കമ്പാല: വടക്കുപടിഞ്ഞാറന്‍ ഉഗാണ്ടയിലെ ദേശീയോദ്യാനത്തില്‍ ആനയുമായി മിനിബസ് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ മുര്‍ച്ചിസണ്‍ വെള്ളച്ചാട്ടം ദേശീയോദ്യാനത്തിലെ കരുമ-പക്വാച്ച് റോഡിലായിരുന്നു സംഭവം.
ഉഗാണ്ട റവന്യൂ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട ഹയേസ് മിനിബസാണ് അപകടത്തില്‍പ്പെട്ടത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അരുവ നഗരത്തില്‍ നിന്നും തലസ്ഥാനമായ കമ്പാലയിലേക്ക് വരികയായിരുന്നു ഇവര്‍. റോഡ് മുറിച്ചുകടക്കുകയായിരുന്ന ആനയെ മിനിബസ് ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയുമായിരുന്നുവെന്ന് ട്രാഫിക് പൊലീസ് വക്താവ് മൈക്കല്‍ കനാനുര അറിയിച്ചു.
മൂന്ന് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള നാല് പേരെ ആദ്യം കിര്യാന്‍ഡോംഗോ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കമ്പാലയിലെ ആശുപത്രിയിലേക്കും മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങള്‍ അനാക ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് ഉഗാണ്ടന്‍ വന്യജീവി അതോറിറ്റി അന്വേഷണം ആരംഭിച്ചു. എന്നാല്‍ അപകടത്തില്‍പ്പെട്ട ആനയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സംരക്ഷിത വന്യജീവി മേഖലകളില്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യാ കടന്നുകയറ്റവും അടിസ്ഥാന സൗകര്യ വികസനവും സമീപ വര്‍ഷങ്ങളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ദേശീയ പാര്‍ക്കുകളിലൂടെയും വന്യജീവി സംരക്ഷിത പ്രദേശങ്ങളിലൂടെയും വാഹനമോടിക്കുമ്പോള്‍, പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍ അതീവ ജാഗ്രത പാലിക്കണം. വന്യമൃഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും റോഡ് മുറിച്ചുകടക്കാന്‍ സാധ്യതയുള്ളതിനാല്‍ വേഗത പരിധി കര്‍ശനമായി പാലിക്കണമെന്ന് ഉഗാണ്ട പൊലീസ് വ്യക്തമാക്കി.
മുര്‍ച്ചിസണ്‍ വെള്ളച്ചാട്ടം ദേശീയോദ്യാനത്തിനുള്ളിലെ അമിതവേഗത കാരണം പ്രതിദിനം ശരാശരി മൂന്ന് വന്യമൃഗങ്ങളെങ്കിലും വാഹനമിടിച്ച് മരണപ്പെടുന്നുണ്ടെന്നാണ് 2024 ലെ യുഡബ്ല്യുഎ കണക്കുകള്‍ വ്യക്തമാക്കുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരം വാഹനാപകടങ്ങള്‍ പതിവായി മാറുകയാണ്. സമാനമായ വന്യജീവി അപകടങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളിലും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയില്‍ പാസഞ്ചര്‍ ട്രെയിന്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി ഏഴ് ആനകള്‍ ചരിഞ്ഞ സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
