ബെയ്ജിങ്: ഇന്ത്യയും ചൈനയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അതിര്‍ത്തിത്തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നിര്‍ണായക നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രിയും പ്രത്യേക പ്രതിനിധിയുമായ വാംഗ്‌യിയും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ബെയ്ജിങ്ങില്‍ നടക്കുകയാണ്.
3488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സമാധാനവും ശാന്തതയും പുനസ്ഥാപിക്കുക, അതിര്‍ത്തിയിലെ സൈനിക സാന്നിധ്യം ലഘൂകരിക്കുക എന്നിവയാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. 2003 ല്‍ ഇരുരാജ്യങ്ങളും രൂപീകരിച്ച പ്രത്യേക പ്രതിനിധിതല സംവിധാനത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി പുരോഗമിക്കുന്നത്.
അരുണാചല്‍ പ്രദേശിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന നയതന്ത്ര അസ്വസ്ഥതകളുടെ പശ്ചാത്തലത്തിലാണ് ചര്‍ച്ച നടക്കുന്നത് എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മേഖലയിലെ സ്ഥലങ്ങള്‍ക്ക് ചൈന സ്വന്തം പേര് നല്‍കുന്നതിനെതിരെ ഇന്ത്യ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന വ്യക്തമായ നിലപാട് ചര്‍ച്ചയില്‍ ഇന്ത്യ വീണ്ടും ആവര്‍ത്തിക്കും. കൂടാതെ, ബെയ്ജിങ് സന്ദര്‍ശനത്തിന്റെ ഭാഗമായി അജിത് ഡോവല്‍ ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അടുത്ത മാസം ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഈ സുപ്രധാന കൂടിക്കാഴ്ച. 2020 ലെ ഗാല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിടവ് വീണിരുന്നു. വരാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കുകയും നയതന്ത്ര ബന്ധം ഘട്ടംഘട്ടമായി സാധാരണ നിലയിലാക്കുകയുമാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. അതിര്‍ത്തിയിലെ സമാധാന അന്തരീക്ഷം ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതിക്ക് അത്യാവശ്യമാണെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
