കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയം ഉണ്ടായി ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തില്‍ നിന്ന് രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി. മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ കബീര്‍ മഹാര്‍ജന്‍ (45), ഫോര്‍മാന്‍ സഞ്ജയ് ഷാ (30) എന്നിവരാണ് പ്രളയ ദുരന്ത മുഖത്തുനിന്ന് അതിജീവനത്തിന്റെ വലിയ സന്ദേശവുമായി തിരികെ എത്തിയത്. വിവിധ പ്രദേശങ്ങളിലെ 12 ജലവൈദ്യുതി പദ്ധതികളില്‍ നിന്നായി 900 തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും, ഇതില്‍ അഞ്ഞൂറോളം പേര്‍ ഇപ്പോഴും തുരങ്കങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
തുരങ്കത്തില്‍ 170 മീറ്റര്‍ ഉള്ളില്‍ നിന്ന് കേട്ട ശബ്ദമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് നിര്‍ണായക വഴിത്തിരിവായത്. സംസാരിക്കാന്‍ കഴിയാത്തത്രയും ഗുരുതരാവസ്ഥയിലായിരുന്ന സഞ്ജയ് ഷായെ ഉടന്‍തന്നെ തലസ്ഥാനമായ കഠ്മണ്ഡുവിന് വടക്കുപടിഞ്ഞാറുള്ള ബട്ടാറിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. രക്ഷപ്പെടുത്തുമ്പോള്‍ ബോധമുണ്ടായിരുന്ന കബീര്‍ മഹാര്‍ജനെ കഠ്മണ്ഡുവിലെ മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ചികിത്സ ഉറപ്പാക്കി.
മിന്നല്‍ പ്രളയത്തില്‍പ്പെട്ട് നേപ്പാളില്‍ ഇതുവരെ 1,259 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രദേശത്തുനിന്ന് അയ്യായിരത്തിലധികം ആളുകളെ കാണാതായിട്ടുമുണ്ട്. അയല്‍രാജ്യമായ ടിബറ്റിലും പ്രളയം വന്‍ ആഘാതമാണ് ഉണ്ടാക്കിയത്. ടിബറ്റില്‍ 21 പേര്‍ മരിക്കുകയും 541 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. തുരങ്കത്തിനുള്ളില്‍ ഇനിയും കൂടുതല്‍ തൊഴിലാളികള്‍ ജീവനോടെയുണ്ടാകാമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമായി തുടരുമെന്നും നേപ്പാള്‍ വാര്‍ത്താവിനിമയ മന്ത്രി ബിക്രം തിമില്‍സിന വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
