വാഴപ്പഴം കൊടുത്താല്‍ ക്രൂഡ് ഓയില്‍ കിട്ടുമോ!

FEBRUARY 21, 2024, 7:16 AM

ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതിയില്‍ വന്‍ ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ്. അതായത് ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും 35 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഉക്രെയിന്‍ അധിനിവേശത്തിന് പിന്നാലെ വലിയ തോതിലുള്ള കിഴിവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായി മാറിയത്. 2022 ജനുവരിയില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നാമമാത്രമായിരുന്നെങ്കില്‍ 2023 ജനുവരിയില്‍ ഇത് എക്കാലത്തേയും ഉയര്‍ന്ന നിരക്കായ പ്രതിദിനം 1.27 ദശലക്ഷം ബാരല്‍ എന്നതിലേക്ക് എത്തി. ഇതോടെ പരമ്പരാഗത ഇറക്കുമതിക്കാരായ ഇറാഖ്, സൗദി അറേബ്യ എന്നിവരെ മറികടന്ന് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയായി മാറി. ജൂലൈയില്‍ പ്രതിമാസം 1.99 ദശലക്ഷം ബാരലായിരുന്നു റഷ്യയില്‍ നിന്നും ഇറക്കുമതി.

ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 30 ശതമാനമാണ് റഷ്യയുടെ വിഹിതം. എന്നാല്‍ പതിയെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ കുറവുണ്ടാകുകയായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം കൂടുതല്‍ ശക്തിപ്പെടുത്തിയതാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ ബാധിച്ചത്. ബാരലിന് 60 ഡോളര്‍ എന്ന പരിധി മറികടക്കുന്ന കയറ്റുമതികള്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ള കാര്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ചിലവ് വര്‍ധിച്ചു. ഇതോടെയാണ് ഇന്ത്യന്‍ റിഫൈനറിമാര്‍ പതിയെ റഷ്യയില്‍ നിന്നും പിന്‍വലിയാന്‍ തുടങ്ങിയത്.

റഷ്യയും സാമ്പത്തിക ഉപരോധത്തിന് കീഴിലായതിനാല്‍, 2022-ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യാപാര പേയ്മെന്റുകള്‍ രൂപയില്‍ തീര്‍പ്പാക്കാന്‍ അനുവദിക്കുന്ന ഒരു സംവിധാനം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇടപാടുകളുടെയും വിനിമയ നിരക്കിന്റെയും അപകട സാധ്യതകള്‍ കാരണം ഈ ചട്ടക്കൂടിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിക്രൂട്ട് ചെയ്യുന്നത്. ഇതോടെ റഷ്യയുടെ ക്രൂഡിന് ഇന്ത്യ ഡോളറിന് പുറമെ യുഎഇ ദിര്‍ഹത്തിലും പേയ്‌മെന്റും നല്‍കി.

കറന്‍സികള്‍ക്ക് പുറമെ മറ്റ് വസ്തുക്കളിലെ വ്യാപാരത്തിലൂടേയും ഇന്ത്യ പേയ്‌മെന്റ് നടത്തിയിട്ടുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ മാസത്തെ പേയ്മെന്റിന്റെ ഒരു ഭാഗം വാഴപ്പഴത്തിലെ വ്യാപാരത്തിലൂടെയാണ് ഇന്ത്യ നല്‍കിയതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നാണ് റഷ്യ ഏറ്റവും കൂടുതല്‍ വാഴപ്പഴം ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയില്‍ ഒരു ഭാഗം കയറ്റുമതി ചെയ്യുന്ന വാഴപ്പഴത്തിന്റെ വിലയില്‍ നിന്നും ഈടാക്കുകയാണ് ചെയ്യുന്നത്. ഇതിന് കമ്പനികള്‍ തമ്മില്‍ പ്രത്യേക ധാരണയും ഉണ്ടാകും.

അതായത് റഷ്യന്‍ കമ്പനികള്‍ വാഴപ്പഴ ഇറക്കുമതിക്ക് ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കേണ്ട തുക ഇങ്ങോട്ട് കൈമാറാതെ അവിടുത്തെ ഓയില്‍ കമ്പനികള്‍ക്ക് നല്‍കും. ഇന്ത്യയിലെ ഓയില്‍ റിഫൈനറിമാര്‍ ഇതിന് തുല്യമായ തുക ഇവിടെ ഓയില്‍ കമ്പനികള്‍ക്കും കൈമാറും. സമാനമായ രീതിയില്‍ മറ്റ് രീതിയിലുള്ള ഇറക്കുമതികളും ഇടപാട് നടത്താന്‍ ധാരണയുണ്ടെന്നാണ് വിവരം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam