തകര്‍ന്നടിഞ്ഞ് നയതന്ത്രം, വിറങ്ങലിച്ച് ആഗോള സമ്പദ്‌വ്യവസ്ഥ

JULY 14, 2026, 6:11 AM

പശ്ചിമേഷ്യ വീണ്ടും യുദ്ധ ദുരന്തത്തിന്റെ നിഴലിലേക്ക് കൂപ്പുകുത്തുകയാണ്. അന്താരാഷ്ട്ര വാണിജ്യ പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും പൂര്‍ണ നിയന്ത്രണവും കൈക്കലാക്കാന്‍ അമേരിക്കയും ഇറാനും തമ്മില്‍ നടത്തുന്ന പ്രതികാര നടപടികള്‍ പശ്ചിമേഷ്യന്‍ മേഖലയെ കലുഷിതമാക്കിയിരിക്കുന്നു. ഇറാന്റെ കപ്പലുകള്‍ക്ക് നേരെയും കരയിലുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും അമേരിക്ക വ്യോമാക്രമണം കടുപ്പിച്ചതോടെ മേഖലയിലെ ഗള്‍ഫ് രാജ്യങ്ങളും വന്‍ ഭീതിയിലായിരിക്കുകയാണ്.

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്ത് യുഎസ് 


അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ യുദ്ധവിമാനങ്ങളും അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ച് ഇറാന്റെ നൂറ്റിനാല്‍പ്പതോളം കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സേന കനത്ത ബോംബാക്രമണം നടത്തിയത്. ഇറാന്റെ മിസൈല്‍ അസംബ്ലി യൂണിറ്റുകള്‍, ഡ്രോണ്‍ താവളങ്ങള്‍, തീരദേശ റഡാറുകള്‍ എന്നിവയ്ക്കൊപ്പം ബന്ദര്‍ അബ്ബാസിലെ അന്തര്‍വാഹിനി അറ്റകുറ്റപ്പണി കേന്ദ്രവും അമേരിക്ക പൂര്‍ണമായി തകര്‍ത്തു. ജാസ്‌ക്, സിരിക്, മര്‍ക്കസി പ്രവിശ്യ എന്നിവിടങ്ങളില്‍ ഉണ്ടായ വന്‍ സ്‌ഫോടനങ്ങളില്‍ ഇറാന്റെ വൈദ്യുതി വിതരണ ശൃംഖല പൂര്‍ണമായും തകരാറിലായിട്ടുണ്ട്.

ഇറാന്റെ നാവികസേനയുടെ ഭൂരിഭാഗം കപ്പലുകളും നൂറുകണക്കിന് യുദ്ധ വിമാനങ്ങളും നശിപ്പിച്ചുവെന്നും ഇറാന്റെ സൈനിക പ്രതിരോധ ശേഷി എണ്‍പത് ശതമാനത്തിലധികം ഇല്ലാതാക്കിയെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. നിരന്തരമായ ഈ സൈനിക നീക്കങ്ങളിലൂടെ ഇറാന്റെ ആക്രമണ ശേഷിയെ അമേരിക്കന്‍ സേന പതിറ്റാണ്ടുകള്‍ പിന്നിലേക്ക് തള്ളിയതായും ട്രംപ് അവകാശപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കവും 20 ശതമാനം ചുങ്കവും

ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ അധികാരം തങ്ങള്‍ക്കാണെന്ന ഇറാന്റെ അവകാശ വാദം അമേരിക്ക തള്ളി. താല്‍കാലികമായി ഉണ്ടാക്കിയ നയതന്ത്ര കരാറുകള്‍ ലംഘിച്ച് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതാണ് വ്യോമാക്രമണത്തിന് കാരണമായതെന്ന് അമേരിക്ക വ്യക്തമാക്കുന്നു.

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ചരക്ക് നീക്കത്തിന്റെ ഇരുപത് ശതമാനം തുക അമേരിക്കയ്ക്ക് ചുങ്കമായി നല്‍കണമെന്നാണ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. മേഖലയുടെ സുരക്ഷയ്ക്കായി അമേരിക്ക ചെലവാക്കുന്ന തുക ഗള്‍ഫ് രാജ്യങ്ങള്‍ പങ്കിടണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര നാവിക സംഘടനയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഈ നികുതി നിര്‍ദേശത്തെ പിന്തുണച്ചില്ല. എന്നാല്‍ കടലിടുക്കിന്റെ സംരക്ഷണം ഇറാന്‍ തന്നെ തുടരുമെന്നും അമേരിക്കയ്ക്ക് കപ്പം നല്‍കില്ലെന്നും ഇറാന്‍ തറപ്പിച്ച് പറയുന്നു.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് പടരുന്ന പ്രത്യാക്രമണം

അമേരിക്ക നടത്തിയത് ഐക്യരാഷ്ട്രസഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അമേരിക്കന്‍ സേനയ്ക്ക് താവളങ്ങളോ പിന്തുണയോ നല്‍കുന്ന ഏത് രാജ്യത്തിനും നേരെ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകുകയും വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു.

സമാധാനം പുനസ്ഥാപിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂര്‍ണമായി തടഞ്ഞിരിക്കുകയാണെന്ന് ഇറാന്റെ പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി അറിയിച്ചു. പ്രത്യേക പെര്‍മിറ്റുള്ള കപ്പലുകള്‍ക്ക് മാത്രമേ ഇനി യാത്ര അനുവദിക്കൂ. അന്താരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധിക്കാനുള്ള അവകാശം മാത്രമാണ് തങ്ങള്‍ വിനിയോഗിക്കുന്നതെന്നും ആണവ നിലയങ്ങളില്‍ ഐഎഇഎ പരിശോധന അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

ആഗോള സാമ്പത്തിക മേഖലയിലെ ആഘാതം

അമേരിക്ക-ഇറാന്‍ പോരാട്ടം രൂക്ഷമായതോടെ ആഗോള എണ്ണ വിപണിയില്‍ വന്‍ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില എട്ട് ശതമാനത്തോളം വര്‍ധിച്ച് ബാരലിന് 82 ഡോളറിന് മുകളിലെത്തി. ഹോര്‍മുസ് കടലിടുക്ക് ദീര്‍ഘനാള്‍ അടഞ്ഞുകിടന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ രൂക്ഷമായ ഇന്ധനക്ഷാമവും വിലക്കയറ്റവും ഉണ്ടാകും.

രണ്ട് രാജ്യങ്ങളും ഉടനടി യുദ്ധത്തില്‍ നിന്ന് പിന്മാറി നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടെറസ് അഭ്യര്‍ഥിച്ചു. ഈ സംഘര്‍ഷം പൂര്‍ണ തോതിലുള്ള യുദ്ധമായി മാറിയാല്‍ അത് ആഗോള സമ്പദ്വ്യവസ്ഥയെ പൂര്‍ണമായി തകര്‍ത്തുകളയുമെന്ന് അദ്ദേഹം താക്കീത് നല്‍കുന്നു.

അമേരിക്കയുടെ കടന്നാക്രമണങ്ങളും ഇറാന്റെ പ്രത്യാക്രമണങ്ങളും പശ്ചിമേഷ്യയെ വന്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ലോകത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്ന തന്ത്രപ്രധാന നാവിക പാതകള്‍ നിശ്ചലമാകുന്നത് ആഗോള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും. സൈനിക ബലപ്രയോഗത്തിലൂടെയോ പ്രകോപനപരമായ ഉപരോധങ്ങളിലൂടെയോ പരിഹരിക്കാന്‍ കഴിയുന്നതല്ല നിലവിലെ സംഘര്‍ഷങ്ങള്‍. അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെട്ട് ഇരുരാജ്യങ്ങളെയും ചര്‍ച്ചാമേശയിലെത്തിച്ചില്ലെങ്കില്‍ ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് സമാനതകളില്ലാത്ത വലിയൊരു സാമ്പത്തിക-മാനവിക ദുരന്തത്തിനായിരിക്കും.

English Summary

Escalating military tensions in the Middle East have triggered widespread concern for global economic stability as the United States launched strikes targeting approximately 140 Iranian military sites, naval assets, and infrastructure in response to attacks on commercial shipping. While U.S. President Donald Trump asserted control over the strategic Strait of Hormuz and proposed a 20% cargo security fee, Iran rejected these claims, declared the waterway closed, and retaliated against several neighboring Gulf nations. With critical maritime transit disrupted, Brent crude prices surged by nearly 8%, prompting UN Secretary-General António Guterres to urge an immediate end to hostilities and a return to diplomatic negotiations to avert a catastrophic global energy and economic crisis.

vachakam
vachakam
vachakam

ജിജി ജേക്കബ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam