കോൺഗ്രസിലെ കലാപമാണ് ഈ ആഴ്ചയിലെ ചിന്താവിഷയമെന്ന രീതിയിൽ മാ.പ്രകൾ പണി തുടങ്ങിയെങ്കിലും പാലക്കാട്ടെ സി.പി.എം. വക 'കോഴിവളർത്തൽ കേന്ദ്ര' ത്തെക്കുറിച്ച് ചൂടു വാർത്തകൾ വന്നതോടെ കാര്യങ്ങൾ തകിടം മറഞ്ഞിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി 'വിശാലമായി' ചർച്ച ചെയ്തു 'വഴുവഴാന്ന്' തള്ളിക്കളയുന്നതിൽ പിണറായിയുടെ ശ്രമം ഏറെക്കുറെ വിജയിച്ചു വരികയായിരുന്നു.
എന്നാൽ, പോയ പത്ത് വർഷത്തെ തന്റെ ഭരണകാലത്ത് താൻ പടുത്തുയർത്തിയ 'സമൂഹ വിരുദ്ധരുടെ നഴ്‌സറി' യെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ പാർട്ടി വല്ലാത്ത പരവേശത്തിലാണ്. ആലപ്പുഴയിലെ വിശാലകമ്മിറ്റി യോഗത്തിൽ വച്ച് 'അച്ഛനെത്ര കണ്ടതാണെടോ' എന്ന് പറഞ്ഞ് സദസ്യരെ കൊണ്ട് കൈയ്യടിപ്പിച്ചു.
പക്ഷെ 'അച്ഛൻ ഇനിയെത്ര കാണാൻ കിടക്കുന്നു' എന്ന മട്ടിൽ പാർട്ടിയുടെ തണലിലും പിണറായിയുടെ ആശിർവാദത്തിലും നാടൊട്ടുക്ക് നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നു. സെക്കൻഡിൽ ആയിരക്കണക്കിന് ട്രോളുകൾ പടച്ചിറക്കിയിരുന്ന സൈബർ സഖാക്കൾ അണ്ണാക്കിൽ പിരിവെട്ടിയ മട്ടിൽ മുരണ്ടു നിൽക്കുകയാണ്.
ജില്ലാ സെക്രട്ടറി പീഡനവീരനായപ്പോൾ
കോൺഗ്രസിൽ നിന്ന് പുറത്തായ ഇ.എൻ. സുരേഷ് കുമാറിനെ പാലക്കാട്ട് ജില്ലാ സെക്രട്ടറിയാക്കിയത് പിണറായി നേരിട്ടായിരുന്നു. വിചിത്രമെന്നു പറയട്ടെ, ഇപ്പോൾ സുരേഷ് കുമാറിനെ പാർട്ടിയുടെ പ്രഥമികാംഗത്വത്തിൽ നിന്നു തന്നെ നീക്കം ചെയ്ത കടുത്ത നടപടിയും പിണറായിക്ക് തന്നെ സ്വീകരിക്കേണ്ടിവന്നു. ഒരർത്ഥത്തിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തക കൂടിയായ അഭിഭാഷക കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ദിനങ്ങളിലായിരുന്നു പാലക്കാട്ടെ പാർട്ടി ഓഫീസിൽ വച്ച് അപമാനിക്കപ്പെട്ടത്. മധ്യവയസ്‌ക്കനായ ഒരു നേതാവിൽ നിന്ന് ഇത്തരമൊരു അതിക്രമം അവർ പ്രതീക്ഷിച്ചതേയില്ല.
ഇതോടെ, അവർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ഈ പരാതി പാർട്ടി സെക്രട്ടറിയായ ഗോവിന്ദൻ മാഷ് പൂഴ്ത്തിയതായാണ് പാർട്ടി ശത്രുക്കൾ പറയുന്നത്. പാലക്കാട്ട് സി.പി.എം.ൽ മൂന്ന് ഗ്രൂപ്പുകളുണ്ട്. സുരേഷ് കുമാറിന്റെയും മുൻമന്ത്രി എം.ബി.രാജേഷിന്റെയും, ഗ്രൂപ്പില്ലാത്ത സ്വതന്ത്ര ചിന്താഗതിക്കാരുടെയും മൂന്ന് ഗ്രൂപ്പുകളാണിവിടെ. എൻ.എൻ.കൃഷ്ണദാസ് എന്നൊരു സീനിയർ നേതാവ് സുരേഷ്‌കുമാറിനോട് ചാരിനിന്ന നേതാവായിരുന്നു. വിവാദമുയരാൻ പോകുന്നുവെന്ന സൂചനയുണ്ടായതോടെ കൃഷ്ണദാസ് ഗ്രൂപ്പ് മാറി. ഇപ്പോൾ ഈ ഗ്രൂപ്പുകളിൽ ഒന്നുംപെടാത്ത ഏ.വി.താമരാക്ഷനെ ജില്ലാ സെക്രട്ടറിയാക്കിയിരിക്കുകയാണ്.
ഇവന്മാർക്ക് ഇതുതന്നെയാണോ പണി?
പാലക്കാട്ടെ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ആർ.ജയദേവന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന പരാതി സംസ്ഥാന നേതൃത്വത്തിന് നൽകിയത് നേതാവിന്റെ ഭാര്യ തന്നെയാണ്. 2025 ജൂണിലാണ് ഈ പരാതി സുരേഷ്‌കുമാറിന് കിട്ടിയത്. 'സമാനഹൃദയ' രെന്ന നിലയിൽ ജയദേവന്റെ ലീലാവിലാസങ്ങളിൽ ഇടപെടാൻ സുരേഷ്‌കുമാർ തുനിഞ്ഞതേയില്ല.
കോൺഗ്രസ് എം.എൽ.എ.യായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിശക്തമയി ഡി.വൈ.എഫ്.ഐ. സമരം നടത്തുമ്പോൾ, ജയദേവനെതിരെയുള്ള പരാതിയിൽ പാർട്ടിക്ക് എന്തു ചെയ്യാൻ കഴിയും?
ഇപ്പോൾ മറ്റൊരു കുരുക്ക് കൂടി കോൺഗ്രസ് ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്. കെ.പി.സി.സി. സെക്രട്ടറി ജോൺ ഡാനിയേൽ, സുരേഷ്‌കുമാറിന്റെ സ്ത്രീ വിഷയത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായിയും എം.വി.ഗോവിന്ദനും ഇത്രയുംനാൾ ഈ കുറ്റകൃതൃത്തെക്കുറിച്ച് മൗനം പാലിച്ചത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിക്കഴിഞ്ഞു. പാർട്ടി എന്തുകൊണ്ട് പൊലീസിന് ഈ പരാതി കൈമാറിയില്ലെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.
ആർക്കാണ് ടൈമിംഗ് പിഴച്ചത്?'
യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് കെ.പി.സി.സി. ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരെ വിളിച്ചു കൂട്ടി മുഖ്യമന്ത്രിക്ക് നേരെ ആരോപണങ്ങളുയർത്തിയ 'ടൈമിങ്ങ്' ഏതായാലും പിഴച്ചുവെന്നു പറയണം. ഇലക്ഷൻ കമ്മീഷനും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പൊരിവെയിലിൽ നിന്ന് ദേശീയ നേതാക്കൾ സമരം നടത്തവേ, ഇത്തരമൊരു പരാതിയുമായി അടൂരാൻ പടയ്ക്കിറങ്ങിയത് ആരുടെ പിന്തുണയോടെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാനേ പറ്റൂ.
അടൂരാൻ നിസ്സാരക്കാരനല്ല. എം.എൽ.എ.യും മുൻ മന്ത്രിയും ഇപ്പോൾ എം.പി.യുമാണദ്ദേഹം. മാത്രമല്ല, കുറെ ബാർഹോട്ടലുകളെല്ലാം സ്വന്തമായുള്ള ഈ ധനാഢ്യൻ കെ.സി.വേണുഗോപാലിനെ പോലെ തന്നെ പാർട്ടിയുടെ 'ഫണ്ട് ശേഖരണ'ത്തിൽ മുൻപനുമാണ്. പക്ഷെ, ഈ കാരണങ്ങൾ കൊണ്ടുമാത്രം തൽക്കാലം മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ പടയ്ക്കിറങ്ങാൻ ഹൈക്കമാൻഡ് തയ്യാറാവില്ല. മാത്രമല്ല, പാർട്ടിക്ക് 'വേണ്ട ഫണ്ട് വേണ്ട സമയത്ത്' ശേഖരിച്ചു നൽകാൻ സതീശനും കഴിയുമെന്ന കാര്യവും ഹൈക്കമാൻഡിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സതീശന്റെ ഫണ്ടിൽ കളങ്കമുണ്ടാവില്ലെന്ന മുൻവിധിയും പാർട്ടി ഉന്നതർക്കുണ്ട്.
അടൂരാനെ ചൊടിപ്പിച്ചത് എം.കെ.മുനിറിന്റെ ഭരണപരിഷ്‌ക്കാര വകുപ്പിന്റെ തലവനായുള്ള നിയമനമല്ല. എന്നാൽ ഫോർവേഡ് ബ്ലോക്കിന്റെ നേതാവ് ജി.ദേവരാജന് കേരളത്തിന്റെ ഡെൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിൽ അടൂരാന് കലിപ്പുണ്ടാകാം. മാത്രമല്ല, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കെ.എ.ഫ്.ഡി.സി., ചലച്ചിത്ര അക്കാദമി തുടങ്ങിയവയിലെ പുതിയ നിയമനങ്ങളും അടൂരാന്റെ പ്രതീക്ഷകളെ തകിടം മറിച്ചിട്ടുണ്ട്. തന്റെ തന്നെ സമുദായത്തിന്റെ നേതാവിനെതിരെ യു.ഡി.എഫ്. സർക്കാർ കർശന സമീപനത്തിലേക്ക് നീങ്ങുകയാണെന്ന തോന്നലും അടൂരാനുണ്ട്.
മാത്രമല്ല, അഴിമതി നടത്തുന്നവരാണ് രാഷ്ട്രീയ പാർട്ടികൾക്ക് എക്കാലത്തും വാരിക്കോരി സംഭാവനകൾ നൽകാറുള്ളത്. അങ്ങനെയുള്ള ചില ഉദ്യോഗസ്ഥരെല്ലാം മനോജ് എബ്രഹാമിന്റെ അഴിമതി വിരുദ്ധയജ്ഞമായ 'പ്രൊജക്ട് സീറോ' യിൽ അകത്തു പോകാനിടയുണ്ട്. അവരെ 'വഴിവിട്ട്' സഹായിക്കാൻ അടൂരാനെ പോലെ സതീശൻ സന്നദ്ധനാവില്ല. ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ പ്രവർത്തനസമയം നിയന്ത്രിക്കാനും ഈ സർക്കാർ ശ്രമമാരംഭിച്ചിട്ടുണ്ട്.
ബാറുകളുടെ 'ജി.എസ്.ടി. പ്രശ്‌നങ്ങളിൽ' ഫലപ്രദമായി ഇടപെട്ട് പണം പറ്റിയിരുന്ന ഒരു വനിതാ ഉദ്യോഗസ്ഥ ഇപ്പോൾ തന്നെ സസ്‌പെൻഷനിലാണ്. അത്തരക്കാരുമായി എല്ലാ രാഷ്ട്രീയക്കാർക്കുമുള്ള 'കളങ്കിത ബന്ധങ്ങൾ' കേരളത്തിലെ എല്ലാ നേതാക്കളെയും കുരുക്കിലാക്കാനിടയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഭരണരംഗത്തെ 'വെവരങ്ങൾ' നേരത്തെ അറിഞ്ഞ് തങ്ങളുടെ ഗുണഭോക്താക്കളെ രക്ഷിക്കാൻ ആരായാലും ശ്രമിക്കില്ലേ? അടൂരും ഈ പട്ടികയിൽ ഉൾപ്പെടുന്ന നേതാവായിരിക്കുമോ? നമുക്കറിയില്ല.
ഖദർ ഷർട്ടുടയണം, കൈ നനയണം.
ചില കോൺഗ്രസുകാർക്കെങ്കിലും ഒരു ചീത്ത സ്വഭാവമുണ്ട്. ഭരണം കിട്ടുന്നത് അവർക്ക് ഊണ് കഴിഞ്ഞ് ഒരു 'മെത്തപ്പായ' കിട്ടുന്നതുപോലെയാണ്. പണപ്പെട്ടിയും അരികിൽ വച്ച് അവർ പോത്ത് പോലെയുറങ്ങും. തേച്ച ഖദർ ഷർട്ട് ഉടയാതെ സ്റ്റേജിൽ പ്രത്യക്ഷപ്പെടും എന്നാൽ, ഈ കാലഘട്ടത്തിൽ ഇത്തരം സുഖാന്വേഷികളൊന്നു വിയർക്കേണ്ടിവരും.
ഭരണത്തിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും, കഴിയാവുന്ന വിധം ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ട് പരിഹാരമുണ്ടാക്കാനും, കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ പരിശ്രമിക്കേണ്ടതുണ്ട്. ഗ്രൂപ്പ് കളിച്ച് 'ഇരിക്കുന്ന കമ്പ്' മുറിക്കുന്ന ഇനി പറ്റില്ല. കോൺഗ്രസിനെ 'ഗ്രാസ് റൂട്ടിൽ' സജീവമാക്കാൻ കെ.പി.സി.സി. പ്രസിഡന്റ് 3 വർക്കിംഗ് പ്രസിഡന്റുമാർക്കൊപ്പം ജില്ലകൾ സന്ദർശിക്കാനുള്ള 'പാർട്ടി പരിപാടി' സജ്ജമായിട്ടുണ്ട്.
പാർട്ടിയെ ശക്തമാക്കാൻ പുതിയ കെ.പി.സി.സി. പ്രസിഡന്റ് വരട്ടെയെന്നായിരുന്നു മന്ത്രി സണ്ണി ജോസഫ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ കെ.പി.സി.സി. പ്രസിഡന്റിനെ തിരക്കിട്ട് നിയമിക്കേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കമാൻഡിന്റേത്. തലസ്ഥാനത്തുള്ള എല്ലാ ദിവസവും രാവിലെ 9ന് പി.സി.സി. പ്രസിഡന്റ് ഇന്ദിരാഭവനിലെത്തുമെന്നും പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾ നടത്തുമെന്നും പത്രവാർത്തകളുണ്ട്.
'രാഷ്ട്രീയ ഹോട്ട് സീസൺ' വരുന്നു
കേരളത്തിലെ രാഷ്ട്രീയം കൂടുതൽ ചൂടുപിടിക്കണമെങ്കിൽ നിയമസഭാ സമ്മേളനം തുടങ്ങണം. ഒക്.12ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പു തന്നെ ഇരുമുന്നണികളിലും 'അടി' തുടങ്ങിയതിൽ ചാനലുകാരും മാ.പ്ര.കളും സന്തോഷത്തിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി വി.ഡി.സതീശൻ ബുധനാഴ്ച തോറുമുള്ള 'ക്യാബിനറ്റ് ബ്രീഫിങ്ങ്' ഒഴിവാക്കിയിരിക്കുകയാണ്.
പ്രതിപക്ഷ ഉപനേതൃപദവി വേണമെന്ന് സി.പി.ഐ. വീണ്ടും പ്രഖ്യാപിച്ചു കഴിഞ്ഞു.
ഒക്‌ടോബർ 12 മുതൽ 29 വരെയാണ് നിയമസഭ ചേരുന്നതെങ്കിലും ഒക്‌ടോബർ 16 മുതൽ 25 വരെ സമ്മേളനമുണ്ടാവില്ല. പൂജാ അവധി ദിനങ്ങളും മറ്റുമാണ് ഇതിനുള്ള കാരണം. സി.പി.എം.ന്റെ വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പിണറായിക്ക് പി.ബി. അംഗമെന്ന നിലയിൽ പങ്കെടുക്കേണ്ടിവരുമ്പോൾ പ്രതിപക്ഷ നേതാവിന്റെ സീറ്റ് ഒഴിഞ്ഞു കിടക്കും.
ഈ നിർണ്ണായക ദിനങ്ങളിൽ മുൻ മന്ത്രി കെ.എൻ.ബാലഗോപാലിനെ പിണറായിക്ക് പകരക്കാരനായി സി.പി.എം. അവതരിപ്പിക്കുന്നതിനെ ചെറുക്കാനാണ് സി.പി.ഐ. ഇപ്പോൾ തന്നെ തങ്ങളുടെ അവകാശവാദം ഒരിക്കൽ കൂടി ഉന്നയിച്ചിരിക്കുന്നത്.
ഫ്യൂസ് ഊരുന്ന യൂണിയനുകൾ
വൈദ്യുതി പ്രതിസന്ധിയുടെ നാളുകളിൽ വൈദ്യുതി ലൈനിലെ ഫ്യൂസ് ഊരിക്കളിക്കുന്നവരെ പോലെയാണ് ഇപ്പോൾ ചില സംഘടനകൾ പെരുമാറുന്നത്. കഴിഞ്ഞ 10 വർഷക്കാലവും പിണറായിയുടെ കാൽക്കീഴിൽ വാലും ചുരുട്ടിക്കിടന്ന ഇടതു യൂണിയനുകളിലെ 'നീർക്കോലി സംഘടനകൾ' പോലും ഇപ്പോൾ സമര കാഹളമുയർത്തുകയാണ്.
എല്ലാ മേഖലയിലുമുള്ള ഇടതു സംഘടിത ശക്തിയെ ആയുധമാക്കി യു.ഡി.എഫിനെ ഭരണത്തിൽ നിന്ന് താഴെയിറക്കാനാണ് ഏ.കെ.ജി. സെന്ററിൽ നിന്ന് അണികൾക്ക് കിട്ടിയിട്ടുള്ള നിർദ്ദേശം. ദുഷ്ടലാക്കുള്ള സമരങ്ങളെ അതുകൊണ്ടുതന്നെ അടിച്ചൊതുക്കാൻ ചെന്നിത്തലയുടെ പൊലീസ് ശ്രമിക്കും. എന്നാൽ പൊലീസിലെ 'ഇടതന്മാർ ' ഇത്തരം സന്ദർഭങ്ങളിൽ സർക്കാരിന് പണികൊടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പിണറായിയുടെ ഭരണനാളുകളിലെ ഓരോ അഴിമതിക്കഥകളും ഓരോന്നായി പുറത്തെടുത്ത് ഇടതിന്റെ രാഷ്ട്രീയ ചതിക്കുഴികളിൽ വീഴാതെ പിടിച്ചു നിൽക്കാൻ ഈ സർക്കാർ വല്ലാതെ പാടുപെടേണ്ടിവരും. നല്ല 'ചൂരൽക്കഷായം' തന്നെയാണ് സമരങ്ങളുടെ ഈ പകർച്ചപ്പനിക്കുള്ള ഒറ്റമൂലി. അല്ലാതെ ജലപീരങ്കിയെന്ന ഉമ്മാക്കി കൊണ്ടൊന്നും കാര്യമില്ലെന്ന് ഭരിക്കുന്നവർ മനസ്സിലാക്കിയാൽ നല്ലത്.
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
