കഞ്ചാവ് ഉപയോഗിച്ചാല്‍ തോക്ക് വാങ്ങാന്‍ പാടില്ലെന്ന നിയമം ഭരണഘടനാ വിരുദ്ധം; ചരിത്രവിധിയുമായി യു.എസ് സുപ്രീം കോടതി

JUNE 18, 2026, 1:14 PM

വാഷിംഗ്ടണ്‍: കഞ്ചാവ് ഉപയോഗിക്കുന്നു എന്ന ഒറ്റ കാരണത്താല്‍ ഒരാള്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്ന് അമേരിക്കന്‍ സുപ്രീം കോടതി. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ തോക്ക് കൈവശം വെക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ഫെഡറല്‍ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് സുപ്രീം കോടതിയുടെ ഈ ഏകകണ്ഠമായ വിധി. പൗരന്മാര്‍ക്ക് ആയുധം കൈവശം വെക്കാന്‍ അനുമതി നല്‍കുന്ന ഭരണഘടനയുടെ രണ്ടാം ഭേദഗതിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് കോടതിയുടെ നടപടി.

1968 ലെ ഗണ്‍ കണ്‍ട്രോള്‍ ആക്ട് പ്രകാരം നിയമവിരുദ്ധമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ തോക്ക് കൈവശം വെക്കുന്നത് 15 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കടുത്ത കുറ്റമായിരുന്നു. ഈ നിയന്ത്രണത്തെയാണ് സുപ്രീം കോടതി ഇപ്പോള്‍ തള്ളിക്കളഞ്ഞത്.

ടെക്‌സാസ് സ്വദേശിയായ അലി ഹേമാനി എന്നയാളുടെ കേസ് പരിഗണിച്ചാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. ഇറാന്റെ പാരാമിലിട്ടറി വിഭാഗവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 2022 ല്‍ എഫ്.ബി.ഐ ഹേമാനിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഈ സമയത്ത് അവിടെനിന്ന് ഒരു പിസ്റ്റളും കഞ്ചാവും കണ്ടെടുത്തു. താന്‍ ആഴ്ചയില്‍ ചില ദിവസങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് ഹേമാനി സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ തോക്ക് കൈവശം വെച്ചതിന് ഫെഡറല്‍ നിയമപ്രകാരം കേസെടുത്തു. എന്നാല്‍, ഹേമാനി ഈ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു.

ജസ്റ്റിസ് നീല്‍ ഗോര്‍സുച്ച് എഴുതിയ വിധിന്യായത്തില്‍, ആഴ്ചയില്‍ ചില ദിവസങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്ന ഒരാളെ അപകടകാരിയായി ചിത്രീകരിച്ച് ജീവപര്യന്തം ആയുധം വെക്കാനുള്ള അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു വിധിയില്‍ വ്യക്തമാക്കിയത്.

'കഞ്ചാവ് ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ കടുത്ത അപകടകാരികളാണെന്ന് കാറ്റഗറി തിരിച്ച് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.' - ജസ്റ്റിസ് നീല്‍ ഗോര്‍സുച്ച് വ്യക്തമാക്കി.

അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ടെന്നതും ട്രംപ് ഭരണകൂടം തന്നെ ഇതിന്റെ തീവ്രത കുറഞ്ഞ മരുന്നുകളുടെ വിഭാഗത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി. ജോണ്‍ ആഡംസ്, തോമസ് ജെഫേഴ്‌സണ്‍ തുടങ്ങിയ അമേരിക്കയുടെ സ്ഥാപക നേതാക്കളുടെ മദ്യപാന ശീലങ്ങളെ ഓര്‍മ്മിപ്പിച്ച കോടതി, പതിവായി മദ്യപിക്കുന്നവരെല്ലാം തോക്ക് ഉപയോഗിക്കാന്‍ യോഗ്യരല്ലെന്ന് അന്നത്തെ നിയമങ്ങള്‍ അര്‍ത്ഥമാക്കിയിരുന്നില്ലെന്നും നിരീക്ഷിച്ചു.

അതേസമയം, ഇതൊരു പരിമിതമായ വിധി മാത്രമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത ലഹരിക്ക് അടിമപ്പെട്ടവര്‍, നിലവില്‍ ലഹരി ഉപയോഗിച്ച അവസ്ഥയിലുള്ളവര്‍ അല്ലെങ്കില്‍ കുറ്റവാളികള്‍ എന്നിവര്‍ക്ക് തോക്ക് നല്‍കുന്നതിനെ വിലക്കുന്ന നിയമങ്ങളെ ഈ വിധി ബാധിക്കില്ല.

മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ മുന്‍പ് ഇതേ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന് പിതാവ് മാപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും തോക്ക് ഉപയോഗത്തെ അനുകൂലിക്കുന്ന സംഘടനകളും വിധിയെ സ്വാഗതം ചെയ്തപ്പോള്‍, തോക്ക് നിയന്ത്രണത്തിനായി വാദിക്കുന്ന സംഘടനകള്‍ക്ക് ഇത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam