പെടുത്താതെ എത്രയും വേഗം പരിഹാരം ഉണ്ടാക്കുകയും വേണം.

അമേരിക്കൻ പ്രതിരോധ വകുപ്പിന്റെയും (പെന്റഗൺ) ഭാരത സർക്കാരിന്റെയും ഔദ്യോഗിക പദവികളും ദേശീയ മുദ്രകളും വ്യാജമായി ചമച്ച്, മലയാളി പ്രവാസികൾ ഉൾപ്പെടെ നൂറുകണക്കിന് നിക്ഷേപകരെ കെണിയിലാക്കിയ 700 കോടി രൂപയുടെ മെഗാ നിക്ഷേപത്തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്  അടുത്തിടെ  പുറത്തുവന്നിരുന്നത്. 

ന്യൂഡൽഹി ആസ്ഥാനമായി രജിസ്റ്റർ ചെയ്ത 'വി.പി.വി.വി. ടെക്‌നോ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ മറവിലാണ് ഈ വൻ തട്ടിപ്പ് അരങ്ങേറിയത്. തട്ടിപ്പിനിരയായ ഒരു എറണാകുളം ചെങ്ങമനാട് സ്വദേശി നൽകിയ പരാതിയിലാണ് വിദേശ ഏജൻസികളെപ്പോലും ഞെട്ടിച്ച ഈ രാജ്യാന്തര സാമ്പത്തിക കുറ്റകൃത്യത്തിന്റെ ചുരുളഴിയുന്നത്.

vachakam
vachakam
vachakam

കെണിയൊരുക്കിയ 'ഇൻഡോ-യുഎസ് പസിഫിക് പീസ് ട്രീറ്റി' അമേരിക്കൻ പ്രതിരോധ വകുപ്പിൽ നിന്ന് 83,000 കോടി രൂപയുടെ ആയുധ നിർമ്മാണ കരാറും നാസയ്ക്ക്  ആവശ്യമായ അത്യാധുനിക ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള ഓർഡറും തങ്ങളുടെ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് പ്രതികൾ നിക്ഷേപകരെ സമീപിച്ചത്. ഇതിനായി ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പുവെച്ചു എന്ന് അവകാശപ്പെടുന്ന 'ഇൻഡോ-യുഎസ് പസിഫിക് പീസ് ട്രീറ്റി' എന്ന വ്യാജ ഉടമ്പടി രേഖ ഇവർ കാണിക്കുകയും ചെയ്തിരുന്നു. 

ഈ കരാറുകളിൽ പണം നിക്ഷേപിച്ചാൽ കോടിക്കണക്കിന് രൂപയുടെ ലാഭവിഹിതം അസാധാരണ വേഗതയിൽ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് നൂറോളം മലയാളികൾ ഉൾപ്പെടെ അഞ്ഞൂറിലധികം നിക്ഷേപകരിൽ നിന്നായി പ്രതികൾ 700 കോടിയോളം രൂപ സമാഹരിക്കുകയായിരുന്നു.
തട്ടിപ്പിന്റെ ആസൂത്രണവും കബളിപ്പിക്കൽ രീതികളും നിക്ഷേപകരിൽ വിശ്വാസ്യത ജനിപ്പിക്കാൻ തികച്ചും സിനിമ സ്‌റ്റൈലിലുള്ള വിപുലമായ സജ്ജീകരണങ്ങളാണ് പ്രതികൾ ഒരുക്കിയിരുന്നത്:

വ്യാജ നയതന്ത്ര പ്രതിനിധി 'ഡോക്ടർ സാബ്': യുഎസിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെന്ന വ്യാജേന 'ഡോക്ടർ സാബ്' (തനുഷ് പാണ്ഡ്യ) എന്നൊരാളെ പ്രതികൾ നിക്ഷേപകർക്ക് പരിചയപ്പെടുത്തി. പെന്റഗണിൽ നിന്ന് കമ്പനിക്ക് കരാർ വാങ്ങി നൽകിയത് ഇയാളാണെന്നാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്. 

vachakam
vachakam
vachakam

ഹൈടെക് സുരക്ഷാ നാടകം

ന്യൂഡൽഹി വസന്ത് നഗറിലുള്ള വി.പി.വി.വി കമ്പനിയുടെ ആഡംബര ഓഫീസിലാണ് നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾ നടന്നിരുന്നത്. പ്രതിരോധ കരാറുകളുടെ രഹസ്യസ്വഭാവം നിലനിർത്താനെന്ന വ്യാജേന, ഓഫീസിൽ കയറ്റുന്നതിന് മുൻപ് നിക്ഷേപകരുടെ മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, കണ്ണട, ആഭരണങ്ങൾ എന്നിവയെല്ലാം വാങ്ങി പ്രത്യേക അലമാരയിൽ പൂട്ടിവെയ്ക്കുമായിരുന്നു.

വ്യാജ മുദ്രകളുടെ ഉപയോഗം: ഇന്ത്യയുടെയും അമേരിക്കയുടെയും ഔദ്യോഗിക മുദ്രകൾ പതിപ്പിച്ച വ്യാജ സർട്ടിഫിക്കറ്റുകളും കരാർ പകർപ്പുകളുമാണ് ഓഫീസിനുള്ളിൽ വെച്ച് നിക്ഷേപകരെ കാണിച്ചിരുന്നത്. 

vachakam
vachakam
vachakam

ഔദ്യോഗിക സ്ഥിരീകരണം

എംബസി രേഖ പുറത്ത്കരാർ പ്രകാരം ലാഭവിഹിതം ലഭിക്കാതിരുന്നതോടെ സംശയം തോന്നിയ നിക്ഷേപകർ വിവരാവകാശ നിയമപ്രകാരം വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിയെ സമീപിച്ചതോടെയാണ് തട്ടിപ്പിന്റെ നിജസ്ഥിതി പുറത്തുവരുന്നത്. 'ഇന്ത്യ ഗവൺമെന്റോ യുഎസ് ഗവൺമെന്റോ 'ഇൻഡോ-യുഎസ് പസിഫിക് പീസ് ട്രീറ്റി' എന്ന പേരിൽ ഒരു ഉടമ്പടിയിലോ കരാറിലോ ഒപ്പുവെച്ചിട്ടില്ല' എന്ന് യുഎസിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി മറുപടി നൽകി. ഇതോടെ പ്രതികൾ കാണിച്ച രേഖകളെല്ലാം പൂർണ്ണമായും വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.
ഈ കേസിൽ അന്വേഷണം ശക്തമായതോടെ പ്രതികൾ നിയമത്തെയും നിക്ഷേപകരെയും വീണ്ടും കബളിപ്പിക്കാൻ ശ്രമങ്ങൾ നടത്തി.

തങ്ങൾക്കെതിരെയുള്ള പരാതികളിൽ ഡൽഹി പോലീസ് അന്വേഷണം നടത്തി കമ്പനിയെ കുറ്റവിമുക്തരാക്കി എന്ന തരത്തിൽ ഒരു വ്യാജ റിപ്പോർട്ട് ചമച്ച് പ്രതികൾ ഡൽഹി പ്രസ് ക്ലബ്ബിൽ ആഘോഷമായൊരു പത്രസമ്മേളനം വരെ നടത്തി. എന്നാൽ അന്തിമ റിപ്പോർട്ട് തയ്യാറായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. 
കേസിലെ പ്രധാന സൂത്രധാരനായ 'ഡോക്ടർ സാബ്' വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് മുൻകൂർ ജാമ്യം നേടിയ ശേഷം വിദേശത്തേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ട്. കേസിലെ ഒന്നാം പ്രതിയായ കൊല്ലം സ്വദേശി വെങ്കിട്ട വെങ്കിടിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ദേശീയ സുരക്ഷയുടെയും അന്താരാഷ്ട്ര പ്രതിരോധ കരാറുകളുടെയും വലിയ പേരുകൾ പറഞ്ഞ് വൻകിട നിക്ഷേപകരെ ലക്ഷ്യമിട്ട് നടത്തിയ അതിസങ്കീർണ്ണമായ ഒരു വൈറ്റ് കോളർ കൊള്ളയാണിത്. ഇന്ത്യയിലെയും അമേരിക്കയിലെയും കേന്ദ്ര അന്വേഷണ ഏജൻസികളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും സംയുക്ത നിരീക്ഷണത്തിലാണ് നിലവിൽ ഈ കേസ് മുന്നോട്ടുപോകുന്നത്.

ഔദ്യോഗിക മുദ്രകൾ കണ്ട് മാത്രം വഞ്ചിതരാകാതെ, ഇത്തരം വലിയ നിക്ഷേപങ്ങൾക്ക് മുമ്പ് സർക്കാർ തലത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു. അതുപോലെ ഇത്തരത്തിലുള്ളൊരു വമ്പൻ തട്ടിപ്പു പദ്ധതി ഒരു തരത്തിലും തുടർന്നുണ്ടാകാതിരിക്കാൻ ഉന്നതാധികാരികൾ അതീവ ജാഗ്രതയോടെ ഇരിക്കുകയും വേണം.

ഈ കേസിൽ പലർക്കും കോടികളുടെ നഷ്ടമുണ്ടായി എന്നതിനേക്കാൾ വലിയ പ്രശ്‌നം ഇന്ത്യയിലെ  അന്വേഷണ സംവിധാനങ്ങളിൽ പൊതുസമൂഹത്തിനുള്ള വിശ്വാസം ഇല്ലാതാവുക കൂടി ചെയ്തിരിക്കുന്നു. പണം നഷ്ടപ്പെട്ടവരെ ഇനിയും കഷ്ടപ്പെടുത്താതെ എത്രയും വേഗം പരിഹാരം ഉണ്ടാക്കുകയും വേണം.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam