കോർപ്പസ് ക്രിസ്റ്റി (ടെക്‌സസ്): അമേരിക്കയിലെ യുവാൾഡെ റോബ് എലിമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പിനിടെ കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് വിചാരണ നേരിട്ട മുൻ പോലീസ് ഉദ്യോഗസ്ഥൻ അഡ്രിയാൻ ഗോൺസാലസിനെ (52) കോടതി വെറുതെ വിട്ടു. 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട 2022ലെ ദാരുണമായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആദ്യ വിചാരണയായിരുന്നു ഇത്.
ഇന്ന് ബുധനാഴ്ച ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ടെക്‌സസിലെ ജൂറി ഗോൺസാലസ് കുറ്റക്കാരനല്ലെന്ന് വിധിച്ചത്. കുട്ടികളെ അപകടത്തിലാക്കി (Child endangerment), ഉപേക്ഷിച്ചു കടന്നുകളഞ്ഞു തുടങ്ങി 29 കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്.
വെടിവെപ്പ് നടന്ന സമയത്ത് സ്‌കൂളിലെത്തിയ ആദ്യ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഗോൺസാലസ്. എന്നാൽ അക്രമിയെ തടയാൻ തക്ക സാഹചര്യം അവിടെ ഉണ്ടായിരുന്നില്ലെന്നും ആശയക്കുഴപ്പങ്ങൾക്കിടയിൽ അദ്ദേഹം പരമാവധി ശ്രമിച്ചെന്നുമാണ് അഭിഭാഷകർ വാദിച്ചത്.
കോടതി വിധി കേട്ട് കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. 'നീതി നിഷേധിക്കപ്പെട്ടു' എന്നും കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലെന്നും ഇരകളുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
2022 മെയ് മാസത്തിൽ നടന്ന വെടിവെപ്പിൽ അക്രമി സ്‌കൂളിനുള്ളിൽ കയറി 77 മിനിറ്റോളം അഴിഞ്ഞാടിയിട്ടും പുറത്ത് തടിച്ചുകൂടിയ 370ഓളം പോലീസ് ഉദ്യോഗസ്ഥർ അകത്തുകയറി അക്രമിയെ നേരിടാൻ വൈകിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഈ കേസിൽ ഇനി വിചാരണ നേരിടാനുള്ളത് മുൻ സ്‌കൂൾ പോലീസ് ചീഫ് പീറ്റ് അറെഡോണ്ടോ മാത്രമാണ്. ഗോൺസാലസിനെ വെറുതെ വിട്ട സാഹചര്യത്തിൽ അറെഡോണ്ടോയ്‌ക്കെതിരെയുള്ള കേസും ദുർബലമാകാൻ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധർ കരുതുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
