അമേരിക്കയില്‍ കേന്ദ്ര ബാങ്കിന്റെ തലപ്പത്തേക്ക് കെവിന്‍ വാര്‍ഷിനെ നാമനിര്‍ദേശം ചെയ്തിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായാണ് നിയമനം. ഫെഡറല്‍ റിസര്‍വ് സിസ്റ്റത്തിന്റെ ഗവര്‍ണേഴ്സ് ബോര്‍ഡിന്റെ ചെയര്‍മാനായി കെവിന്‍ വാര്‍ഷിനെ നാമനിര്‍ദേശം ചെയ്യപ്പെട്ടുവെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തി.
'എനിക്ക് കെവിനെ വളരെക്കാലമായി അറിയാം, അദ്ദേഹം മികച്ച ഫെഡ് ചെയര്‍മാന്മാരില്‍ ഒരാളായി ചരിത്രത്തില്‍ ഇടം നേടുമെന്നതില്‍ എനിക്ക് സംശയമില്ല, ഒരുപക്ഷേ ഏറ്റവും മികച്ചവനായിരിക്കും. നിങ്ങളെ ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്തില്ല. അഭിനന്ദനങ്ങള്‍ കെവിന്‍' - എന്ന് എന്ന് ട്രംപ് പറഞ്ഞു.
നാമനിര്‍ദേശം ചെയ്തതിന് പിന്നാലെ പലിശ നിരക്കുകള്‍ മുതല്‍ അത് എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതുവരെ എല്ലാ കാര്യങ്ങളിലും കെവിന്‍ വാര്‍ഷ് ഫെഡിനെ വിമര്‍ശിച്ചു.
മെയില്‍ നിലവിലെ ചെയര്‍മാനായ ജെറോം പവല്‍ സ്ഥാനമൊഴിയുന്ന മുറയ്ക്ക് കെവിന്‍ വാര്‍ഷ് ഈ സ്ഥാനത്ത് നിയമിതനാകും. നിലവിലെ ചെയര്‍മാന്‍ ജെറോം പവല്‍ പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നാമനിര്‍ദേശം വരുന്നത്. ട്രംപ് പവലിനെ ബുദ്ധിശൂന്യന്‍ എന്ന് വിമര്‍ശിച്ചിരുന്നു. പലിശനിരക്ക് തീരുമാനത്തിന് ശേഷം തന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം
സ്വര്‍ണ വില അഭൂതപൂര്‍വമായ വര്‍ധനവിനാണ് സാക്ഷ്യം വഹിക്കുന്നത്. ജനുവരി 29 ന് ഒരു പവന്‍ സ്വര്‍ണത്തിന് 131160 രൂപയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ചിത്രം മാറുകയായിരുന്നു. കയറിയ പോലെ വില താഴാന്‍ തുടങ്ങി. മൂന്ന് ദിവസത്തിനിടെ 13400 രൂപ കുറഞ്ഞു. എന്താണ് വിപണിയില്‍ സംഭവിക്കുന്നത് എന്ന് പലരും ചോദിക്കാന്‍ തുടങ്ങി.
കെവിന്‍ വാര്‍ഷ് എന്ന വ്യക്തിയിലേക്കാണ് സ്വര്‍ണവിലയിലെ ഇടിവിനെ ആഗോള മാധ്യമങ്ങള്‍ വിരല്‍ ചൂണ്ടിയത്. ജനുവരി 31ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 117760 രൂപയായി കുറഞ്ഞിരിക്കുന്നു. ഇനിയും കുറയാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന മെയ് മാസത്തോടെ വലിയ തോതില്‍ കുറഞ്ഞേക്കുമെന്നും പറയപ്പെടുന്നു. ഇതിനെല്ലാം കാരണം കെവിന്‍ വാര്‍ഷ് ആണ്.
സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തകര്‍ച്ചയാണ്. മാത്രമല്ല, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതും ഒരു കാരണമാണ്. നിലവിലെ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പലിശ നിരക്ക് കുറയ്ക്കുന്നതിന് എതിരാണ്. ഡൊണാള്‍ഡ് ട്രംപ് ആകട്ടെ പലിശ നിരക്ക് കുറയ്ക്കണം എന്ന അഭിപ്രായക്കാരനുമാണ്.
അടുത്ത ഫെഡ് ചെയര്‍മാനായി പലിശ നിരക്ക് കുറയ്ക്കുന്ന വ്യക്തിയെ ട്രംപ് നിര്‍ദേശിക്കും എന്നായിരുന്നു ഇതുവരെ കരുതിയത്. എന്നാല്‍ കെവിന്‍ വാര്‍ഷിനെയാണ് ട്രംപ് നിര്‍ദേശിച്ചത്. അദ്ദേഹം ഫെഡ് റിസര്‍വിന്റെ മുന്‍ ഗവര്‍ണര്‍ ആണ്. പലിശ നിരക്ക് ഉയര്‍ത്തണം, ഡോളര്‍ മൂല്യം വര്‍ധിപ്പിക്കണം തുടങ്ങിയ നിലപാടുള്ള വ്യക്തിയാണ്.
