കാഠ്മണ്ഡു: നേപ്പാളിലെ ചൈന (ടിബറ്റ്) അതിര്‍ത്തിക്കടുത്തുള്ള രസുവ ജില്ലയിലുണ്ടായ അതിതീവ്ര മിന്നല്‍പ്രളയത്തില്‍ വന്‍ നാശനഷ്ടവും ജീവഹാനിയും. ബുധനാഴ്ച രാവിലെ ഒന്‍പതോടെ ഭോട്ടെ കോശി നദിയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയര്‍ന്നതാണ് ദുരന്തത്തിന് കാരണമായത്. പ്രളയത്തില്‍ തിമുരെ സ്യാബ്രുബെസി എന്നീ അതിര്‍ത്തി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായി ഒലിച്ചുപോയി. കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ ഏഴു പേര്‍ മരണപ്പെടുകയും 40-ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതാവുകയും ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഗ്രാമങ്ങളെയും അടിസ്ഥാന സൗകര്യ പദ്ധതികളെയും സാക്ഷിയാക്കി കുതിച്ചെത്തുന്ന ഭയാനകമായ പ്രളയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ പ്രധാന പാലങ്ങളും റോഡുകളും തകര്‍ന്നതോടെ വാര്‍ത്താവിനിമയ-വൈദ്യുതി ബന്ധങ്ങള്‍ പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടു. കസ്റ്റംസ് ഓഫീസിന്റെ പരിസരത്ത് സൂക്ഷിച്ചിരുന്ന നിരവധി വാഹനങ്ങളും ചരക്കുകളും നദിയിലെ കുത്തൊഴുക്കില്‍ ഒലിച്ചുപോയതായി രസുവ ചീഫ് കസ്റ്റംസ് ഓഫീസര്‍ രാജേന്ദ്ര ദുങ്കാന സ്ഥിരീകരിച്ചു.
ദുരന്ത ഭൂമിയില്‍ നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 12 പേരെ സൈന്യം സാഹസികമായി രക്ഷപ്പെടുത്തി. മേഖലയില്‍ ഇനിയും ജീവഹാനിയും നാശനഷ്ടങ്ങളും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
തുടര്‍പ്രളയ സാധ്യത കണക്കിലെടുത്ത് ഭോട്ടെ കോശി നദിക്കരയില്‍ താമസിക്കുന്നവര്‍ ഉടനടി ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രസുവയ്ക്ക് പുറമെ നുവാകോട്ട്, ധാഡിങ്, ചിത്വാന്‍, ഗോര്‍ഖ എന്നീ ജില്ലകളിലെ നദീതീരങ്ങളില്‍ ഉള്ളവരും തീവ്ര ജാഗ്രത പാലിക്കണമെന്ന് നേപ്പാള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