എന്താണ് മെയ് മാസത്തില്‍ സംഭവിക്കുക?
2008 ലെ സാമ്പത്തിക പ്രതിസന്ധി കാലത്ത് വിപണിയിലേക്ക് കൂടുതല്‍ പണം എത്തിക്കാന്‍ എല്ലാ യുഎസ് സാമ്പത്തിക വിദഗ്ധരും പലിശ നിരക്ക് കുറയ്ക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കെവിന്‍ വാര്‍ഷ് ഇതിനെ എതിര്‍ക്കുകയും പലിശ നിരക്ക് കൂട്ടുകയാണ് വേണ്ടത് എന്ന് വാദിക്കുകയും ചെയ്തു. കെവിന്‍ വാര്‍ഷ് മെയ് മാസത്തില്‍ ഫെഡ് ചെയര്‍മാന്‍ ആയി ചുമതലയേറ്റാല്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചേക്കും. ഇതോടെ സ്വര്‍ണവില കൂടുതല്‍ താഴുമെന്നാണ് പ്രതീക്ഷ.
പലിശ നിരക്ക് കൂട്ടിയാല്‍ ബാങ്ക്, ബോണ്ട് നിക്ഷേപ വരുമാനം എന്നിവ ഉയരും. കൂടുതല്‍ പേര്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടും. സ്വര്‍ണം വിറ്റ് നിക്ഷേപത്തിലേക്ക് കൂടുതല്‍ പേരെത്തും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്ന സാഹചര്യം വരും. ഇത് സ്വര്‍ണവില കുറയ്ക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല ഡോളര്‍ മൂല്യം ഉയര്‍ന്നാല്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് വലിയ ചെലവുള്ള കാര്യമാകും. ഇതും സ്വര്‍ണത്തിന് ആകര്‍ഷണം കുറയ്ക്കും. വില താഴാന്‍ ഈ രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.
ജനുവരി 30 ന് 7 ശതമാനം വിലയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. 1987ന് ശേഷം ആദ്യമായിട്ടാണ് ഒരു ദിവസം ഇത്രയും വില താഴുന്നത്. അന്ന് 5 ശതമാനം വിലയാണ് കുറഞ്ഞിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 5500 കടന്ന സ്വര്‍ണം ഇപ്പോഴുള്ളത് 4865 ഡോളറിലാണ്. ഡോളര്‍ സൂചിക അല്‍പ്പം മെച്ചപ്പെട്ട് 97.15 എന്ന നിരക്കിലേക്ക് എത്തിയത് ഇനിയും സ്വര്‍ണവില കുറയുമെന്നതിന്റെ സൂചനയായി വിലയിരുത്തുന്നു.
ഇഷ്ടം സാമ്പത്തിക ശാസ്ത്രവും ധനകാര്യവും
നിലവില്‍ ഹൂവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഷെപ്പേര്‍ഡ് ഫാമിലി ഡിസ്റ്റിംഗ്വിഷ്ഡ് വിസിറ്റിംഗ് ഫെലോയും സ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ ലക്ചററുമാണ് കെവിന്‍. സ്റ്റാന്‍ലി ഡ്രൂക്കന്‍മിലറുടെ ഡ്യൂകെയിന്‍ ഫാമിലി ഓഫീസ് എല്‍എല്‍സിയില്‍ പങ്കാളിയാണ്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എബി ബിരുദവും ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് ജെഡി ബിരുദവും നേടിയിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തിലും ധനകാര്യത്തിലും കെവിന്‍ വിപുലമായ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. യുണൈറ്റഡ് കിംഗ്ഡത്തിലെ മോണിറ്ററി പോളിസി നടപ്പാക്കുന്നതില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്ന ഒരു സ്വതന്ത്ര റിപ്പോര്‍ട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് കെവിന്‍ സമര്‍പ്പിച്ചിരുന്നു.
മുപ്പത്തിയഞ്ചാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ ഫെഡ് ഗവര്‍ണറായിരുന്ന കെവിന്‍ വാര്‍ഷ് 2006 മുതല്‍ 2011 വരെ ഫെഡറല്‍ റിസര്‍വ് സിസ്റ്റത്തിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സില്‍ അംഗമായിരുന്നു. ഗ്രൂപ്പ് ട്വന്റി (G-20) യില്‍ ഫെഡറല്‍ റിസര്‍വിന്റെ പ്രതിനിധിയായും, ഏഷ്യയിലെ വളര്‍ന്നുവരുന്നതും വികസിതവുമായ സമ്പദ്വ്യവസ്ഥകളിലെ ബോര്‍ഡിന്റെ പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍, ഉദ്യോഗസ്ഥര്‍, സാമ്പത്തിക പ്രകടനം എന്നിവ കൈകാര്യം ചെയ്യുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ഗവര്‍ണറായും കെവിന്‍ വാര്‍ഷ് സേവനമനുഷ്ഠിച്ചു. 2002 മുതല്‍ 2006 വരെ പ്രസിഡന്റിന്റെ സാമ്പത്തിക നയത്തിന്റെ പ്രത്യേക സഹായിയായും വൈറ്റ് ഹൗസ് നാഷണല്‍ എക്കണോമിക് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
